ഇറാനിയന്‍ ചിത്രം ‘ഡോട്ടറി’ന് സുവര്‍ണ മയൂരം

പനാജി: എട്ടുനാള്‍ നീണ്ട 47ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂര പുരസ്കാരത്തിന് റെസ മിര്‍കരീമി സംവിധാനം ചെയ്ത ഇറാനിയന്‍ സിനിമ ‘ഡോട്ടര്‍’ അര്‍ഹമായി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഫര്‍ഹാദ് അസ്ലാനി മികച്ച നടനുള്ള പുരസ്കാരം നേടി. ‘മെലോ മഡ്’ എന്ന ലാത്വിയന്‍ സിനിമയിലെ അഭിനയത്തിന് എലീന വാസ്കയെ മികച്ച നടിയായി തെരഞ്ഞെടുത്തു. ‘റൗഫ്’ എന്ന തുര്‍ക്കി ചിത്രത്തിന്‍െറ സംവിധായകരായ ബാരിസ് കയയും സോണര്‍ കാനറും മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടി.

Full View

ലീ ജൂന്‍ക് സംവിധാനം ചെയ്ത ദക്ഷിണ കൊറിയന്‍ ചിത്രം ‘ദ ത്രോണ്‍’ സ്പെഷല്‍ ജൂറി പുരസ്കാരം നേടി. ഐ.സി.എഫ്.ടി യുനെസ്കോയുടെ ഗാന്ധി പുരസ്കാരത്തിന് തുര്‍ക്കി സംവിധായകന്‍ മുസ്തഫ കാരയുടെ ‘കോള്‍ഡ് ഓഫ് കലന്ദര്‍’ അര്‍ഹമായി. ടിഫാനി ഹ്സ്വിഗ് സംവിധാനം ചെയ്ത കൊറിയന്‍ ചിത്രം ‘ദി അപ്പോളജി’യെ ഇതേ വിഭാഗത്തില്‍ പ്രത്യേക ജൂറി പുരസ്കാരത്തിനും തെരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകനുള്ള സെന്‍റിനറി പുരസ്കാരം ചിലിയന്‍ സംവിധായകന്‍ പെപ സാന്‍ മാര്‍ട്ടിന്‍െറ ‘രാ രാ’യ്ക്കാണ്.

മത്സരവിഭാഗത്തിലെ 15 ചിത്രങ്ങളില്‍നിന്നാണ് പുരസ്കാര ജേതാക്കളെയും മികച്ച ചിത്രവും തെരഞ്ഞെടുത്തത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ‘ബാഹുബലി’ ചിത്രത്തിന്‍െറ സംവിധായകന്‍ രാജമൗലി മുഖ്യാതിഥിയായി. ഗോവ മുഖ്യമന്ത്രി നാരായണ്‍ പര്‍സേക്കര്‍, ഗവര്‍ണര്‍ മൃദുല സിന്‍ഹ എന്നിവര്‍ സന്നിഹിതരായി.

Tags:    
News Summary - Iranian film 'Daughter' wins Golden Peacock Award at IFFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.