തമ്പിലേറിയ നാല് പതിറ്റാണ്ട്

ഭാരതപ്പുഴയുടെ തീരത്തെ ഗ്രാമത്തില്‍ ഗ്രേറ്റ് ചിത്ര സര്‍ക്കസ് കമ്പനി കൂടാരമുറപ്പിച്ചത് നാല് പതിറ്റാണ്ട് മുമ്പാണ്. മാമാങ്കപോരു കണ്ട തിരുന്നാവായ മണല്‍പ്പരപ്പില്‍ സര്‍ക്കസ് കളിക്കാന്‍ കുത്തിനാട്ടിയ ആ കൂടാരം മലയാള സിനിമയുടെ ചരിത്രമായിട്ട്് നാല് പതിറ്റാണ്ടാവുകയാണ്. അതിശയോക്തികളുടെ ദൃശ്യപരിചരണങ്ങള്‍ക്കിടയിലേക്ക് പരുപരുത്ത ജീവിതങ്ങള്‍ ചരൽ കല്ലുകണക്കെ പെറുക്കിയെറിഞ്ഞ അരവിന്ദന്‍െറ ‘തമ്പ്’ എന്ന സിനിമ ജീവന്‍ വെച്ചത് ആ മണല്‍പ്പരപ്പിലായിരുന്നു.

വീണ്ടും 40 വര്‍ഷം കഴിയുമ്പോള്‍ അതേ മണല്‍പ്പരപ്പില്‍ തമ്പിലെ അവശേഷിക്കുന്ന കലാകാരന്മാരും അവരെ സ്നേഹിച്ചവരും സുഹൃത്തുക്കളും ഒത്തുകൂടുകയാണ്. ഈ മാര്‍ച്ച് 17ന് ശനിയാഴ്​ച വൈകിട്ട് അഞ്ച് മണിക്ക് കുറ്റിപ്പുറത്തുനിന്നും മൂന്ന് കിലോ മീറ്റര്‍ പടിഞ്ഞാറ് തിരൂര്‍ റോഡില്‍ ചെമ്പിക്കല്‍ എന്ന സ്ഥലത്ത് ഭാരതപ്പുഴയോരത്ത് അവര്‍ ഒത്തുചേരും.

ജി. അരവിന്ദൻ തമ്പി​​​െൻറ ഷൂട്ടിങ്ങിൽ
 

വിനോദത്തിന് ഉപാധികളില്ലാത്ത ഒരു ഗ്രാമത്തിന്‍െറ ജീവിതത്തിലേക്ക് രണ്ട് രൂപ, ഒരു രൂപ, 50 പൈസ നിരക്കില്‍ അതിശയങ്ങള്‍ കാഴ്ചവെക്കാന്‍ വരുന്ന ഒരു സര്‍ക്കസ് സംഘം. ഗ്രേറ്റ് ചിത്ര സര്‍ക്കസ്. സര്‍ക്കസ് റാമ്പില്‍ കാണുന്ന കടുംചായം പൂശിയ മുഖങ്ങള്‍ക്കപ്പുറം മരവിച്ച മുഖവുമായി ജീവിതം തള്ളുന്ന കുറേ മനുഷ്യര്‍. അവര്‍ വന്നിറങ്ങിയ ഗ്രാമം. അതിലെ ജീവിതങ്ങള്‍. രാഷ്ട്രീയം, കല. എല്ലാമെല്ലാം കറുപ്പും വെളുപ്പിലും തിരശ്ശീലയിലേക്ക് വാര്‍ന്നുവെച്ച ഈ തമ്പ് സംസ്ഥാന/ദേശീയ പുരസ്കാരങ്ങളാല്‍ ആദരിക്കപ്പെട്ടു.

