കൊച്ചി: അറുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത കെ.എസ്. സേതുമാധവെൻറ മിക്ക ചിത്രങ്ങളിലും നായിക ഷീലയായിരുന്നു. ആ അഭിനയ മികവ് കണ്ട് മനസ്സ് നിറഞ്ഞ സംവിധായകൻ ഒരിക്കൽ പോലും ഷീലയെ അഭിനന്ദിച്ചില്ല. അഭിനയം കൊള്ളാമെന്ന ഒരു വാക്ക് കേൾക്കാൻ ഷീലയും കാത്തിരുന്നു. സിനിമയിൽനിന്ന് ആ കൂട്ടുകെട്ട് പിരിഞ്ഞിട്ട് 40 വർഷം കഴിഞ്ഞു. ഒടുവിൽ ചൊവ്വാഴ്ചത്തെ സന്ധ്യയിൽ സേതുമാധവൻ ആ കടം വീട്ടി. പറയാതെ പോയ നന്ദിയും കടപ്പാടും നേരിട്ടറിയിച്ചു. ഷീല അറിയാതെ കണ്ണുകൾ തുടച്ചു.
ചാവറ സാംസ്കാരിക കേന്ദ്രത്തിെൻറ ചലച്ചിത്ര അവാർഡ്ദാന ചടങ്ങായിരുന്നു വേദി. ഗുരുവന്ദനം പുരസ്കാരം സേതുമാധവനിൽനിന്ന് ഏറ്റുവാങ്ങാനാണ് ഷീല എത്തിയത്. ഏറെ വികാര നിർഭരനായാണ് അദ്ദേഹം സംസാരിച്ചത്. ‘ഷീലയോട് എനിക്ക് ഏറെ കടപ്പാടുണ്ട്. അവർ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. ഒരുമിച്ച് ജോലി ചെയ്ത കാലത്തൊന്നും ആ അഭിനയ മികവിനെ ഞാൻ അഭിനന്ദിച്ചിട്ടില്ല. പലപ്പോഴും മനസ്സിൽ തോന്നിയെങ്കിലും തുറന്നുപറഞ്ഞില്ല. എന്തോ അത് തെൻറ സ്വഭാവമായിപ്പോയി. ഇപ്പോൾ നാൽപത് വർഷത്തിന് ശേഷം ഞാൻ പറയുന്നു, ഷീല ഒരു വലിയ നടിയാണ്.
അനുഭവങ്ങൾ പാളിച്ചകളുടെ സെറ്റിൽ ഷീലയുടെ മുടിയുടെ മേക്കപ്പിനെ ചൊല്ലി മേക്കപ്പ്മാനോട് ഞാൻ ഒരിക്കൽ കയർത്തു. അഭിനയത്തിൽ സ്വാഭാവികത നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ കടുത്ത വാക്കുകൾ പറയേണ്ടിവന്നു. അത് ഷീലയുടെ മനസ്സിൽ തട്ടിയിരിക്കണം. അവർ മേക്കപ്പ് മാറ്റാൻ തയാറായി. അന്ന് മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാൻ ഇപ്പോൾ കടത്തിൽനിന്ന് മുക്തനായി. ഷീലയോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആശയുണ്ട്. നോക്കാം’ -സേതുമാധവെൻറ വാക്കുകൾ.
ഇത്രയുമായപ്പോൾ പിന്നിലിരുന്ന ഷീല നിറഞ്ഞ കണ്ണുകൾ തൂവാല കൊണ്ട് തുടച്ചു. സെറ്റിലെ ഷീലയുടെ വികൃതികളെയും തമാശകളെയും അദ്ദേഹം ഓർത്തെടുത്തു. സിനിമയുടെ തിരക്കുകളിൽ ഭാര്യക്ക് വേണ്ടത്ര പരിഗണന നൽകാതിരുന്ന താൻ ഇപ്പോൾ അവൾ അനുഭവിച്ച മാനസിക വേദന തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുവപ്രതിഭ പുരസ്കാരം സംവിധായകൻ മധു സി. നാരായണന് സമ്മാനിച്ചു. ഷീലയെ സേതുമാധവെൻറ ഭാര്യ വത്സല പൊന്നാട അണിയിച്ചു. തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകരായ മോഹൻ, ആൻറണി സോണി, ഷീലയുടെ മകനും നടനുമായ വിഷ്ണു, ഛായാഗ്രാഹകൻ പി.ജെ. ചെറിയാൻ എന്നിവർ സംസാരിച്ചു. ചാവറ സാംസ്കാരിക കേന്ദ്രം ചെയർമാൻ ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.റോബി കണ്ണൻചിറ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.