തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരെൻറ മലയാള ചിത്രം എസ് ദുർഗക്കുനേരെ വീണ്ടും കേന്ദ്ര സർക്കാറിെൻറ ‘ഒളിപ്പോര്’. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.ഐ) പ്രദർശിപ്പിക്കണമെന്ന് ഹൈകോടതി വിധിച്ച എസ് ദുർഗയുടെ സെൻസർ സർട്ടിഫിക്കറ്റ് തിരുവനന്തപുരം റീജനൽ സെൻസർ ബോർഡ് റദ്ദാക്കി. ഗോവ ഫിലിം ഫെസ്റ്റിവൽ ജൂറിയിൽനിന്ന് സിനിമയുടെ പേര് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽനിന്ന് ആദ്യം ഒഴിവാക്കിയ സിനിമ ഹൈകോടതി ഇടപെടലിനെ തുടർന്ന് അവസാന ദിവസമെങ്കിലും മേളയിൽ പ്രദർശിപ്പിക്കുമെന്ന അണിയറ പ്രവർത്തകരുടെ പ്രതീക്ഷക്കിടെയാണ് സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നറിയിച്ച് സെൻസർ ബോർഡ് തിരുവനന്തപുരം റീജനൽ ഡയറക്ടർ ഡോ.എ. പ്രതിഭ നിർമാതാവ് ഷാജി മാത്യുവിന് നോട്ടീസ് അയച്ചത്.
ചിത്രത്തിെൻറ പേര് സെക്സി ദുർഗ എന്നത് മാറ്റി എസ് ദുർഗ എന്നാക്കാമെന്നും മൂന്നു തെറി വാക്കുകൾ നീക്കാമെന്നുമുള്ള ഉറപ്പിലാണു ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍, പുതിയ ടൈറ്റില്‍ കാര്‍ഡില്‍ എസ് എന്നതിനൊപ്പം ചില ചിഹ്നങ്ങള്‍ കൂടി ഉപയോഗിച്ചതായും അത് തെറ്റിദ്ധാരണജനകമാണെന്നും നോട്ടീസിലുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് ജൂറി അംഗങ്ങൾ തിങ്കളാഴ്ച ചിത്രം കണ്ടപ്പോഴാണ് ടൈറ്റിൽ ശ്രദ്ധയില്‍പ്പെട്ടതെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നും നോട്ടീസിലുണ്ട്.
സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കിയ സാഹചര്യത്തിൽ ചിത്രം പ്രദർശിപ്പിക്കാൻ നിർവാഹമില്ലെന്ന് ഗോവ മേളയുടെ ഡയറക്ടർ സുനിത് ടണ്ടൻ അറിയിച്ചതായി സനൽകുമാർ ശശിധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കാണിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ നേരത്തേ അറിയിച്ചിരുന്നെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ഇവിടത്തെ പ്രദർശനത്തെയും ബാധിച്ചേക്കുമെന്നാണ് വിവരം
നേരത്തേ ജൂറി തീരുമാനം മറികടന്ന് കേന്ദ്രം ഇടപെട്ട് എസ് ദുർഗ, ന്യൂഡ് എന്നീ ചിത്രങ്ങളെ ഗോവൻ മേളയിൽനിന്ന് ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. കേന്ദ്രത്തിെൻറ ഇടപെടലിൽ പ്രതിഷേധിച്ച് ജൂറി ചെയര്‍മാനായിരുന്ന സുജോയ് ഘോഷ് അടക്കം മൂന്നു ജൂറി അംഗങ്ങള്‍ രാജിെവച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.