തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യെയും നടിമാരുടെ കൂട്ടായ്മയായ വിമൺസ് കലക്ടീവ് ഇൻ സിനിമയെയും (ഡബ്ല്യു.സി.സി) പിണക്കാൻ വയ്യാതെ ഞാണിന്മേൽ കളിയുമായി സി.പി.എം. സിനിമ മേഖലയിലെ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ ഇരുകൂട്ടരെയും ഒപ്പം നിർത്തുക എന്ന തന്ത്രപരമായ നീക്കത്തിനോട് ചലച്ചിത്രമേഖലയിലെ സി.പി.എം അനുകൂല പ്രവർത്തകരിൽനിന്ന് വിയോജിപ്പ് ഉയരുകയാണ്.
‘അമ്മ’ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയ ഡബ്ല്യു.സി.സി അംഗങ്ങളിൽ ഭൂരിപക്ഷവും അവരെ പുറത്തുനിന്ന് പിന്തുണക്കുന്ന ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകരും സി.പി.എം അനുകൂലികളാണ്. പക്ഷേ, ‘അമ്മ’യെ പിളർത്താൻ ശ്രമമെന്ന പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് വ്യാഖ്യാനത്തിൽ ഡബ്ല്യു.സി.സിയിലെ സി.പി.എം അനുകൂലികൾ ഖിന്നരാണ്. സി.പി.എം നേതൃത്വവുമായി ബന്ധം പുലർത്തുന്ന ‘പ്രമാണി’മാരായ ചലച്ചിത്രപ്രവർത്തകർ രൂപപ്പെടുത്തിയ ഗൂഢാേലാചന സിദ്ധാന്തമാണ് സി.പി.എമ്മിനെ സ്വാധീനിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സി.പി.എമ്മും സർക്കാറുമായി ബന്ധപ്പെട്ട ചിലർ ഡബ്ല്യു.സി.സി നേതൃത്വവുമായി നടത്തുന്ന അനുനയശ്രമം ഇവരെയും ‘അമ്മ’യെയും ഒപ്പം നിർത്താനുള്ള ശ്രമമാണ്. സർക്കാറിെൻറ ലക്ഷ്യം ദിലീപിനെതിരായ കേസ് നടത്തിപ്പാണ്. ഇൗ സമയെത്ത കലാപം ‘അമ്മ’ക്കൊപ്പം നിൽക്കാനേ സംഘടനയിലെ ഭൂരിപക്ഷത്തെയും പ്രേരിപ്പിക്കൂവെന്നാണ് അനുനയശ്രമക്കാരുടെ വാദം. ശത്രുപക്ഷത്തേക്ക് കൂടുതൽ പേർ പോകുന്നത് തടയാൻ ഡബ്ല്യു.സി.സി മിതത്വം പാലിക്കണം. ഇതരഭാഷ സിനിമ സംഘടനകൾ നടിക്ക് നൽകിയ പിന്തുണ മലയാള സിനിമ വ്യവസായത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ഇടയാക്കും എന്നതാണ് മറ്റൊരു വാദം. മലയാള സിനിമ വ്യവസായത്തെ തകർക്കാനും ഷൂട്ടിങ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും ഇത് നിർബന്ധിതമാക്കും.
ഇതിനിടെ, സർക്കാറുമായി ബന്ധപ്പെട്ട ചിലർ ഡബ്ല്യു.സി.സിയുടെ ആവശ്യങ്ങൾ പരസ്യമാക്കരുതെന്നും തങ്ങൾ വഴി ‘അമ്മ’ നേതൃത്വത്തിൽ ചർച്ചക്ക് വെക്കാമെന്ന സന്ദേശം നൽകിയതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.