ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും മാപ്പ്; ബിനീഷിനോട് അനിൽ

ഒറ്റപ്പാലം: പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. സാധാരണ കോളജ് പരിപാടികൾക്ക് പങ്കെടുക്കാറില്ല. എന്നാൽ അവർ നിർബന്ധിച്ചതിനാലാണ് പങ്കെടുത്തത്. ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ വ്യക്തമാക്കി.

അനിൽ രാധാകൃഷ്ണ മേനോന്‍റെ വിശദീകരണം:
പാലക്കാട് ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ യൂണിയൻ ദിനാഘോഷത്തിൽ മാഗസിൻ റിലീസിനു വേണ്ടിയാണ് എന്നെ ക്ഷണിക്കുന്നത്. സാധാരണ കോളജ് പരിപാടികൾക്കു പങ്കെടുക്കാത്ത ആളാണ് ഞാൻ. ഞാന്‍ വരില്ല എന്ന് പറഞ്ഞിരുന്നു. അവർ വീണ്ടും നിർബന്ധിച്ചു. ചടങ്ങിന് മറ്റാരെങ്കിലും ഉണ്ടോ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞു. ഇങ്ങനെയുള്ള പരിപാടികൾക്കു വേണ്ടി ഞാൻ പ്രതിഫലം മേടിക്കാറില്ല. മറ്റ് ആരെയെങ്കിലും ഇവർ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പ്രതിഫലം മുടക്കണ്ടല്ലോ എന്നു ആഗ്രഹിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷേ ആരും ഇല്ലെന്ന് ഉറപ്പുപറഞ്ഞു. പിറ്റേ ദിവസമാണ് എന്നോട് പറയുന്നത്, ബിനീഷ് ബാസ്റ്റിന്‍ ഉണ്ടെന്ന്. അപ്പോള്‍ എന്നെ ഒഴിവാക്കണെന്ന് പറഞ്ഞു. ബിനീഷ് ആയതുകൊണ്ടല്ല ഞാന്‍ അങ്ങനെ പറഞ്ഞത്, അതിഥിയായി മറ്റൊരാള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ പരിപാടിയില്‍ നിന്ന് ഒഴിവാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പിന്നീട് സംഘാടകര്‍ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു.

ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്‍റെ സാമീപ്യം എനിക്ക് പ്രശ്‌നമാണെന്ന് പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല. എന്‍റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അങ്ങനെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു.

Tags:    
News Summary - Anil Radhakrishnan Menon Regret to Bineesh Bastin-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.