ഓസ്കറിന്‍െറ തിളക്കത്തില്‍ കണ്ടത്തില്‍വീട്

തിരുവനന്തപുരം: നാലാഞ്ചിറ കണ്ടത്തില്‍ വീട്ടില്‍ തിങ്കളാഴ്ച അതിഥികളുടെ പ്രവാഹമായിരുന്നു. മൊബൈല്‍ഫോണുകള്‍ക്കും വിശ്രമമുണ്ടായില്ല. അനുമോദനങ്ങള്‍ എസ്.എം.എസ് ആയും വാട്സ്ആപ്പിലൂടെയും എത്തിക്കൊണ്ടേയിരുന്നു. തങ്ങളുടെ സ്വന്തം സാജു ലോകത്തിന്‍െറ നെറുകയില്‍ എത്തിയതിന്‍െറ സന്തോഷം പറഞ്ഞറിയിക്കാന്‍ തങ്കമ്മ-സ്കറിയ ദമ്പതികള്‍ക്ക് വാക്കുകളില്ല. ‘ഇവിടെ എല്ലാവരും ആഹ്ളാദത്തിലാണ്. റസൂല്‍പൂക്കുട്ടിക്കുശേഷം ഓസ്കറിന്‍െറ തിളക്കം വീണ്ടും മലയാളക്കരയിലത്തെുന്നു. ഇതേറെ അഭിമാനകരമാണ്. സാജന്‍െറ മികവിനെ ലോകം അംഗീകരിച്ചതില്‍ സന്തോഷം. ഇനി അവന്‍െറ വരവിനായി കാത്തിരിക്കുന്നു’... തങ്കമ്മ പറഞ്ഞു. 

മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ ‘ഇന്‍സൈഡ് ഒൗട്ടിന്‍െറ’ കഥാപാത്രചിത്രീകരണം നടത്തിയത് നാലാഞ്ചിറ കണ്ടത്തില്‍ വീട്ടില്‍ സാജന്‍ സ്കറിയയാണ്. കോഴിക്കോട് ആര്‍.ഇ.സിയില്‍നിന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദം നേടിയ സാജന്‍ 1998ലാണ് അമേരിക്കയിലേക്ക് പോയത്. ടെക്സാസിലെ എ ആന്‍ഡ് എം യൂനിവേഴ്സിറ്റിയില്‍നിന്ന് അനിമേഷന്‍ പാസായി. തുടര്‍ന്ന് ഡിസ്നിപിക്സാര്‍ സ്റ്റുഡിയോയില്‍ ക്യാരക്ടര്‍ സൂപ്പര്‍വൈസറായി ജോലി നോക്കി. പിന്നെ ഹോളിവുഡിലേക്ക് ചേക്കേറി. ഏഴോളം ഹോളിവുഡ് ചിത്രങ്ങള്‍ക്ക് കഥാപാത്രചിത്രീകരണം നടത്തിയിട്ടുണ്ട് സാജന്‍. 
അവസാനമായി ചെയ്ത ‘ഇന്‍സൈഡ് ഒൗട്ടിന്‍െറ’ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് കഴിഞ്ഞപ്പോള്‍, ഓസ്കറിന് പരിഗണിക്കപ്പെടുമെന്ന് സാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായി അമ്മ തങ്കമ്മ പറയുന്നു. ‘ഓസ്കര്‍ നോമിനിഷേന്‍ ലഭിച്ചശേഷം അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി ലോസ് ആഞ്ജലസിലേക്ക് പോകുന്നതിനിടെ ഞായറാഴ്ച അവന്‍ വിളിച്ചിരുന്നു. വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. 

അതോടെ ഞങ്ങളുടെ പ്രതീക്ഷകളും ഉയര്‍ന്നു, ഒപ്പം പിരിമുറുക്കവും. പിന്നെ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പായി. ഒടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആഹ്ളാദകരമായ ആ വാര്‍ത്ത ലോകം ശ്രവിച്ചു. ഒപ്പം ഞങ്ങളും....’ -സാജന്‍െറ കുടുംബം പറയുന്നു. നാലാഞ്ചിറ സെന്‍റ് ഗൊരേറ്റി ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ് തങ്കമ്മ. പിതാവ് കെ. സ്കറിയ മാര്‍ ഇവാനിയോസ് കോളജ് റിട്ട. പ്രഫസറാണ്. കോട്ടയം കഞ്ഞിക്കുഴി സ്വദേശി മേരി ആനാണ് ഭാര്യ. എട്ടു വയസ്സുകാരി ഇഷയും നാല് വയസ്സുകാരന്‍ സാകുമാണ് മക്കള്‍. ചെന്നൈയില്‍ എന്‍ജിനീയറായി ജോലിനോക്കുന്ന അബു കെ. സ്കറിയ, ഡോക്ടര്‍ ജേക്കബ് കെ. സ്കറിയ എന്നിവര്‍ സഹോദരങ്ങളാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.