വേറിട്ടൊരു നായകന്‍

വെറും തൊണ്ണൂറു സെക്കന്‍ഡുമാത്രമേ ആ മുഖം ആ സിനിമയിലുണ്ടായിരുന്നുള്ളൂ. എന്നിട്ടും ഓസ്കര്‍ നോമിനേഷന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ മുഖം തന്‍െറ ചിത്രത്തിന്‍െറ തന്നെ മുഖമായി അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍. ചിത്രം ‘ഗാന്ധി’, സംവിധായകന്‍ റിച്ചാര്‍ഡ് അറ്റന്‍ബറോ. ഒന്നര മിനിറ്റുകൊണ്ട് ഒരു കാലഘട്ടത്തെ മുഖത്താവാഹിച്ച നടന്‍ മറ്റാരുമല്ല, ഓം പുരി. ഓം പുരിയുടെ കഥാപാത്രം ബെന്‍ കിങ്സിലിയുടെ കഥാപാത്രവുമായി സംസാരിക്കുന്ന ദൃശ്യമാണ് അറ്റന്‍ബറോ തന്‍െറ ചിത്രത്തിന്‍െറ ‘ടീസറാ’യി ഓസ്കറിന് നല്‍കിയത്.

തുടക്കത്തില്‍ നാടകമായിരുന്നു ഓം പുരിയുടെ ആവേശം. കോളജ് യുവജനോത്സവത്തില്‍ മികച്ച നടനായ അദ്ദേഹം പഞ്ചാബ് കലാ മഞ്ച് എന്ന സംഘത്തിലൂടെ അഭിനയരംഗത്ത് സജീവമായി. സ്കൂള്‍ ഓഫ് ഡ്രാമയിലെയും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും പഠനമാണ് ഓം പുരിയെ ചുറ്റുപാടുകളോട് പ്രതിബദ്ധതയുള്ള കലാകാരനായി വികസിപ്പിച്ചത്. 1970-80 കാലത്ത് ഹിന്ദി സിനിമയില്‍ സജീവമായ നവതരംഗത്തിന് നേതൃത്വം നല്‍കിയത് ഓം പുരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. നസറുദ്ദീന്‍ ഷാ, ശബ്ന ആസ്മി, അമോല്‍ പാലേക്കര്‍, ഫാറൂഖ് ഷെയ്ക്ക് എന്നിവരും ഒപ്പമുണ്ടായിരുന്നു. ശ്യാം ബനഗല്‍, മണി കൗള്‍, കുമാര്‍ സാഹ്നി തുടങ്ങിയ സംവിധായകരിലൂടെ ഈ കൂട്ടുകെട്ട് ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റി. രാജേഷ് ഖന്ന, അമിതാഭ് ബച്ചന്‍ എന്നിവരില്‍ ചുറ്റിക്കറങ്ങിയ ബോളിവുഡ് സിനിമക്ക് ഈ മാറ്റം ഒരു ആഘാതം കൂടിയായിരുന്നു.

ഭൂമിക (1977), ആക്രോശ് (1980), അര്‍ധസത്യ (1983) എന്നീ ചിത്രങ്ങളിലൂടെ ഓം പുരി സിനിമ ഭാവുകത്വത്തെ അട്ടിമറിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ട മുഖങ്ങളെ മുഖ്യധാര സിനിമ തമസ്കരിച്ചുകൊണ്ടിരുന്ന സമയത്താണ് ഓം പുരിയുടെ അസുന്ദര മുഖം നായകസ്ഥാനത്തുവരുന്നത്. ഭരണകൂടം സിനിമ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ ശ്രമിക്കുന്ന സാഹചര്യം കൂടിയായിരുന്നു അത്. സിനിമയിലെ ഓം പുരിയുടെ സാന്നിധ്യംതന്നെ അതിനോടുള്ള കടുത്ത വിമര്‍ശനമായി മാറി.

മുഖംപോലെ തന്നെ സംഘര്‍ഷഭരിതമായിരുന്നു ആ വ്യക്തിജീവിതവും. ‘‘എനിക്ക് ഖേദമില്ല. എന്‍േറത് ഒരു സാമ്പ്രദായിക മുഖമായിരുന്നില്ല, എങ്കിലും നന്നായി തന്നെ ചെയ്തു എന്നാണ് വിശ്വാസം. അതില്‍ എനിക്ക് അഭിമാനവുമുണ്ട്’’ -കഴിഞ്ഞവര്‍ഷം ഒരഭിമുഖത്തില്‍ തന്‍െറ അഭിനയജീവിതത്തെ ഓം പുരി സ്വയം വിലയിരുത്തിയത് ഇങ്ങനെയായിരുന്നു.

