കൊച്ചി: സിനിമയിലെ വനിത കൂട്ടായ്മ വുമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി അഭിനേതാക്കളുടെ സംഘടന ‘അമ്മ’. പുറത്തുള്ളവരുടെ സഹായത്തോടെ സംഘടനയെ തകർക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ലെന്നും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി സിദ്ദീഖ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നടിമാരുടെ ആരോപണങ്ങൾ പൂർണമായും തള്ളിയ അദ്ദേഹം, സ്വയം രാജിവെച്ച് പുറത്തുപോയവരെ തിരിച്ചുവിളിക്കുന്ന പ്രശ്നമില്ലെന്നും വ്യക്തമാക്കി.
ദിലീപ് ഒക്ടോബർ പത്തിന് മോഹൻലാലിന് രാജിക്കത്ത് നൽകിയതായി സിദ്ദീഖ് വെളിപ്പെടുത്തി. തന്നെച്ചൊല്ലി വിവാദം വേണ്ടെന്ന് പറഞ്ഞാണ് കത്ത് നൽകിയത്. ഇത് അടുത്ത എക്സിക്യൂട്ടിവ് ചർച്ചചെയ്യും. അടിയന്തര ജനറൽബോഡി വിളിക്കേണ്ട സാഹചര്യമില്ല. ആക്രമിച്ച നടിയെ മുന്നിൽനിർത്തി ‘അമ്മ’യെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുകയാണ്. സംഘടന ഒറ്റക്കെട്ടായി നടിക്കൊപ്പമാണ്. എന്നാൽ, എപ്പോഴും അത് വിളിച്ചുപറഞ്ഞ് നടക്കാനാവില്ല. ഒന്നാംപ്രതി പൾസർ സുനിയാണ്. അയാൾക്കെതിരെ നടിമാർ ഒരക്ഷരം മിണ്ടുന്നില്ല. ദിലീപിനെ പുറത്താക്കുകയാണ് അവരുടെ ആവശ്യം.
ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. 200ഒാളം അംഗങ്ങൾ പെങ്കടുത്ത ജനറൽ ബോഡിയാണ് ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചത്. ഇൗ തീരുമാനം എക്സിക്യൂട്ടിവിന് മറികടക്കാനാവില്ല. നടൻ ജഗതിയുടെ കാര്യത്തിലും ഇതേ നിലപാടാണ് സംഘടന സ്വീകരിച്ചത്. എന്നാൽ, തിലകെൻറ വിഷയം മറ്റൊന്നാണ്. ദിലീപിനെവെച്ച് സിനിമയെടുക്കരുതെന്ന് ഇവർക്ക് എങ്ങനെ ആവശ്യപ്പെടാനാകും? ആരുടെയും തൊഴിൽ തടയാൻ ‘അമ്മ’കൂട്ടുനിൽക്കില്ല. സരിത നായർ പേരുപറഞ്ഞ ഒരുനേതാവിനെയും ഒരു പാർട്ടിയും പുറത്താക്കിയിട്ടില്ലെന്ന് ഒാർക്കണം. ആക്രമിക്കപ്പെട്ട നടിക്ക് അവസരം നൽകരുതെന്ന് ദിലീപ് ഏത് സംവിധായകനോടാണ് ആവശ്യപ്പെട്ടതെന്ന് പറഞ്ഞാൽ അന്വേഷിക്കാം.
മോഹൻലാൽ നടിയെന്ന് വിളിച്ചെന്ന ബാലിശ ആരോപണമാണ് ഒരാൾ ഉന്നയിച്ചത്. അവർ 24 വർഷമായി ‘അമ്മ’യുടെ ഒരു ജനറൽ ബോഡിയിൽ പോലും പെങ്കടുത്തിട്ടില്ല. മോഹൻലാലിനെ അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തത്. സംഘടനയിൽ അംഗമായിരുന്ന പ്രസിഡൻറിനെ ചീത്ത വിളിക്കുന്നത് അുവദിക്കാനാവില്ല. ഇക്കാര്യത്തിൽ നടിമാരോട് വിശദീകരണം തേടും. തുടർന്ന് നടപടിയുണ്ടാകും. രാജിവെച്ച് പുറത്തുപോയവർ പുറത്താണ്. തിരിച്ചുവരണമെങ്കിൽ അപേക്ഷ നൽകണം. ഇവർക്കെതിരായ സാമൂഹികമാധ്യമങ്ങളിലെ അധിക്ഷേപം സ്വാഭാവിക പ്രതികരണമാണെന്ന് തിരിച്ചറിയണം. ‘കൈനീട്ട’വും ‘അക്ഷരവീടും’ ഉൾപ്പെടെ ‘അമ്മ’ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന ഇവർക്ക് അതൊന്നും മനസ്സിലാകില്ല.
മഞ്ജു വാര്യർ ഇപ്പോഴും ‘അമ്മ’യിലെ സജീവ അംഗമാണ്. അവർ എന്തുകൊണ്ടാണ് നടിമാരോടൊപ്പം വാർത്തസമ്മേളനത്തിന് എത്താതിരുന്നത്? ‘മീ ടൂ’ നല്ല കാമ്പയിനാണ്. പക്ഷേ, മറ്റുള്ളവരോട് പകപോക്കാൻ ദുരുപയോഗിക്കരുത്. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ഒരിക്കലും ‘അമ്മ’ സംരക്ഷിക്കില്ല. പെൺകുട്ടി രാത്രി വാതിലിൽ മുട്ടിവിളിച്ച് സഹായം തേടിയെന്നാണ് ഒരു നടി പറഞ്ഞത്. ഏത് സിനിമയുടെ സെറ്റിൽ, ആര് ഉപദ്രവിച്ചുവെന്ന് അവർ വെളിപ്പെടുത്തണം. സിനിമയിൽ ആഭ്യന്തര പരാതി പരിഹാരസമിതി വേണമെന്ന് തോന്നുന്നില്ല. ആഷിഖ് അബുവിെൻറ സിനിമകളിൽ അത്തരം സംവിധാനം അനിവാര്യമായിരിക്കാമെന്നും സിദ്ദീഖ് പറഞ്ഞു.
നടിമാർ മാപ്പ് പറയണം -കെ.പി.എ.സി ലളിത
കൊച്ചി: ‘അമ്മ’യിൽനിന്ന് രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കിൽ ചെയ്ത തെറ്റിന് മാപ്പ് പറയെട്ടയെന്ന് കെ.പി.എ.സി ലളിത. സംഘടനക്കുള്ളിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകും. അതൊന്നും പുറത്തുപോയി പറയുന്നത് ശരിയല്ലെന്നും ‘അമ്മ’ സെക്രട്ടറി സിദ്ദീഖിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു. എല്ലാം കണ്ട് കൈകൊട്ടിച്ചിരിക്കാൻ പുറത്ത് പലരും കാത്തിരിപ്പുണ്ടാകും. അവർക്ക് അതിനുള്ള അവസരം നൽകുന്ന നടപടിയാണ് ചില നടിമാരുടെ ഭാഗത്തുനിന്നുണ്ടായത്. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കാനാണ് ചിലരുടെ ശ്രമം. കാര്യങ്ങളെല്ലാം ഭംഗിയായി പോകണമെന്നാണ് തന്നെപ്പോലുള്ളവരുടെ ആഗ്രഹം. മോഹൻലാലിനെപ്പോലുള്ളവരെ ബഹുമാനിക്കണമെന്നും അധിക്ഷേപിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കെ.പി.എ.സി ലളിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.