കിതാബടഞ്ഞ പ്രണയകഥയുമായി കിസ്മത്ത്

ഖിസ പാതിയില്‍ കിതാബടച്ചിരുപാതപോലെ മടങ്ങിലും
കരയൊല്ല നാം ഹതാശരായ് കരളേ
ഖിസ പാതിയില്‍, ഇശല്‍ മുറിഞ്ഞുടല്‍വേറിടും
സ്വരഗതി പോല്‍ പിടയുന്നവര്‍
പുഴുക്കള്‍ നാമെങ്കിലും
ഖിസയതു തുടരും നിള പോലേ
നാമീ അഴിമുഖമണയും....

കിസ്മത്ത് എന്നാല്‍ വിധി എന്ന് അര്‍ഥം. മതാതീതമായ പ്രണയത്തിന്‍െറ ദുരന്തവിധിയെക്കുറിച്ചുള്ള ഈ വരികള്‍ ‘കിസ്മത്ത്’ എന്ന ചിത്രത്തിനുവേണ്ടി രചിച്ചിരിക്കുന്നത് പ്രശസ്ത കവി അന്‍വര്‍ അലിയാണ്. റഫീക്ക് അഹമ്മദിനുശേഷം കാവ്യഭംഗിയാര്‍ന്ന ഗാനങ്ങള്‍കൊണ്ട് ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കുന്ന അന്‍വര്‍ അലി ‘കമ്മട്ടിപ്പാട’ത്തിലെ പാട്ടുകള്‍ക്കുശേഷം ഒരുക്കിയ ഈ ഗാനം ഇതിനകംതന്നെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു.  ഇശല്‍ പാതിയില്‍ മുറിഞ്ഞതിനാല്‍ ഉടല്‍ വേറിട്ട സ്വരഗതി പോലെ പിടയുന്ന പ്രണയികള്‍ കഥ പാതിയാക്കി പുസ്തകമടച്ച് ഇരുവഴികളായി വേര്‍പിരിഞ്ഞാലും കഥ തുടരും. മുറിവേല്‍ക്കുന്നത് അവരുടെ മനസ്സുകള്‍ക്കു മാത്രമാണ്. ഈ സമൂഹവും അതിലെ ജീവിതവും അതുപോലെ തന്നെ ഒഴുകും. പ്രണയിക്കുന്നത് വിപ്ളവമാകുന്നത് അത് സമൂഹത്തിന്‍െറ നടപ്പുശീലങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന പ്രണയമാവുമ്പോഴാണ്.

കിസ്മത്തിലെ പ്രണയം അത്തരത്തിലുള്ളതാണ്.  പ്രത്യക്ഷത്തില്‍ ഈ പ്രണയത്തിന് മലയാള സിനിമയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന തോന്നിക്കുമെങ്കിലും ഇവിടെ അതില്‍നിന്നു വ്യത്യസ്തമായ രണ്ടു വശങ്ങളുണ്ട്. ഒന്ന് 23കാരനായ മുസ്ലിം യുവാവ് 28 കാരിയായ ഹിന്ദു യുവതിയെ പ്രണയിക്കുന്നുവെന്നതാണ്. രണ്ട് പ്രണയിക്കുന്ന പെണ്‍കുട്ടി ദലിത് യുവതി ആണ് എന്നതാണ്.

പ്രണയത്തിന് കണ്ണും കാതുമില്ല എന്നു പറയാറുണ്ടല്ലോ. പ്രണയിക്കാന്‍ ആണും പെണ്ണുമായാല്‍ മതി. മതവും ജാതിയും പ്രണയികളുടെ പരിഗണനാ വിഷയങ്ങള്‍ അല്ല. അവിടെയാണ് അവരുടെ പ്രണയം വിശാല മാനവികതയുടെ പ്രകടനമായി മാറുന്നത്. അങ്ങനെ ഉപാധികളില്ലാതെ പ്രണയിക്കുകയാണ് ഇര്‍ഫാനും അനിതയും. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ‘കിസ്മത്തി’നെ ഒരു മതേതര ചലച്ചിത്രപദ്ധതിയായി വേണം കാണാന്‍. പ്രണയത്തിലുള്‍പ്പെട്ട വ്യക്തികളുടെ മതസ്വത്വങ്ങളെ അത് പാടെ നിരാകരിക്കുന്നു.