നാവാമുകുന്ദ ക്ഷേത്ര പരിസരത്ത്​ തമ്പി​​​െൻറ ഷൂട്ടിങ്ങിൽ ഞെരളത്ത്​ രാമ പൊതുവാൾ, അരവിന്ദൻ, ഷാജി എൻ. കരുൺ, നെടുമുടി വേണു, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവർ
 

നെടുമുടി വേണുവിന്‍െറയും ജലജയുടെയും ആദ്യ ചിത്രം. ഭരത് ഗോപിയുടെ രണ്ടാമത്തെ ചിത്രം. വി.കെ. ശ്രീരാമ​​​​െൻറ പ്രസരിപ്പേറിയ മുഖം. ഞെരളത്ത് രാമപ്പൊതുവാളിന്‍െറ സാന്നിധ്യം. അഭിനേതാക്കള്‍ എന്നു പറയാവുന്നവര്‍ അത്രമാത്രം. കൊടിയേറ്റം റിലീസ് ആയിട്ടില്ലാത്തതിനാല്‍ ഗോപി ഒരു നടനായി നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നുമില്ല. എം.ജി. രാധാകൃഷ്ണ​​​​െൻറ സംഗീതവും ഷാജി എന്‍. കരുണിന്‍െറ ക്യാമറയും ഈ ചിത്രചരിത്രത്തിന്‍െറ ഭാഗം. മലയാള സിനിമയിലെ നിര്‍മാതാക്കളിലെ കലാകാരനായി വിശേഷിപ്പിക്കപ്പെടുന്ന ജനറല്‍ പിക്ചേഴ്സ് രവി തന്നെയായിരുന്നു ഈ ചിത്രത്തിന്‍െറയും നിര്‍മ്മാതാവ്.

തമ്പിൽ സർക്കസ്​ മാനേജരായി വേഷമിട്ട ഭരത്​ ഗോപി
 

ആദ്യമാദ്യം സര്‍ക്കസ് കാണാന്‍ ആവേശത്തോടെ ഇടിച്ചുകയറിയ നാട്ടുകാര്‍ക്കു മുന്നില്‍ ഒരു സര്‍ക്കസ് കൂടാരമൊന്നാകെ കോമാളിയായി തീരുകയായിരുന്നു. നാട്ടിലെ ഉത്സവത്തോടെ സര്‍ക്കസ് കാണാന്‍ ആളില്ലാതാവുന്നതും തമ്പ് മടക്കി സംഘം മടങ്ങുന്നതും അഭിരുചികളുടെ കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന്ന ആഘാതവും അരവിന്ദന്‍ യഥാതഥമായ ആഖ്യാനത്തിലൂടെ സാധ്യമാക്കി.

നിളാ തീരത്ത്​ നടന്ന തമ്പി​​​െൻറ ഷൂട്ടിങ്​
 

ഒരു സിനിമയുടെ താരപര്യവേഷമാര്‍ന്ന യാതൊന്നും ഈ ചിത്രത്തിലില്ലായിരുന്നു. വേഷമിട്ടവരില്‍ അധികവും സര്‍ക്കസിലെ സാധാരണ കലാകാരന്മാര്‍. 30 ദിവസമാണ് തമ്പിന്‍െറ ഷൂട്ടിങ് തിരുന്നാവായില്‍ നടന്നത്. അതൊരു സിനിമ ചിത്രീകരണമേ ആയിരുന്നില്ലെന്ന്​ നെടുമുടി വേണുവും വി.കെ. ശ്രീരാമനും ഓര്‍മിക്കുന്നു. സിനിമാ ചിത്രീകരണം കണ്ട് പരിചയമില്ലാത്ത നാട്ടുകാര്‍ക്ക് അതൊരു ഷൂട്ടിങ് സെറ്റായി അനുഭവപ്പെടതേയില്ല. പലനാടുകളില്‍ അലഞ്ഞുതിരിഞ്ഞ് കുരങ്ങും പുലിയും ആടുമൊക്കെയായി സര്‍ക്കസ് നടത്തുന്ന ഒരു സംഘം തങ്ങളുടെ നാട്ടിലും വന്നു കൂടാരമുറപ്പിച്ചുവെന്ന തോന്നലേ നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നുള്ളു. സിനിമയുടെ സത്യസന്ധമായ ആഖ്യാനത്തിന് അത് ഏറെ ഗുണവുമുണ്ടാക്കി. ഒരു ഗ്രാമത്തി​​​​െൻറ നിഷ്കളങ്കത മുഴുവൻ വായും പൊളിച്ച്​ ആ സർക്കസ്​ കൂടാരത്തിലിരിക്കുന്ന കാഴ്​ച കണ്ടാലറിയാം ഒരു ഷൂട്ടിങ്ങി​​​​െൻറ സെറ്റേ ആയിരുന്നില്ല അതെന്ന്​.. ആൾക്കൂട്ടങ്ങൾക്കിടയിൽ എവിടെയൊ ഒളിപ്പിച്ചു​നിർത്തിയ അൃശ്യമായ ഒരു ക്യാമറയാണ്​ ആ കാഴചകളെല്ലാം പകർത്തിയതെന്നേ തോന്നൂ...

