അനിൽ രാധാകൃഷ്ണമേനോനുമായി നടന്ന വിവാദത്തിൽ വിശദീകരണവുമായി നടൻ ബിനീഷ് ബാസ്റ്റിൻ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം വീണ്ടും തന്‍റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.
അനിൽ രാധാകൃഷ്ണമേനോനുമൊത്ത് താൻ സൗഹൃദം പങ്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് നാല് മാസം മുമ്പുള്ളതാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇന്നലെ എന്നോട് അങ്ങനെ പെരുമാറിയത്. പാലക്കാട് സംഭവിച്ച കാര്യത്തെക്കുറിച്ചാണ് പറയുന്നത്. ഞാനൊരിക്കലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ പറയുന്നതല്ല. ജീവിതത്തിൽ ഏറ്റവും വലിയ വിഷമം തോന്നിയ സംഭവങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. അതിനാൽ തന്നെ ഇന്നലെ താൻ ഉറങ്ങിയിട്ടില്ല -ബിനീഷ് പറഞ്ഞു.
പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദമായത്. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാൽ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായി ബിനീഷ് വെളിപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ബിനീഷ് വേദിയിലേക്ക് പോയി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശേഷം ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്. പിന്നാലെ സമൂഹ മാധ്യമത്തിലും ബിനീഷ് അനുകൂലമായാണ് ആളുകൾ പ്രതികരിക്കുന്നത്.
ബിനീഷ് പരാതിപ്പെട്ടാൽ നടപടി–മന്ത്രി
തിരുവനന്തപുരം: വേദി പങ്കിടൽ വിഷയത്തിൽ ബിനീഷ് ബാസ്റ്റിന് എന്തെങ്കിലും വിഷമമുണ്ടെന്ന് അറിയിച്ചാൽ ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ. ബാസ്റ്റിനും അനിൽ രാധാകൃഷ്ണ മേനോനും തമ്മിലുണ്ടായ പ്രശ്നത്തെ ജാതീയമായി ചിത്രീകരിച്ച് മോശമാക്കരുതെന്നാണ് തെൻറ അഭിപ്രായമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വേദി പങ്കിടൽ വിഷയത്തിൽ ബാസ്റ്റിനോട് മാപ്പുപറഞ്ഞ് അനിൽ രാധാകൃഷ്ണ മേനോൻ സന്ദേശം നൽകിയിട്ടുണ്ട്. തെൻറ വാക്കുകളെ മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും അദ്ദേഹം ബാസ്റ്റിനെ അറിയിച്ചിട്ടുണ്ട്. ഇത് ഏറക്കുറെ ബാസ്റ്റിനും അംഗീകരിച്ചതായാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.