മുംബൈ: തുടർ ചികിത്സക്ക് പണമില്ലാത്തതിനാൽ ഹിന്ദി സീരീയൽ നടൻ അശീഷ് റോയ് ആശുപത്രി വിട്ടു. പക്ഷാഘാതം കാരണം ദിവസങ്ങൾക്ക് മുമ്പാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ രണ്ട് ലക്ഷത്തോളം രൂപം ചിലവഴിച്ച അശീഷ് റോയിക്ക് തുടർച്ചിലവ് വഹിക്കാൻ പണമില്ലാത്തതിനാലാണ് ആശുപത്രി വിടേണ്ടി വന്നത്. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സാ ചെലവിനുള്ള പണമാവശ്യപ്പെട്ട് താരം രംഗത്തെത്തിയിരുന്നു.
ഞാൻ ഇപ്പോൾ വീട്ടിലാണ്. തീർത്തും ക്ഷീണിതനായിരിക്കുകയാണ്. വീട്ടിൽ ഒരു സഹായിയുണ്ട്. അവരാണ് എന്നെയിപ്പോൾ പരിചരിക്കുന്നത്. വിമാനസേവനം പൂർണ്ണമായി പ്രവർത്തിക്കാത്തതിനാൽ എെൻറ സഹോദരിക്ക് ഇവിടേക്ക് വരാൻ സാധിക്കുന്നില്ല. - അശീഷ് റോയി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ആശുപത്രിയിൽ കൊടുക്കാൻ പണമില്ലാത്തതിനാൽ എനിക്ക് മെയ് 24ന് ഡിസ്ചാർജായി പുറത്തുപോകേണ്ടി വന്നു. ആകെ കയ്യിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപ ആശുപത്രിയിൽ രണ്ട് ദിവസങ്ങൾ കൊണ്ട് ചിലവായി. 11000 രൂപക്ക് കോവിഡ് പരിശോധനക്ക് മാത്രം ചിലവായി. ഒരു റൗണ്ട് ഡയാലിസിസിന് 90000 രൂപയാണ് നൽകേണ്ടി വന്നത്. ഡയാലിസിസ് ഇപ്പോഴും തുടരുന്നുണ്ട്. ഒാരോ തവണ ചെയ്യുന്നതിനും 2000 രൂപ നൽകണം. -അദ്ദേഹം പറഞ്ഞു.
ബോളിവുഡ് താരം സൽമാൻ ഖാനോട് താരം സഹായത്തിനായി അഭ്യർഥിച്ചിരുന്നു. എന്നാൽ, ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എെൻറ സന്ദേശം സൽമാൻ ഖാന് ലഭിച്ചെന്ന് പോലും ഉറപ്പില്ല. എങ്ങനെയെങ്കിലും സുഖം പ്രാപിച്ച് ജോലിയിൽ തിരികെ പ്രവേശിച്ചാൽ മതി. - താരം കൂട്ടിച്ചേർത്തു.
അശീഷ് റോയുടെ സുഹൃത്തും നടനുമായ സൂരജ് താപ്പറാണ് താരത്തിന് വേണ്ടി അൽപ്പമെങ്കിലും പണം സമാഹരിച്ചത്. തെൻറ ചികിത്സക്ക് വേണ്ടി ആകെയുണ്ടായിരുന്ന ഫ്ലാറ്റ് വിൽക്കാനൊരുങ്ങുകയായിരുന്നു അശീഷ് റോയിയെന്ന് സൂരജ് പറഞ്ഞു. ലോക്ഡൗൺ കാരണം അതിനും സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.