തമ്പ്​ ചിത്രീകരണത്തിനിടയിൽ നെടുമുടി വേണുവിനും ഞെരളത്ത്​ രാമപൊതുവളിനും നിർദേശങ്ങൾ നൽകുന്ന സംവിധായകൻ ജി. അരവിന്ദൻ
 

സർക്കസി​​​​െൻറ മാനേജര​ും കലാകാരന്മാരും അത്​ കാണാൻ വരുന്ന നാട്ടുകാരുമെല്ലാം പങ്കിടുന്നത്​ ദരിദ്രമായ ഒരു കാലത്തി​​​​െൻറ പല മുഖങ്ങൾ. സൂക്ഷിച്ചു നോക്കൂ നിശബ്​ദമായ ശോകത്തി​​​​െൻറ നിഴലുകൾ ആ മുഖങ്ങളിൽ പതിഞ്ഞുകിടക്കുന്നതു കാണാം. തമ്പ് അരവിന്ദന്‍െറ ഏറ്റവും മികച്ച സിനിമയല്ല. പക്ഷേ, അതുവരെയുണ്ടായിരുന്ന കാഴ്ചകളില്‍ കടുത്ത വെട്ടും തിരുത്തും വരുത്താന്‍ കഴിഞ്ഞ സിനിമയായിരുന്നു. കാഴ്ചാ ബോധത്തില്‍ കലാപമുണ്ടാക്കാന്‍ ആ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. താരകേന്ദ്രിതമായ ഒരു ലോകത്തിനപ്പുറം സിനിമയുണ്ടെന്നും അത് സാധാരണക്കാര്‍ക്കിടയില്‍നിന്ന് കെട്ടുകാഴ്ചകളില്ലാതെ സൃഷ്ടിച്ചെടുക്കാമെന്നും അരവിന്ദന്‍ തെളിയിച്ചു.

തമ്പി​​​െൻറ സെറ്റിൽ നെടുമുടി വേണു, നിർമാതാവ്​ രവി, ജലജ എന്നിവർ
 

ഒരു മാസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒരു സര്‍ക്കസ് കമ്പനിയല്ല, ഒരുകൂട്ടം സിനിമക്കാര്‍ ആ ഗ്രാമത്തിന്‍െറ ഭാഗമായി തീരുകയായിരുന്നു. തിരുന്നാവായ പഞ്ചായത്തിന്‍െറ ആദ്യ പ്രസിഡന്‍റായിരുന്ന കുഞ്ഞിമോന്‍ എന്നയാളുടെ വീടായിരുന്നു ഷൂട്ടിങുകാര്‍ക്ക് താമസത്തിനായി നല്‍കിയതെന്ന് വി.കെ. ശ്രീരാമന്‍ ഓര്‍ക്കുന്നു. ആ ബന്ധം ഇപ്പോഴും നാട്ടുകാരില്‍ പലരുമായി സൂക്ഷിക്കുന്നുണ്ട് ഈ കലാകാരന്മാര്‍. നെടുമുടി വേണുവും ശ്രീരാമനും ആ ഗ്രാമത്തില്‍ ഇപ്പോഴും സൗഹൃദങ്ങളുണ്ട് ആ ഗ്രാമത്തില്‍. ഇടയ്ക്കിടെ നേരിട്ട് ചെല്ലുന്നത്ര അടുപ്പമുള്ള ബന്ധം. സിനിമ എന്നതിനെക്കാള്‍ ഒരു ഡോക്യു ഫിക്ഷന്‍ എന്ന നിലയിലുള്ള സമീപനമായിരുന്നിരിക്കണം അങ്ങനെയൊരു ഹൃദ്യമായ ബന്ധത്തിനും കാരണമായത്.