2005 മുതല്‍ 2015 വരെ പൊന്നാനിയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന ആളാണ് സംവിധായകന്‍. സി.പി.എമ്മിന്‍െറ സജീവ പ്രവര്‍ത്തകനും പുരോഗമന കലാ സാഹിത്യ സംഘത്തിന്‍െറ എരിയ സെക്രട്ടറിയുമാണ് ഷാനവാസ്. 2011ല്‍ ഒരാവശ്യത്തിനായി പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ സാക്ഷിയായ ഒരു സംഭവത്തില്‍ നിന്നാണ് ‘കിസ്മത്തി’ന്‍െറ കഥ ജനിക്കുന്നത്. 23കാരനായ മുസ്ലിം യുവാവും 28കാരിയായ ദലിത് യുവതിയും പ്രണയസാഫല്യത്തിനായി പൊലീസിനെ സമീപിച്ചപ്പോള്‍ തനിക്ക് വ്യക്തിപരമായി അവരെ സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും അതിന്‍െറ വേദനയില്‍നിന്നാണ് ചിത്രത്തിന്‍െറ പിറവിയെന്നും സംവിധായകന്‍ പറഞ്ഞിട്ടുണ്ട്.

ഒരു ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകന്‍ മതാതീതമായ പ്രണയങ്ങളെ സംബന്ധിച്ച തന്‍െറ രാഷ്ട്രീയ നിലപാട് അവതരിപ്പിക്കുന്ന ചിത്രമായും ‘കിസ്മത്തി’നെ കാണാം. ജാതിയും മതവും മനുഷ്യന്‍റെ സ്വാഭാവികവും ജൈവികവുമായ ചോദനകള്‍ക്ക് എങ്ങനെ വിലങ്ങുതടിയാവുന്നു എന്ന് റിയലിസ്റ്റിക് ആയ പരിചരണരീതിയിലൂടെ കാട്ടിത്തരുകയാണ് ഷാനവാസ്. നവോത്ഥാനാനന്തര കേരളത്തില്‍ മിശ്രവിവാഹം പ്രോല്‍സാഹിപ്പിക്കപ്പെട്ടിരുന്നു. അതിന് സര്‍ക്കാര്‍ വക ആനുകൂല്യങ്ങളും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ തൊണ്ണൂറുകള്‍ക്കുശേഷം മിശ്രവിവാഹത്തില്‍ ഗണ്യമായ കുറവുണ്ടായതായി പഠനങ്ങള്‍ തെളിയിക്കുന്നു. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയായിരുന്നു അതിന്‍െറ സാമൂഹികശാസ്ത്രപരമായ കാരണം.

അതിനിടയിലും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തവര്‍ ലൗ ജിഹാദ് പോലുള്ള വ്യാജപ്രചാരണങ്ങളാല്‍ കുറ്റപ്പെടുത്തപ്പെട്ടു. ഹിന്ദുത്വഫാഷിസ്റ്റ് കുപ്രചാരണം എന്നതിലുപരി അതില്‍ പ്രകടമായ സ്ത്രീവിരുദ്ധതയുമുണ്ടായിരുന്നു.  അത് പെണ്‍കുട്ടിയുടെ സ്വയം നിര്‍ണയാവകാശത്തെയും സ്വന്തം തീരുമാനമെടുക്കാനുള്ള അവളുടെ കഴിവിനെയും കുറച്ചുകാണുന്ന പ്രചാരണം കൂടിയായിരുന്നു. മിശ്രവിവാഹത്തെ പരിഹാസ്യമായ എന്തോ ഒന്നായാണ് ഇന്നത്തെ തലമുറ കാണുന്നത് എന്ന് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന സബ് ഇന്‍സ്പെക്ടറിലൂടെ ചലച്ചിത്രകാരന്‍ വ്യക്തമാക്കുന്നുണ്ട്. ‘‘ഓ... മിശ്രവിവാഹം, അപ്പോ സര്‍ക്കാറീന്ന് ആനുകൂല്യമൊക്കെ കിട്ടുമല്ലോ’’ എന്നാണ് ഇര്‍ഫാനോട് അയാള്‍ കളിയാക്കിക്കൊണ്ടു ചോദിക്കുന്നത്. മിശ്രവിവാഹത്തിന് സാമൂഹിക വിപ്ലവത്തിന്‍റെ സ്വഭാവമുണ്ടായിരുന്നു. അത് ജാതിമത ഉച്ചനീചത്വങ്ങളെ കുടഞ്ഞെറിയുകയാണ് ചെയ്തത്. അതേ ശക്തികള്‍ മുമ്പത്തേക്കാളേറെ സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുന്ന ഇക്കാലത്ത് ‘കിസ്മത്ത്’ പോലുള്ള സിനിമകള്‍ ശക്തമായ സാംസ്കാരിക പ്രതിരോധം തന്നെയാണ് തീര്‍ക്കുന്നത്.

