ഫെഫ്കക്കെതിരെ വിനയന്‍റെ പരാതി: സംവിധായകരുടെ ഹരജി ഹൈകോടതി തള്ളി

കൊച്ചി: സംവിധായകന്‍ വിനയന്‍ നല്‍കിയ പരാതിയില്‍ കോമ്പറ്റീഷന്‍ കമീഷന്‍െറ ശിക്ഷാ നടപടി തടയണമെന്ന് ആവശ്യപ്പെടുന്ന ഫെഫ്ക ഭാരവാഹികളായ പ്രമുഖ സംവിധായകരുടെ ഹരജി ഹൈകോടതി തള്ളി. മലയാള സിനിമയില്‍നിന്ന് തന്നെ വിലക്കിയതിനെതിരെ സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെ വിനയന്‍ കോമ്പറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കിയ പരാതിയിലെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകരായ ബി. ഉണ്ണികൃഷ്ണന്‍, കമല്‍, സിബി മലയില്‍, സിദ്ദീഖ് തുടങ്ങിയവര്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. പരാതി പരിഗണിച്ച കമീഷന്‍ പിഴ അടക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്ന് വ്യക്തമാക്കി ഹരജിക്കാര്‍ക്കും ഫെഫ്കക്കും നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് നോട്ടീസ് റദ്ദാക്കണമെന്നും ശിക്ഷാ നടപടികള്‍ തടയണമെന്നുമാവശ്യപ്പെട്ട് സംവിധായകര്‍ കോടതിയെ സമീപിച്ചത്.

ബി. ഉണ്ണികൃഷ്ണനടക്കമുള്ളവര്‍ സിനിമയില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു കോമ്പറ്റീഷന്‍ കമീഷന് വിനയന്‍ പരാതി നല്‍കിയത്. കമീഷന്‍ ഡയറക്ടര്‍ ജനറല്‍ മുഖേന 2014 ഫെബ്രുവരിയില്‍ അന്വേഷണം നടത്തി. ഇന്ത്യന്‍ കോമ്പറ്റീഷന്‍ ആക്ടിന്‍െറ ലംഘനമുണ്ടായെന്ന റിപ്പോര്‍ട്ടാണ് ഡയറക്ടര്‍ ജനറല്‍ നല്‍കിയത്. ഹരജിക്കാര്‍ക്കെതിരെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ഹരജിക്കാരോട് കമീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായില്ല. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടിയുമായി മുന്നോട്ടുപോകാന്‍ കമീഷന്‍ തീരുമാനിക്കുകയായിരുന്നു.

എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ അവസരം നല്‍കിയിട്ടും ഹാജരാകാത്തത് അന്വേഷണ റിപ്പോര്‍ട്ടിനെ എതിര്‍ക്കാത്തത് കൊണ്ടാകുമെന്ന് വിലയിരുത്തിയാണ് നടപടി തുടരാന്‍ തീരുമാനമുണ്ടായത്. വിനയനെ തൊഴില്‍ ചെയ്യുന്നതില്‍നിന്ന് തടയാനും വിലക്കാനുമായി ഫെഫ്ക, അമ്മ സംഘടന നേതാക്കള്‍ ശ്രമിച്ചിട്ടുണ്ടെന്ന കണ്ടത്തെല്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതും റിപ്പോര്‍ട്ടില്‍ വിശദീകരണം നല്‍കാന്‍ അവസരമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താത്തതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് ഹരജി ഹൈകോടതി തള്ളിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.