ഒഴിവുദിവസത്തെ കളി കാര്യമാകുമ്പോൾ

കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം വിവിധ തീയേറ്ററുകളില്‍ മുഖ്യധാരാ കച്ചവട സിനിമകള്‍ക്കൊപ്പം ഒരു ചെറിയ ചിത്രം കൂടി തിയേറ്റർ നിറഞ്ഞോടുന്നുണ്ട്. സംവിധായകന്‍ ആഷിഖ് അബു മുന്‍കയ്യെടുത്ത് റിലീസിങ്ങിന് എത്തിച്ച സനൽ കുമാർ ശശിധരന്‍റെ 'ഒഴിവുദിവസത്തെ കളി' മലയാളിയുടെ ആസ്വാദന നിലവാരത്തിനെ ഒരു പടി കൂടി മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് ഹൗസ് ഫുള്‍ ആയി തുടരുന്നത്. വളരെകാലത്തിനു ശേഷമാവാം ഒരു ' അവാര്‍ഡ് സിനിമ'ക്ക് നിറഞ്ഞ കൈയ്യടി ലഭിക്കുന്നത്. കോരിച്ചൊരിയുന്ന മഴയും കാറ്റും വക വെക്കാതെ സിനിമാ സ്‌നേഹികള്‍ ഒന്നിച്ചും കൂട്ടായും തിയേറ്ററുകളിലേക്കെത്തുന്നതും തിയേറ്റർ പടവുകളിലിരുന്ന് ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതും അവർക്കിടയിൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാകുന്നതും പ്രതീക്ഷ നൽകുന്ന കാര്യം തന്നെയാണ്.

നിരവധി ചലച്ചിത്ര മേളകളിലെ പ്രദര്‍ശനങ്ങള്‍ക്കും പുരസ്‌കാര നേട്ടങ്ങള്‍ക്കും ശേഷം തീയ്യേറ്ററുകളിലെത്തിയ ചിത്രം ഉണ്ണി ആര്‍ എഴുതിയ ചെറുകഥയെ ആസ്പദമാക്കിയാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമക്ക് വളരെ അപൂര്‍വ്വമല്ലെങ്കിലും പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോകുന്ന, മനപൂര്‍വ്വം ശ്രദ്ധിക്കാതെ ഇരിക്കുന്ന ഒരു രാഷ്ട്രീയത്തിന്‍റെ വ്യക്തമായ വായനയാണ് ഒഴിവു ദിവസത്തെ കളിയെന്ന് പറയാം.  മനുഷ്യന്‍റെ ഉള്ളിൽ ഇപ്പോഴും പതുങ്ങിയിരിക്കുന്ന ജാതീയതയും സ്ത്രീ-പുരുഷ ബന്ധത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സിനിമ ചർച്ച ചെയ്യുന്നു.

തെരഞ്ഞെടുപ്പ് ദിവസമാണ് ഒഴിവു ദിവസത്തെ കളി തുടങ്ങുന്നത്. ടൈറ്റിലുകള്‍ക്കിടയില്‍ വരുന്ന വിവിധ പാര്‍ട്ടികളുടെ രാഷ്ട്രീയ പ്രചരണ രംഗങ്ങളില്‍ നിന്നും തുടങ്ങി സുഹൃത്തുക്കളായ അഞ്ചു പേരുടെ ഒഴിവു ദിവസത്തെ പരിപാടികളിലേക്ക് നീങ്ങുന്നു. ഒഴിവു ദിവസം ആഘോഷിക്കാനായി കാടിനോടു ചേര്‍ന്നുള്ള ഒരു വീട്ടിലേക്കു പോകുന്നതും അവര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
 