കേരളീയ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ജാതിചിന്ത, ലൗ ജിഹാദിന്‍റെ പേരിലുള്ള ഹിന്ദുത്വ പ്രചാരണം, ദലിത് വിരുദ്ധത എന്നിവ ‘കിസ്മത്തി’ന്‍െറ പ്രമേയപരിസരത്തില്‍ സ്പര്‍ശിച്ചുപോവുന്നുണ്ട്. പി. ബാലചന്ദ്രന്‍ അവതരിപ്പിക്കുന്ന അപ്പു നായരെ മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് പൊലീസ് സ്റ്റേഷനില്‍ പിടിച്ചിടുന്നു. സുനില്‍ സുഖദ അവതരിപ്പിക്കുന്ന നായര്‍ ആയ എ.എസ്.ഐയാണ് അയാളെ വിട്ടയക്കുന്നത്. പിറ്റേന്നു രാവിലെ മകന്‍ അയാളെ കൊണ്ടുപോവാന്‍ വരുമ്പോള്‍, ‘നീ വന്നതുകൊണ്ടൊന്നുമല്ല നായരായതുകൊണ്ടാണ് എന്നെ വിട്ടയച്ചത്’ എന്ന് അപ്പുനായര്‍ പറയുന്നു. ഉന്നത ജാതിക്ക് ജന്മം കൊണ്ടു ലഭിക്കുന്ന സാമൂഹിക മൂലധനത്തെയും ആനുകൂല്യങ്ങളെയും രസകരമായി പരിഹസിക്കുന്നുണ്ട് ഈ രംഗത്തില്‍. അജയ് സി. മേനോന്‍ എന്നാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന സബ് ഇന്‍സ്പെക്ടറുടെ പേര്. അയാളുടെ ഉള്ളിലും ജാതിചിന്ത ഉണ്ടെന്ന് വ്യക്തം. അതുകൊണ്ടാണ് മിശ്രവിവാഹത്തെ അയാള്‍ കളിയാക്കുന്നത്. ജാതിയുടെ അധികാരശ്രേണി നിലനിര്‍ത്തേണ്ടത് ഉന്നതജാതിക്കാരുടെ ആവശ്യമാണ്. അതുകൊണ്ടാണ് ജാതിയെയും മതത്തെയും ഒരേ സമയം മറികടന്നുള്ള ഒരു പ്രണയത്തിന് അജയ് സി മേനോന്‍ എതിരു നില്‍ക്കുന്നത്. അത്തരം സാമൂഹിക വിപ്ളവങ്ങളെ മുളയിലേ നുള്ളിക്കളഞ്ഞാലേ ജാതിമേധാവിത്തത്തിന്‍െറ അപ്രമാദിത്തങ്ങളും ആനുകൂല്യങ്ങളും അവര്‍ക്ക് അനുഭവിക്കാന്‍ കഴിയൂ.

