കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും നിർണായക വഴിത്തിരിവുകൾക്ക് വഴിയൊരുക്കി അന്വേഷണം കൂടുതൽ പേരിലേക്ക്. ബുധനാഴ്ചത്തെ മാരത്തൺ ചോദ്യം െചയ്യലിൽ നടൻ ദിലീപും സംവിധായകൻ നാദിർഷയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതിെൻറ ഭാഗമായി സിനിമക്കകത്തും പുറത്തുമുള്ള ചിലരെ കൂടി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിെൻറ നീക്കം. സംഭവത്തിലേക്ക് നയിച്ച മറ്റ് കാര്യങ്ങളും അന്വേഷണത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തും.
ദിലീപിനെ സംഭവവുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ചോദ്യം െചയ്യലിൽ ലഭിച്ചിരുന്നില്ല. എന്നാൽ, കേസിൽ കൂടുതൽ പങ്കാളിത്തമുള്ള ചിലരെക്കുറിച്ച വിവരങ്ങൾ ദിലീപ് വെളിപ്പെടുത്തിയിരുന്നു. ഇൗ ദിശയിലാകും തുടർന്നുള്ള അന്വേഷണം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച വിവരങ്ങൾ മുഖ്യപ്രതി പൾസർ സുനി പങ്കുവെച്ച സഹതടവുകാരൻ ജിൻസണിെൻറ രഹസ്യമൊഴി വെള്ളിയാഴ്ച മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയതും ഇതിെൻറ ഭാഗമാണ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചില തർക്കങ്ങളും സംഭവത്തിന് പിന്നിലുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇൗ സാഹചര്യത്തിൽ കേസിൽ ആരോപണ വിധേയരായ സിനിമാപ്രവർത്തകരുടെ കഴിഞ്ഞ പത്ത് വർഷത്തെ ഭൂമിയിടപാടുകൾ അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ, പൾസർ സുനിയുടെ സുഹൃത്തുക്കൾ അഡ്വ. ഫെനി ബാലകൃഷ്ണനോട് കേസിൽ ഒരു സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് സംസാരിച്ചിരുന്നതായും ഇതേക്കുറിച്ച് ഫെനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ദിലീപ് വെളിപ്പെടുത്തിയിരുന്നു. സോളാർ കേസിൽ സരിത എസ്. നായർക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഫെനി. പൾസർ സുനി കോടതിയിൽ കീഴടങ്ങാനാണ് സുഹൃത്തുക്കളായ മനോജ്, മഹേഷ് എന്നിവർ വഴി മാവേലിക്കരയിൽ വെച്ച് ഫെനിയുമായി ബന്ധപ്പെട്ടത്. മാവേലിക്കര കോടതിയിൽ കീഴടങ്ങാൻ ഫെനി നിർദേശിച്ചപ്പോൾ ‘മാഡ’ത്തോട് ആലോചിച്ച് തീരുമാനം അറിയിക്കാമെന്നായിരുന്നത്രെ മറുപടി. അന്വേഷണം ഇൗ ‘മാഡ’ത്തിലേക്കും നീളും. ഇതിെൻറ ഭാഗമായി ഫെനിയെ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ദിലീപും സുനിയും ഒരേ മൊബൈൽ ടവറിെൻറ പരിധിയിലുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. ഇക്കാര്യവും അന്വേഷണസംഘം വിശദമായി പരിശോധിക്കും. നടിയെ ആക്രമിക്കാനുള്ള ക്വേട്ടഷൻ നാല് വർഷം മുമ്പാണ് തനിക്ക് ലഭിച്ചതെന്ന് സുനി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാൻ പൊലീസ് ഇതിനകം ആറായിരത്തിലധികം ഫോൺ കാളുകൾ പരിശോധിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.