2008ൽ തമ്പി​​​െൻറ 30ാം വാർഷികത്തിൽ നിളയിൽ നടന്ന അരവിന്ദ സന്ധ്യയിൽ ഡി.വിനയചന്ദ്രൻ കവിത ചൊല്ലു​േമ്പാൾ ആർട്ടിസ്​റ്റ്​ നമ്പൂതിരി ചിത്രം വരയ്​ക്കുന്നു
 

1977 നവംബര്‍ - ഡിസംബര്‍ മാസങ്ങളിലായിരുന്നു ചിത്രത്തിന്‍െറ ഷൂട്ടിങ് നടന്നത്. 1978ല്‍ ചിത്രം റിലീസ് ആയി. അന്നത്തെ നിള തെളിനീരൊഴുകുന്ന, മണൽകുഴികളില്‍ ശ്വാസം മുട്ടി പിടയാത്ത പുഴയായിരുന്നു. വികസനത്തിന്‍െറ കൂറ്റന്‍ ചക്രങ്ങള്‍ പുഴയിലേക്കിറങ്ങാത്ത കാലം. നാല്‍പതാണ്ട് കഴിയുമ്പോള്‍ പുഴ കവികളുടെ സങ്കടപ്പാട്ടുകളില്‍ മാത്രമേ നിറയുന്നുള്ളു. ചമ്രവട്ടം പാലത്തിന്‍െറ റെഗുലേറ്റ് കം ബ്രിഡ്ജിനിപ്പുറം പുഴ കെട്ടുനാറി കിടക്കുന്നു. നേര്‍ത്ത ഓവുചാല്‍ പോലെ ഒരരികിലുടെ പുഴ മെലിഞ്ഞ്​ കിടക്കുന്നുണ്ട്. ബാക്കിയെല്ലാം ചുട്ടുപഴുത്ത മണല്‍പ്പരപ്പ് മാത്രം. എത്രയാ മണല്‍ എന്ന് പുഴയറിവില്ലാത്തവരെ കൊണ്ട് മൂക്കത്ത് വിരല്‍ വെപ്പിക്കുന്ന ഒരു മണല്‍ക്കാട്. ആശുപത്രി മാലിന്യങ്ങള്‍ അടക്കം ഒരു മര്യാദയുമില്ലാതെ പുഴയിലേക്ക് ഒഴുക്കിവിടുന്നു. മാര്‍ക്കറ്റുകളിലെ അവശിഷ്ങ്ങള്‍ നിര്‍ബാധം തള്ളുന്നു.

തമ്പി​​​െൻറ 40ാം വാർഷിക പരിപാടിയെ കുറിച്ച്​ മലപ്പുറം പ്രസ്​ ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ നെടുമുടി വേണുവും വി.കെ. ശ്രീരാമനും സംസാരിക്കുന്നു
 

തമ്പിന്‍െറ 40ാം വര്‍ഷത്തില്‍ നിളയോരത്ത് ഒത്തുകൂടുന്നവര്‍ക്ക് ഒരു സ്വപ്നം കൂടിയുണ്ട്. ഈ പുഴയെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന ആലോചന. തമ്പ് വെറുമൊരു സിനിമ മാത്രമല്ല, ജീവിതം കൂടിയാണെന്ന് ഈ സൗഹൃദംസംഘം തെളിയിക്കുകയാണ്. മാര്‍ച്ച് 17ന്‍െറ ഒത്തുകൂടലിന് നെടുമുടി വേണുവും വി.കെ. ശ്രീരാമനും മുന്‍കൈ എടുത്ത് ആസൂത്രണം നടന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം പ്രസ് ക്ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ നെടുമുടി വേണു പരിപാടിയെക്കുറിച്ച് അറിയിച്ചിരുന്നു.