ഇര്‍ഫാന്‍ പ്രണയിക്കുന്ന പെണ്‍കുട്ടി ദലിത് യുവതിയാണ്. പക്ഷേ പ്രണയിക്കുന്നത് ഇര്‍ഫാന്‍ എന്ന മുസ്ലിം യുവാവ് ആയതിനാല്‍ അതൊരു ഹിന്ദു-മുസ്ലിം പ്രശ്നമായി ഹിന്ദുത്വവാദികള്‍ കാണുന്നു. ‘‘ ഈ മുസ്ലിംകള്‍ക്ക് ഇതൊക്കെ മതത്തിലേക്ക് ആളെക്കൂട്ടാനുള്ള ഏര്‍പ്പാടാണെ’’ന്നു പറഞ്ഞ് ഒത്തുതീര്‍പ്പു ചര്‍ച്ചക്കുവരുന്ന ഗണേഷ്ജി എന്ന കഥാപാത്രവും അനിതയുടെ വീട്ടുവഴിയില്‍നിന്ന് ഇര്‍ഫാനെ വിരട്ടുന്ന കാവിമുണ്ടുടുത്ത യുവാക്കളുമെല്ലാം ഹിന്ദുത്വവാദികളുടെ പ്രതിനിധികളാണ്. അനിതയുടെ പ്രണയത്തെ എതിര്‍ക്കുന്ന ബന്ധുവായ ദലിത് യുവാവ് അത് തന്‍റെ മതാഭിമാനത്തിന്‍െറ പ്രശ്നമായി കണ്ടുകൊണ്ടാണ് പ്രശ്നത്തില്‍ ഇടപെടാന്‍ ഹിന്ദുത്വവാദികളെ വിളിച്ചുകൊണ്ടുവരുന്നത്. കേരള പുലയമഹാസഭ സംഘപരിവാറില്‍ അണിചേര്‍ന്നിരിക്കുന്ന ഈ കാലത്ത് ഇതില്‍ ഒരദ്ഭുതവുമില്ല.

ദലിതരെ മനുഷ്യജീവികളായി പരിഗണിക്കാത്ത നവോത്ഥാനപൂര്‍വകേരളത്തില്‍നിന്ന് നാം ഏറെയൊന്നും മുന്നേറിയിട്ടില്ലെന്ന് ‘കിസ്മത്ത്’ അടിവരയിട്ടു പറയുന്നു. ‘‘ഈ ചെറുമിപ്പെണ്ണിനെയാണോ നിനക്ക് പ്രേമിക്കാന്‍ തോന്നിയത്’’എന്ന് ബന്ധുക്കള്‍ ഇര്‍ഫാനോടു ചോദിക്കുന്നുണ്ട്. ‘കമ്മട്ടിപ്പാട’ത്തിലെ നാടന്‍പാട്ടിലെ പുലയന്‍ എന്ന പദം ജാതിപ്പേരു വിളിച്ചുള്ള അധിക്ഷേപമാണെന്നു പറഞ്ഞ് വെട്ടിക്കളയാന്‍ നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡ് കിസ്മത്തിലെ ഈ ഡയലോഗ് കണ്ടില്ല. നായര്‍ എന്ന പദം വെട്ടിമാറ്റേണ്ടതല്ലാതിരിക്കുകയും പുലയന്‍ എന്ന പദം അങ്ങനെയാവുകയും ചെയ്യുന്നതില്‍ ഒരു വൈരുധ്യമുണ്ട്. ജാതിയുടെയും മതത്തിന്‍െറയും പേരില്‍ ദുരഭിമാനം വെച്ചുപുലര്‍ത്തുന്നവര്‍ ഖാപ് പഞ്ചായത്തുകളും ദുരഭിമാനക്കൊലകളും നടക്കുന്ന അങ്ങ് ഉത്തരേന്ത്യയില്‍ മാത്രമല്ല ഈ കൊച്ചുകേരളത്തിലുമുണ്ടെന്ന് ഓര്‍മപ്പെടുത്തുക കൂടി ചെയ്യുന്നു ‘കിസ്മത്ത്’.

