കൊച്ചി: അബൂദബിയിൽ ‘അമ്മ’ നടത്തുന്ന സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ലൈംഗികാതിക്രമമുണ്ടായാൽ പരിഗണിക്കാൻ പരാതി പരിഹാര കമ്മിറ്റി വേണമെന്ന ആവശ്യവുമായി വനിത സിനിമ പ്രവർത്തകരുടെ കൂട്ടായ്മ ഡബ്ല്യു.സി.സി ഹൈകോടതിയിൽ. ഷോയുമായി ബന്ധപ്പെട്ട റിഹേഴ്സലിലും യാത്രകളിലും പരിപാടിയിലുമെല്ലാം ലൈംഗികാതിക്രമത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. സമിതി നിലവിലുണ്ടെന്ന് അമ്മയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
താരസംഘടനയിൽ പീഡനപരാതികൾ പരിഗണിക്കാൻ സമിതിക്ക് രൂപംനൽകണമെന്ന ഡബ്ല്യു.സി.സിയുടെ ഹരജിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ, 2013ലെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള സമിതിയല്ല നിലവിലുള്ളതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള സ്വതന്ത്ര അംഗം സമിതിയിലില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ താരസംഘടനയും കേരള ഫിലിം ചേംബറും ഉൾെപ്പടെ എതിർകക്ഷികളോട് കോടതി നിർദേശിച്ചു. തുടർന്ന് മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ ഹരജികൾ മാറ്റി.
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ഡിസംബർ ഏഴിന് അബൂദബി ആംഡ് ഫോഴ്സസ് ഗ്രൗണ്ടിലാണ് ‘ഒന്നാണ് നമ്മൾ’ എന്ന പേരിൽ അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. അമ്മയിൽ അംഗങ്ങളായ 50-60 ആർട്ടിസ്റ്റുകൾ ഷോയിൽ പങ്കെടുക്കുന്നതായാണ് ഹരജിയിൽ പറയുന്നത്. സ്റ്റേജ് ഷോക്കുവേണ്ടി വനിത ആർട്ടിസ്റ്റുകൾക്ക് റിഹേഴ്സൽ കേന്ദ്രത്തിലും പിന്നീട് വിദേശത്തേക്കും പോകേണ്ടതുണ്ട്. വനിത ആർട്ടിസ്റ്റുകൾക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കേണ്ടത് അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ്. ഈ സാഹചര്യത്തിലാണ് നിയമപ്രകാരമുള്ള കമ്മിറ്റി ഉടൻ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഡബ്ല്യു.സി.സിക്കുവേണ്ടി പ്രസിഡൻറ് റീമ കല്ലിങ്കൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.