തമ്പി​​​​െൻറ 40ാം വാർഷികത്തിലേക്ക്​ ക്ഷണിച്ചുകൊണ്ട്​ നെടുമുടി വേണു ഇങ്ങനെ കുറിക്കുന്നു...

സ്നേഹിതരേ,
അറിയാമല്ലോ, തമ്പ് കഴിഞ്ഞ് നാലു പതിറ്റാണ്ടുകൾ പിന്നിട്ടു പോയി. തമ്പിൽ നിന്നിറങ്ങി പലരും പല വഴിക്കു പോയി. എന്നാൽ അഴിച്ചു കളയാൻ പറ്റാത്ത വിധം എഴുപത്തിയേഴിലെ ആ മകരമാസം മനസ്സിലിന്നും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു, ജീവിതത്തിന്റെ നാഴികക്കല്ലു പോലെ. ഓർമകൾ നിളയുടെ നീരൊഴുക്കിനൊപ്പം വറ്റിയില്ല. നാൾക്കുനാൾ അത് തിടം വെച്ചു വളരുന്നു. തമ്പടിച്ച പുഴയും പുഴയോരവും മകരമഞ്ഞും നിലാവും ഒരു സാന്ത്വനം പോലെ എന്നും മനസ്സിലുണ്ട്. അതുകൊണ്ടാണ് ഞാനെ​​​​െൻറ വീടിന് തമ്പ് എന്ന് പേരിട്ടത്. അഭയമാണെനിക്ക് തമ്പ്.

എന്നെ ഞാനാക്കിയ പലരുമിന്ന് ജീവിച്ചിരിപ്പില്ല. അപ്പോഴും അവരാലാണ് ഞാൻ ജീവിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയുന്നു. കാവാലവും അരവിന്ദനും എനിക്കച്ഛനമ്മമാർക്കു സമം. എൻ.എൽ.ബി എന്ന ബാലണ്ണൻ, ഗോപിച്ചേട്ടൻ, പപ്പൻ, മേക്കപ്മാൻ പപ്പനാഭൻ, എം.ജി രാധാകൃഷ്ണൻ, ദേവദാസ്, ഞെരളത്ത്, കൊട്ടറ ഗോപാലകൃഷ്ണൻ, ആർ ആർ നായർ, ശങ്കരേട്ടൻ, എസ്.പി രമേഷ്, കാട്ടുമാടം, കസ്റ്റംസ് വിജയരാഘവൻ... അങ്ങനെ ഒട്ടെല്ലാവരും തമ്പിറങ്ങിപ്പോയി. ആരൊക്കെ പോയാലും നിളയെന്ന സ്നേഹത്തി​​​​െൻറ നീരൊഴുക്ക് എന്നുമവശേഷിക്കുമെന്നായിരുന്നു പ്രതീക്ഷ; പക്ഷെ, അവസാന അഭയവും ഇല്ലാതാവുന്നതു പോലെ. മെലിഞ്ഞും ഉണങ്ങിയും ആ മഹാനദി കഥാവശേഷയാവുന്നത് ഇന്നു ഞാൻ കാണുന്നു.

ഈ വരുന്ന 17ന് (17.3.2018 ശനിയാഴ്ച) വൈകീട്ട് തമ്പിന്റെ ഓർമകളിൽ നമ്മൾ നിളയോരത്ത് ഒത്തുകൂടുന്നു. അതേ, തമ്പി​​​​െൻറ സ്മരണയേക്കാളേറെ നിളക്കു വേണ്ടിയുള്ള പ്രാർത്ഥനയാവുമത്.

നിങ്ങളെല്ലാവരും വരണം.
സ്നേഹപൂർവ്വം,
നെടുമുടി വേണു


 

Tags:    
News Summary - fourteenth anniversary of malayalam film Thambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.