പള്‍സര്‍ സുനി തന്‍െറ ഡ്രൈവറായും  ജോലിചെയ്തിരുന്നു –മുകേഷ്

കൊല്ലം: സിനിമനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ പിടിയിലായ പള്‍സര്‍ സുനി മുമ്പ് തന്‍െറ ഡ്രൈവറായിരുന്നെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. മൂന്നുവര്‍ഷം മുമ്പാണ് തന്‍െറ ഡ്രൈവറായി ജോലിചെയ്തിരുന്നതെന്നും പിന്നീട് ഒഴിവാക്കുകയായിരുന്നെന്നും കൊല്ലത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  സംശയംതോന്നാത്ത പെരുമാറ്റമായിരുന്നു സുനിയുടേത്. സ്വകാര്യ ബസിലെ ഡ്രൈവറാണെന്നാണ് പറഞ്ഞിരുന്നത്. താന്‍ ഷൂട്ടിങ്ങിലായിരിക്കുമ്പോള്‍ ആ സമയം ജോലിക്ക് പോകാന്‍ അനുവദിക്കണമെന്നും അയാള്‍ അഭ്യര്‍ഥിച്ചിരുന്നു.  

എപ്പോള്‍ വിളിച്ചാലും വരണമെന്ന ധാരണയിലാണ് ജോലി നല്‍കിയത്. എന്നാല്‍, അശ്രദ്ധമായി ഇയാള്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഇത്തരക്കാരുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൊലീസിലെ ഒരു ഉന്നതന്‍ നല്‍കിയ സൂചനകളെ തുടര്‍ന്നാണ് സുനിയെ ഒഴിവാക്കിയത്. എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കിയതെന്ന് ചോദിച്ച് അയാള്‍ അന്ന് ക്ഷുഭിതനായി. എന്നാല്‍, രമ്യതയില്‍ സംസാരിച്ച് പറഞ്ഞയക്കുകയായിരുന്നു. പിന്നീട് സംവിധായകന്‍ ലാലിന്‍െറ ഡ്രൈവറായും അയാള്‍ ജോലിചെയ്തു. സുനിയുടെ  ക്രിമിനല്‍പശ്ചാത്തലത്തെക്കുറിച്ച് ലാലിനാട് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. 

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിനിമസംഘടനകള്‍ പ്രതികരിക്കാതിരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതുകൊണ്ടാവാം. സിനിമ-നാടക പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് താന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഡി.ജി.പി ഉറപ്പുനല്‍കിയിട്ടുണ്ട്. നടികള്‍ ഒറ്റക്ക് യാത്രചെയ്യേണ്ടിവരുമ്പോള്‍ വനിതപൊലീസിന്‍െറ എസ്കോര്‍ട്ട് അനുവദിക്കാമെന്നാണ് അറിയിച്ചത്. യാത്രക്കുമുമ്പ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന നിര്‍ദേശവും ഡി.ജി.പി മുന്നോട്ടുവെച്ചതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - mukesh says, pulsar suni was his driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.