ആഷിഖ് അബുവിനൊപ്പം സനൽ കുമാർ ശശിധരൻ
 

സംഭാഷണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിലപ്പോള്‍ അവ്യക്തമാണെങ്കിലും കൃത്യമായ നിലപാടോടു കൂടിയ സംഭാഷണ ശകലങ്ങളാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. വീട്ടില്‍ ഭക്ഷണം തയാറാക്കാന്‍ വരുന്ന സ്ത്രീയോട് പുരുഷന്മാരായ കഥാപാത്രങ്ങളില്‍ ഓരോരുത്തരും പെരുമാറുന്ന വിധവും സ്ത്രീയുടെ പ്രതികരണവും മറ്റൊരു രാഷ്ട്രീയ വായനക്കും വഴി തുറക്കുന്നുണ്ട്. കൂടാതെ കൂട്ടത്തില്‍ ' കറുത്തവനായ' ആളാണ് കോഴിയെ കൊല്ലാനും ചക്കയിടാനായി മരത്തില്‍ കയറാനും നിര്‍ബന്ധിതനാകുന്നത്. അതിനയാള്‍ വിസമ്മതിക്കുന്നുണ്ട്. എന്നാല്‍ വെളുത്തവർ രാജാവും ജഡ്ജിയും പൊലീസും ആകുന്ന സമൂഹത്തില്‍ അതിനുള്ള ചുമതല കറുത്തവനു മാത്രമാകുന്നു.

ഒരുമിച്ചുള്ള മദ്യപാനത്തെ തുടര്‍ന്ന് അവര്‍ ഒരു കളി ആരംഭിക്കുന്നു. കളിയുടെ പരിണിത ഫലങ്ങളിലേക്കാണ് ചിത്രം പിന്നീട് പോകുന്നത്. കൃത്യമായ നിയമാവലികളോടു കൂടിയ കളിയില്‍ നിന്നും എളുപ്പത്തില്‍ വായിച്ചെടുക്കാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സംവിധായകന്‍ നിരത്തുന്നുണ്ട്. മൊബൈൽ കവറേജ്  ഇല്ലാത്ത സ്ഥലത്തു നിന്നു കൊണ്ട് ഫോണിലൂടെ ഉറക്കെ 'ഇത് നമ്പൂതിരി ആണ് ഇത് നമ്പൂതിരി ആണ്' എന്നു സ്വയം പരിചയപ്പെടുത്തുന്ന ആളും സ്ത്രീകൾ കീഴ്‌പ്പെടാനും പുരുഷന് കീഴ്‌പ്പെടുത്താനുമുള്ളതാണെന്ന് തര്‍ക്കിക്കുന്ന കഥാപാത്രവും സമൂഹത്തിന്‍റെ തന്നെ വിവിധ കാഴ്ചപ്പാടുകളെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളാണ്.   

ചില സമയങ്ങളില്‍ ഒഴിവു ദിവസത്തെ കളി ഒരു സിനിമയായി തോന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്. മറിച്ച് ഏതാനും പേര്‍ ഒരുമിച്ചിരുന്ന് വെറുതെ സംസാരിക്കുന്നത് പോലെയാണ് അനുഭവപ്പെടുക. എന്നാല്‍ ചിത്രത്തിലെ ഒരു സംഭാഷണം പോലും അനാവശ്യമായി കയറി വരുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. സിനിമാറ്റിക് ആയ ഒരു ദൃശ്യാനുഭവത്തിന് പകരം റിയലിസ്റ്റിക് ആയ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആര്‍ജ്ജവം കാണിച്ച സംവിധായകന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.  ഓരോ കഥാപാത്രവും മനോഹരമാക്കി ചെയ്ത അഭിനേതാക്കളും. ചിത്രത്തിന്‍റെ കഥയുടെ ഏറ്റവും പ്രധാന ഭാഗത്തു മാത്രം ഉള്ള പശ്ചാത്തല സംഗീതം ഒരിക്കലും മുഴച്ചു നില്‍ക്കുന്നില്ല. കാടിന്‍റെ മനോഹാരിതയും ഭീകരതയും ഒരു പോലെ എടുത്തു കാണിക്കുന്നതില്‍ ക്യാമറയും കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്.

