ബാലുശ്ശേരി: 'സുഡാനി ഫ്രം നൈജീരിയ'എന്ന ചലച്ചിത്രത്തിൽ ഉമ്മയായി അരങ്ങുതകർത്തതിെൻറ അഭിനന്ദനപ്രവാഹത്തിൽ നിൽക്കുേമ്പാഴും സരസ ബാലുശ്ശേരിയുടെ മനസ്സിൽ നാടകം തിളക്കുകയാണ്. അരനൂറ്റാണ്ടായി അമേച്വർ-പ്രഫഷനൽ നാടകരംഗത്ത് നിറഞ്ഞുനിന്ന ഇവർക്ക് പ്രായം 69 ആയെങ്കിലും അരങ്ങ് ലഹരിയാണ്. ബി. കൊമ്പിലാടിെൻറ നേതൃത്വത്തിൽ രൂപംകൊടുത്ത ശ്രീഗണേഷ് കലാസമിതിയുടെ 'ഹിന്ദുസ്ഥാൻ ഹമാരാഹെ'എന്ന നാടകത്തിൽ 18ാം വയസ്സിലാണ് ആദ്യമായി അഭിനയിക്കുന്നത്. സ്ത്രീകൾക്ക് നാടകാഭിനയം വിലക്കപ്പെട്ട കാലത്ത് ദാരിദ്ര്യമാണ് അവരെ അരങ്ങിലെത്തിച്ചത്.
പപ്പടക്കച്ചവടം ചെയ്തിരുന്ന അച്ഛനെയും നാല് ഇളയ സഹോദരങ്ങളെയും സാമ്പത്തികമായി സഹായിക്കണമെന്ന് മാത്രമായിരുന്നു ആഗ്രഹം. അങ്ങിനെ നാടകം ജീവിതോപാധിയാക്കി. കോഴിക്കോട് 'സ്റ്റേജ് ഇന്ത്യയിലെ'വിക്രമൻ നായരായിരുന്നു പ്രഫഷനൽ നാടകരംഗത്ത് ആദ്യം അഭിനയിപ്പിച്ചത്. പേരാമ്പ്രയിൽ കെ.ടി. മുഹമ്മദിെൻറ സാക്ഷാത്കാരം നാടകം കളിക്കുേമ്പാഴാണ് അച്ഛൻ മരിച്ചത്. നാടകശേഷം വീട്ടിലേക്ക് വന്നതും സംസ്കാരച്ചടങ്ങുകൾ പൂർത്തിയാകുംമുേമ്പ മറ്റൊരു അരങ്ങിലേക്ക് പോകേണ്ടിവന്നതും മറക്കാനാവില്ല. എല്ലുപൊട്ടിയ കൈയുമായി എറണാകുളത്തെ വേദിയിലും നാടകവേഷമിട്ടു.
ഇതെല്ലാം നാടകത്തെ നെഞ്ചേറ്റിയതുകൊണ്ടു മാത്രമായിരുന്നില്ല. നാടകം ഒരു കുടുംബത്തിെൻറ ജീവിതോപാധിയാണെന്ന ബോധ്യംകൊണ്ടു കൂടിയായിരുന്നെന്ന് സരസ തുറന്നു പറയുന്നു. ഇതിനിടെ സ്വന്തം കുടുംബ ജീവിതത്തെക്കുറിച്ച് ഒാർക്കാൻ നേരമുണ്ടായിരുന്നില്ല . സഹോദരങ്ങളോടൊപ്പം ബാലുശ്ശേരിയിലെ വീട്ടിലാണ് ഇപ്പോഴും ഇവരുടെ ജീവിതം.1992ലും 94ലും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന നാടക പുരസ്കാരം സരസയെ തേടിയെത്തി.
ഇബ്രാഹിം വേങ്ങരയുടെ 'ചിരന്തന'തിയറ്റേഴ്സിലും വടകര വരദ, വടകര സഭ, കോഴിക്കോട് സങ്കീർത്തന, കാവ്യകല, അങ്കമാലി അഞ്ജലി, ഗുരുവായൂർ ബന്ധുര തുടങ്ങിയ വിവിധ നാടകസമിതികളിലും വിവിധ വേഷങ്ങൾ ചെയ്തു. നെല്ലിക്കോട് ഭാസ്കരൻ, ബാലൻ കെ. നായർ എന്നിവരുടെ സംവിധാനത്തിലും അഭിനയിച്ചിട്ടുണ്ട്. പി. ചന്ദ്രകുമാറിെൻറ 'ഉയരും ഞാൻ നാടാകെ'എന്ന സിനിമയിൽ മോഹൻലാലിെൻറ അമ്മയായും വേഷമിട്ടു. ചില സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രഫഷനൽ നാടകരംഗത്തോട് 2012ൽ വിടപറഞ്ഞ സരസ ബാലുശ്ശേരിക്ക് പക്ഷേ, അമേച്വർ നാടകങ്ങളിൽ ഇനിയും അഭിനയിക്കണമെന്ന മോഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.