ഇന്ത്യൻ സിനിമയുടെ ഒാം പുരി

കച്ചവട സിനിമ, കലാമൂല്യമുള്ള സിനിമ എന്നിങ്ങനെ രണ്ട് തരത്തിലാണ് പൊതുവെ സിനിമയെ നിർവചിച്ചത്. കച്ചവടസിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ തന്‍റെ കഴിവ് തെളിയിച്ച നടനായിരുന്നു ഓം പുരി. ഒരു വിഭാഗത്തിൽ മാത്രം ഉറച്ച് നിൽക്കാന് അദ്ദേഹം തയാറായിരുന്നില്ല. സിനിമക്ക് മുന്നിൽ അദ്ദേഹം എന്നും നടൻ മാത്രമായിരുന്നു.ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ബോളിവുഡിന് ഒാം പൂരിയെന്ന സ്വഭാവ നടന്‍റെ നഷ്ടം നികത്താനാവാത്തതാണ്.

ഹരിയാനയിലെ അംബാലയിൽ ജനിച്ച ഓം പുരി പഞ്ചാബിലും ജീവിതത്തിന്‍റെ ഒരുഭാഗം ചിലവഴിച്ചിട്ടുണ്ട്.  ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഡൽഹിയിലുള്ള നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പഠിച്ചു.  അവിടെ നടൻ നസീറുദ്ദീൻ ഷായുടെ സഹപാഠികൂടിയായിരുന്നു അദ്ദേഹം.

1976-ൽ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വൽ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. അമരീഷ് പുരി, നസീറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിത പാട്ടീൽ തുടങ്ങിയ താരങ്ങളുടെ കൂടെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം നിറഞ്ഞാടി.  ഭവനി ഭവായ് (1980), സദ്ഗതി (1981), അർദ് സത്യ (1982), മിർച്ച് മസാല (1986), ധാരാവി (1992). തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.

1990കളുടെ മധ്യത്തോടെയാണ് ഓം പുരി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയത്. മൈ സൺ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോൾ ഓഫീസ്സർ (2001) എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിൽ വേഷമിട്ടത് അതിനാലാണ്.

ഹോളിവുഡ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ജോയ് (1992), വോൾഫ് (1994), ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്നെസ്സ് (1996), മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി 1982ൽ പുറത്തിറങ്ങിയ എട്ട് ഓസ്കാർ അവാർഡുകൾ നേടിയ ഗാന്ധി എന്നീ ചിത്രങ്ങൾ ഇവയിൽ ചിലതാണ്.

ഒരു ഹാസ്യനടൻ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോർ മചായെ ഷോർ (2002), മാലാമാൽ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യനടൻ എന്ന നിലയിൽ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. പുരാവൃത്തം, ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ആരോഹണ്‍ (1982), അര്‍ധസത്യ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഓം പുരിയെ തേടിയെത്തി. 1990ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.1999ല്‍ 'ഈസ്റ്റ് ഈസ് ഈസ്റ്റ്' എന്ന ബ്രിട്ടീഷ് ചിത്രത്തിലെ പ്രകടനത്തിന് ബാഫ്റ്റ പുരസ്‌കാരവും ഓംപുരിയെ തേടിയെത്തി.

താരത്തിന്‍റെ പെട്ടെന്നുണ്ടായ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. സിനിമാ-രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർ താരത്തിന്‍റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തി. ബോളിവുഡിന് മികച്ച നടനെ നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

Tags:    
News Summary - Cinema Has Lost a Brilliant Artist: PM Modi, B-Town Pay Homage to Om Puri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.