വിക്ടോറിയ, റഷ്യന്‍ ആര്‍ക്ക് തുടങ്ങി പൂര്‍ണ്ണമായും ഒറ്റ ഷോട്ടില്‍ എടുത്ത സിനിമകളും മനോഹരമായ നീളമുള്ള ഷോട്ടുകളോടു കൂടിയ ചില്‍ഡ്രന്‍ ഓഫ് മെന്‍, ഹിച്ച്‌കോക്കിന്റെ റോപ്പ് തുടങ്ങിയ സിനിമകളും എക്കാലത്തും പ്രേക്ഷക/നിരൂപക ശ്രദ്ധ പോലെ പിടിച്ചു പറ്റിയവയാണ്. ആ നിലവാരത്തിലേക്കുയരുന്നതാണ് ഒഴിവു ദിവസത്തെ കളിയും. ചിത്രത്തിന്‍റെ രണ്ടാം പകുതി പൂര്‍ണ്ണമായും ഒരൊറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്. വേറിട്ടൊരു ദൃശ്യാനുഭവം പ്രേക്ഷകനു നല്‍കുന്നു ഇത്. വളരെ അപൂര്‍വ്വമായി മാത്രമാണ് ഈ തരത്തിലുള്ള രംഗങ്ങള്‍ നമുക്ക് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടാകാറുള്ളു.

നല്ല സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ തന്‍റെ പേരുപയോഗിച്ച ആഷിഖ് അബു എന്ന സംവിധായകനും സനല്‍ കുമാര്‍ ശശിധരനെ പോലെ അഭിനന്ദനത്തിനര്‍ഹനാണ്. ഇത്രയധികം ആള്‍ക്കാരിലേക്ക് ഈ ചിത്രം എത്തിയിരിക്കുന്നു എന്നതും അവര്‍ അതിനെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു എന്നതും  ഒരുപാട് പ്രതീക്ഷകള്‍ നൽകുന്നുണ്ട്.  

സാധാരണ ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഈ ചിത്രത്തില്‍ കണ്ടു പരിചയിച്ച സൂപ്പര്‍ താരങ്ങളോ അഭിനേതാക്കളോ എന്തിന് മുന്‍ മുഖ പരിചയം തോന്നുന്ന ഒരു വ്യക്തി പോലും ഇല്ല. പാട്ടുകളോ സംഘട്ടനമോ ഇല്ല.  എങ്കിലും ഇതും സിനിമയാണ്. കൃത്യമായ രാഷ്ട്രീയം പറയുന്ന വ്യക്തമായ നിലപാടുകളുള്ള ഒരു സിനിമ. ഓരോ ഫ്രെയിമും കൃത്യമായി വിളിച്ചു പറയുന്ന രാഷ്ട്രീയമുള്ള സിനിമ. നിലവിലുള്ള സാമൂഹികാവസ്ഥയുമായി താരതമ്യപ്പെടുത്തി അത് വായിച്ചെടുക്കുന്നിടത്താണ് പ്രേക്ഷകരുടെ വിജയം. അവര്‍ക്ക് അത് വായിച്ചെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സിനിമയുടെ കുറ്റമല്ല. മറിച്ച് സ്പൂണ്‍ ഫീഡിംഗ് മാത്രം ദഹിക്കുന്ന തരത്തിലേക്ക് ഒതുങ്ങിക്കൂടിയ പ്രേക്ഷകരുടെ പ്രശ്‌നമാണ്.
 


ഒഴിവു ദിവസത്തെ കളി വെറും ഒരു കളിയല്ല. അതില്‍ കളിക്കപ്പുറത്ത് ഒരു രാഷ്ട്രീയമുണ്ട്. അതിന്‍റെ നിയമങ്ങള്‍ കളിയുടെ മാത്രം നിയമങ്ങളല്ല. അതു നമ്മുടെ സമൂഹത്തിന്റെ കൂടി നിയമങ്ങളാണ്. അതിലെ കഥാപാത്രങ്ങള്‍ മാത്രമല്ല നാം ഒാരോരുത്തും കളിയില്‍ പങ്കെടുക്കുന്നുണ്ട്. ജാതിയും നിറവും അടിസ്ഥാനമാക്കി ഭരണാധികാരിയെയും ഭരണ സഹായിയെയും നിയമ നിർമാതാവിനെയും നിയമ പാലകനെയും ഇതിനെല്ലാം ഒപ്പം ഇരയെയും കൂടി നിശ്ചയിക്കുന്ന നമ്മുടെ സമൂഹത്തിലെ ഞെട്ടിക്കുന്ന കാഴ്ചയിലേക്ക് ആണ് ഈ കളി കൈ ചൂണ്ടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.