യുവ താരം ദുൽഖർ സൽമാന്‍റെ പുതിയ ചലച്ചിത്ര നിർമാണ കമ്പനിയുടെ ലോഗോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയം. 'അച്ഛന്‍റെ കൈപിടിച്ച് നടക്കുന്ന കുട്ടി'യുടെ ചിത്രമാണ് 'വേഫെറർ ഫിലിംസ്' എന്ന ദുൽഖറിന്‍റെ നിർമാണ കമ്പനിയുടെ ലോഗോ.
ലോഗോയിലുള്ള അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുൽഖറും ആണെന്നാണ് ഡി.ക്യു ആരാധകരുടെ സംശയം. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയുമായി താരം തന്നെ രംഗത്തെത്തി. ലോഗോയിൽ ഏറെ പ്രധാനപ്പെട്ട ഒരാളോട് കടപ്പാടുണ്ടെന്ന് ദുൽഖർ വ്യക്തമാക്കി. ഇതോടെ മമ്മൂട്ടി തന്നെയെന്ന് ആരാധകർ ഉറപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ ലോഗോ പങ്കുവെച്ചപ്പോൾ '#gotmarieinthelogo' എന്ന ഹാഷ് ടാഗ് ആണ് ദുൽഖർ നൽകിയത്. എന്നാൽ, ദുൽഖറും മകൾ മറിയം അമീറ സൽമാനുമാണ് ലോഗോയിലുള്ളത്.
'വേഫെറർ' എന്നത് കൊണ്ട് അർഥമാക്കുന്നത് സഞ്ചാരി എന്നാണ്. അറിയപ്പെടാത്ത ഭൂപ്രദേശത്ത് കൂടി കാൽനടയായി പോകുന്നവർ. ഒരു സിനിമ നിർമിക്കുന്നതും അതിന്‍റെ ഭാഗമാകുന്നതും ഇങ്ങനെയാണെന്ന് വിശ്വസിക്കുന്നു. പുതിയ സംരംഭം എന്നെ പ്രചോദിപ്പിക്കുന്നു. എല്ലാവരും പ്രോത്സാഹിപ്പിക്കണം -ദുൽഖർ ഫേസ് ബുക്കിൽ കുറിച്ചു.
മൂന്നു സിനിമകളാണ് ദുൽഖറിന്‍റെ നിർമാണ കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഷംസു സൈബ സംവിധാനം ചെയ്യുന്നതാണ് ആദ്യ ചിത്രം. സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ദുൽഖർ ചിത്രം 'കുറുപ്പ്'. മൂന്നാമത്തേത്, അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിക്കുന്ന ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.