ഭാര്യയായിരുന്ന നന്ദിത പുരി എഴുതിയ ജീവചരിത്രം ഓം പുരിയുടെ ജീവിതത്തെ വിവാദത്തിലാക്കി. ആറാം വയസ്സുമുതല്‍ ഓം പുരിക്ക് സ്ത്രീകളുമായി അതിരുവിട്ട ബന്ധമുണ്ടായിരുന്നുവെന്ന നന്ദിതയുടെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്‍െറ സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ചു. 14ാം വയസ്സില്‍ 55 വയസ്സുള്ള വീട്ടുജോലിക്കാരിയുമായി ഓം പുരി ശാരീരികബന്ധം പുലര്‍ത്തിയിരുന്നുവെന്നും നന്ദിത എഴുതി. എന്നെങ്കിലുമൊരിക്കല്‍ തങ്ങളുടെ മകന്‍ ഈ പുസ്തകം വായിക്കുമെന്ന ബോധ്യത്തോടെയാണ് താന്‍ ഇത് എഴുതുന്നതെന്നും നന്ദിത എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്‍െറ സ്വകാര്യ ജീവിതത്തെ ഗോസിപ്പിനായി നന്ദിത ഉപയോഗപ്പെടുത്തിയെന്നായിരുന്നു ഓം പുരിയുടെ മറുപടി. ഈ കൃതിക്ക് ആമുഖമെഴുതിയത് നസറുദ്ദീന്‍ ഷായാണ്. ഓം പുരിയുടെ ജീവിതം സംഘര്‍ഷഭരിതനായ ഏതൊരു അഭിനേതാവിന്‍െറയും ഭ്രമകല്‍പനക്കുതുല്യമാണെന്ന് അദ്ദേഹം എഴുതി. ഗോഡ്ഫാദറില്ലാതെ, കഠിനാധ്വാനത്തിലൂടെ മാത്രം മുന്നോട്ടുതുഴഞ്ഞ ജീവിതം. 2013ല്‍ ഓം പുരി തന്നെ മര്‍ദിച്ചുവെന്നാരോപിച്ച് നന്ദിത ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി. പിന്നീട് ഇരുവരും ഒത്തുതീര്‍പ്പിലത്തെുകയും വേര്‍പിരിയുകയുമായിരുന്നു.

സമീപകാലത്ത് സ്വതന്ത്രചിന്തക്കും വിയോജിപ്പുകള്‍ക്കുമെതിരെ രൂപപ്പെട്ട അസഹിഷ്ണുതക്കെതിരെ ഏറ്റവും തീവ്രമായി പ്രതികരിച്ച നടനാണ് ഓം പുരി. 2016ല്‍ ചാനല്‍ ചര്‍ച്ചക്കിടെ സൈനികരെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ബാരാമുല്ല തീവ്രവാദി ആക്രമണത്തെക്കുറിച്ച ചോദ്യത്തിന് ‘സൈനികരെ ആരും നിര്‍ബന്ധിച്ച് പട്ടാളത്തിലേക്കയക്കുന്നതല്ളെന്നും തന്‍െറ പിതാവും ഒരു പട്ടാളക്കാരനായിരുന്നുവെന്നുമായിരുന്നു മറുപടി. ഈ പരാമര്‍ശത്തിനെതിരെ പരാതി ലഭിച്ചതിനെതുടര്‍ന്ന് ആന്ധ്ര പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

പാകിസ്താനി നടന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍, അനധികൃതമായല്ല പാക് നടന്മാര്‍ ഇന്ത്യയില്‍ തങ്ങുന്നതെന്നും ഇന്ത്യ സര്‍ക്കാര്‍ അനുവദിച്ച വിസ അവര്‍ക്കുണ്ടെന്നുമായിരുന്നു ഓം പുരി പറഞ്ഞത്. വര്‍ഗീയതക്കും ജനങ്ങളെ വിഭജിക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരെ അദ്ദേഹം നിരന്തരം മുന്നറിയിപ്പു നല്‍കിയിരുന്നു.

 

Tags:    
News Summary - article about om puri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.