‘അന്നയും റസൂലും’ എന്ന ചിത്രവുമായി പ്രമേയപരമായി നിരവധി സാദൃശ്യങ്ങള്‍ പുലര്‍ത്തുന്നുണ്ട് കിസ്മത്ത്. മുഹ്സിന്‍ പരാരിയുടെ ‘കെ.എല്‍ പത്ത് എന്ന ചിത്രവുമായും ചിലയിടങ്ങളില്‍ സാമ്യം കാണം. എങ്കിലും ഈ രണ്ടു ചിത്രങ്ങളില്‍നിന്നും വേറിട്ടു നില്‍ക്കാനുള്ള ഫ്രഷ്നസും കിസ്മത്തിനുണ്ട്. കഥയുടെ കാര്യത്തില്‍ ഒരു പുതുമയും പ്രതീക്ഷിക്കേണ്ടതില്ല. യഥാര്‍ഥ സംഭവം ആയതിനാല്‍ അതില്‍ ഭാവനയുടെ തൊങ്ങലുകള്‍ പിടിപ്പിച്ചിട്ടില്ല. അങ്ങേയറ്റം റിയലിസ്റ്റിക് ആയ പരിചരണ രീതിയാണ് ഷാനവാസ് ബാവക്കുട്ടി അവലംബിച്ചിരിക്കുന്നത്. ഒരു നവാഗത സംവിധായകന്‍റെ പതര്‍ച്ച എവിടെയും കാണാനില്ല. പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ക്കെല്ലാം നല്ല സ്വാഭാവികതയുണ്ട്. നാം പ്രേക്ഷകര്‍ ഒരു പൊലീസ് സ്റ്റേഷനില്‍ അകപ്പെട്ടുപോയതുപോലെ തോന്നും. പ്രേമം, ആക്ഷന്‍ഹീറോ ബിജു, മഹേഷിന്‍െറ പ്രതികാരം, അനുരാഗകരിക്കിന്‍വെള്ളം തുടങ്ങിയ ചിത്രങ്ങളുടെ തുടര്‍ച്ചയായി റിയലിസത്തിന്‍െറ രസം അനുഭവിപ്പിക്കുന്നുണ്ട് ‘കിസ്മത്ത്’.

അഭിനേതാക്കളില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത് ഇര്‍ഫാനെ അവതരിപ്പിച്ച ഷെയിന്‍ നിഗം ആണ്. നടനും മിമിക്രി താരവുമായ അബിയുടെ മകന്‍. ഇര്‍ഫാന്‍െറ ദുര്‍ബലമായ ചെറുത്തുനില്‍പ്പുകള്‍, നിസ്സഹായത, പ്രണയം എല്ലാം മനസ്സില്‍ തട്ടുന്ന വിധം ഷെയിന്‍ അവതരിപ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും മലയാള സിനിമയില്‍ ഈ യുവനടന് ഭാവിയുണ്ട്. അജയ് സി മേനോയി വന്ന വിനയ് ഫോര്‍ട്ട് പൊലീസ് എന്ന പ്രാദേശിക അധികാരരൂപത്തിന്‍െറ പ്രതിനിധിയായി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. മലയാളികള്‍ അന്യസംസ്ഥാന തൊഴിലാളികളോട് പെരുമാറുന്നത് എങ്ങനെയെന്നും പാവപ്പെട്ടവരെ കുറ്റവാളികളാക്കുന്നത് എങ്ങനെയെന്നും സമാന്തരമായി പറഞ്ഞുപോവുന്നുണ്ട്. പൊലീസ് സ്റ്റേഷന്‍ രംഗങ്ങളില്‍ ‘കിസ്മത്തു’മായി സാദൃശ്യം പുലര്‍ത്തുന്ന ‘ആക്ഷന്‍ഹീറോ ബിജു’വില്‍നിന്നു വ്യത്യസ്തമായി ഇവിടെ ദരിദ്ര ന്യൂനപക്ഷ ജനവിഭാഗങ്ങളോട് സിനിമ നീതിപുലര്‍ത്തുന്നുണ്ടെന്നു കാണാം. അവര്‍ ഇരകളാക്കപ്പെടുന്നത് എങ്ങനെയാണ് എന്നു കാണിക്കുകയാണ് കിസ്മത്ത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.