നിലയ്ക്കാത്ത പ്രതീക്ഷയുമായി ഗസ്സയുടെ പാട്ടുകാരൻ

തിരുവനന്തപുരം: പാരഡൈസ്​ നൗ, ഒമർ തുടങ്ങി സ്​തോഭജനകമായ രാഷ്ട്രീയസിനിമകൾ കൊണ്ട് പ്രേക്ഷകരെ വിസ്​മയിപ്പിച്ച സംവിധായകനാണ് ഹാനി അബു അസ്സദ്. സംഭവകഥയെ ആസ്​പദമാക്കി നിർമിച്ച ‘ദ ഐഡൽ’ എന്ന അസ്സദ് ചിത്രം മേളയിൽ ഏറെ ആസ്വാദന പ്രശംസ നേടി. അറബ് ഐഡൽ എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ഗസ്സ മുനമ്പിൽ ജനിച്ച യുവാവ് നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.  മുഹമ്മദ് അസ്സാഫ് എന്ന ഗായകെൻറ യഥാർഥ ജീവിതം ദൃശ്യവത്കരിക്കുകയാണ് സംവിധായകൻ. തൊണ്ണൂറുകളിലെ ഗസ്സയുടെ കാഴ്ചകളുമായാണ് സിനിമ ആരംഭിക്കുന്നത്. കുട്ടികളായ അസ്സാഫും സഹോദരി നൂറും കൂട്ടുകാരും ചേർന്ന് മ്യൂസിക് ബാൻഡ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഈജിപ്തിലെ ഓപ്പറ ഹൗസിൽ പാടുകയാണ് ലക്ഷ്യം.

ഗസ്സയെന്ന മരണമുനമ്പിൽനിന്ന് നോക്കുമ്പോൾ അവരുടെ ആഗ്രഹം അതിമോഹമാണ്. എന്നാൽ, ഇവർ പിന്മാറാൻ ഒരുക്കമല്ല. ആളുകൾ കൂടുന്നിടത്തും വിവാഹ ആഘോഷങ്ങളിലും അസ്സാഫ് തൊണ്ടപൊട്ടി പാടുന്നു. ഗസ്സ എത്ര ഇടുങ്ങിയതാണെന്ന് സിനിമയിലെ ഓരോ രംഗവും വെളിപ്പെടുത്തുന്നുണ്ട്. ഒരറ്റം മുതൽ മറ്റേ അറ്റംവരെ ഒറ്റയോട്ടത്തിൽ എത്താവുന്നത്ര ചുരുങ്ങിയ ഭൂവിടമാണിത്. 2012ലാണ് സിനിമയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. അപ്പോഴേക്കും കുട്ടികൾ വളർന്നു. നൂർ കിഡ്നി രോഗം ബാധിച്ച് മരിച്ചു.

അസ്സാഫിെൻറ ഓപ്പറ ഹൗസ്​ സ്വപ്നങ്ങൾ തീവ്രമായി തുടരുകയാണ്. ഗസ്സ ഇപ്പോഴൊരു പകുതിവെന്ത പക്ഷിയാണ്. 2008 ഡിസംബറിൽ ആരംഭിച്ച് 2009 ജനുവരി 18 വരെ തുടർന്ന ‘ഓപറേഷൻ കാസ്​റ്റ് ലീഡ്’ എന്ന ഇസ്രായേൽ ആക്രമണപദ്ധതി പ്രദേശത്തെ താറുമാറാക്കിയിട്ടുണ്ട്. എങ്കിലും അസ്സാഫ് പിന്മാറാൻ ഒരുക്കമല്ല. തെൻറ സ്വാതന്ത്ര്യ സ്വപ്നങ്ങൾക്കുവേണ്ടി പാടാൻ അവൻ എന്തും ചെയ്യാൻ തയാറാണ്. ദ ഐഡൽ തീർത്തും രാഷ്ട്രീയമുക്തമായ സിനിമയാണെന്ന് പറയുക സാധ്യമല്ല.
കാരണം രാഷ്ട്രീയമായി മാത്രം നിർവചിക്കാൻ കഴിയുന്നതാണ് ഗസ്സയുടെ പാട്ടും കലയും ചരിത്രവുമെല്ലാം.

ഹാനി അബു അസ്സെദെന്ന മികച്ച നിർമാണ വിദഗ്ധെൻറ ശിൽപചാതുരി സിനിമയിലുടനീളം കാണാം. ഗസ്സയുടെ സ്​പന്ദനമായ ഹമാസും അതിെൻറ രാഷ്ട്രീയവും സിനിമയിൽ നിഴൽവിരിക്കുന്നുണ്ട്. സംഗീതത്തെപ്പറ്റിയുള്ള പാരമ്പര്യ മതചിന്തകളെ വിമർശിക്കുകയും വിമോചനത്തിെൻറ പുതിയതലങ്ങളിലേക്ക് ഉയർത്തുകയും ചെയ്യുമ്പോൾ ചുളിയുന്ന നെറ്റികൾ അവഗണിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.