ദിൽ ബേചാര- എന്തിനാണ്​ സുശാന്ത്​, നിസ്സഹായ ഹൃദയങ്ങളെ തകർത്തെറിഞ്ഞ്​ നീ പോയത്​?

ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാൻ കഴിയാത്തൊരു നട​െൻറ അവസാന സിനിമ റിലീസാകുന്നതു കാത്തിരിക്കുകയായിരുന്നു രണ്ടുപേർ. ഒരാൾക്ക് 13 വയസ്സും മറ്റൊരാൾക്ക് ഏഴ് വയസ്സും. അയാൾ അവർക്ക് അത്രയും ഇഷ്​ടപ്പെട്ടൊരു നടനായിരുന്നു എന്നറിയാൻ, അയാളുടെ ആത്മഹത്യ വാർത്ത അച്ചടിച്ചുവരുന്നതുവരെ വേണ്ടിവന്നു എന്നത് മക്കളുടെ അഭിരുചികൾ തിരിച്ചറിയാൻ വൈകിപ്പോയൊരു പിതാവായി സ്വയം എന്നെ പരിമിതപ്പെടുത്തുന്നു.

വെള്ളിയാഴ്ച കൃത്യം രാത്രി ഏഴരയ്ക്ക് ഹോട്ട്​സ്​റ്റാർ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ആ സിനിമ സ്ട്രീം ചെയ്തു തുടങ്ങി... 'ദിൽ ബേചാര' (നിസ്സഹായമായ ഹൃദയങ്ങൾ). സിനിമ തുടങ്ങി ഒമ്പതാമത്തെ മിനിട്ടിൽ അയാൾ തമാശ കലർന്ന നൃത്ത ചുവടുകളുമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു- സുശാന്ത് സിങ് രാജ്പുത്ത്. 40 ദിവസങ്ങൾക്കു മുമ്പ് ബാന്ദ്രയിലെ വീട്ടിൽ ഒരു തുണ്ട് കയറിൽ സ്വയം ജീവിതം കുരുക്കിയെറിഞ്ഞ നടൻ. വെറും 34ാമത്തെ വയസ്സിൽ ജീവിതം മതിയാക്കിയൊരാൾ. അവ​െൻറ മരണവാർത്തയുമായി വന്ന പത്രം നോക്കി 'അയ്യോ..! ഇയാളെ എനിക്ക് ഒത്തിരി ഇഷ്​ടമായിരുന്നു..' എന്ന് അഖില ലോക ദുൽഖർ ഫാനായ ഏഴു വയസ്സുകാരൻ മകൻ സങ്കടപ്പെട്ട ദിവസം.

ജൂലൈ 24 രാത്രി 7.30 എന്ന സമയം ഓർത്തുവെച്ചു നടന്ന ഫഹദ് ഫാസിൽ / വിജയ് സേതുപതി ഫാനായ മകൾ. അവർക്കൊപ്പം ഹോട്ട്​​സ്​റ്റാറിനു മുന്നിലിരുന്ന് ആ സിനിമ കാണുമ്പോൾ മിക്കയിടത്തും കണ്ണു നിറഞ്ഞുപോയി.

ഒരു മണിക്കൂർ 41 മിനിട്ട് നീളുന്ന അത്യസാധാരണത്വങ്ങളില്ലാത്ത ഒരു പ്രണയകഥ. പലയിടത്തും താൻ തെരഞ്ഞെടുക്കാൻ പോകുന്ന മരണത്തെക്കുറിച്ച മുന്നറിയിപ്പുകൾ തരുന്ന ഡയലോഗുകൾ അയാൾ തുരുതുരെ പ്രേക്ഷക​െൻറ മുറിവേറ്റ ബോധത്തിലേക്ക് വിക്ഷേപിച്ചുകൊണ്ടിരുന്നു.

നോവും ഹൃദയങ്ങൾ

ഷേക്സ്പിയറുടെ 'ജൂലിയസ് സീസർ' നാടകത്തിൽ കാസിയസ് ബ്രൂട്ടസിനോട് പറയുന്ന വിഖ്യാതമായൊരു ഡയലോഗുണ്ട്. 'The fault, dear Brutus, is not in our stars / But in ourselves, that we are underlings (പ്രിയപ്പെട്ട ബ്രൂട്ടസ്, കുഴപ്പങ്ങൾ നമ്മുടെ നക്ഷത്രങ്ങളിലല്ല, നമ്മിൽ തന്നെയാണ്. നമ്മളോ അതിെൻറ അടിമകളും).

2012ൽ അമേരിക്കയിൽ ബെസ്​റ്റ്​ സെല്ലറായ നോവലിന് ജോൺ ഗ്രീൻ പേരിട്ടത് കാസിയസിെൻറ ഈ ഡയലോഗിൽ നിന്നായിരുന്നു- 'The Fault in our stars'. ഈ നോവലിനെ ആധാരമാക്കിയാണ് മുകേഷ് ചബ്ര എന്ന നവാഗത സംവിധായകൻ 'ദിൽ ബേചാര' എന്ന ഹിന്ദി ചിത്രം ഒരുക്കിയിരിക്കുന്നത്.

തൈറോയിഡ് കാൻസർ ബാധിച്ച് സദാസമയവും ശ്വസിക്കാൻ മൂക്കിൽ ട്യൂബും തോളിൽ ഓക്സിജൻ സിലിണ്ടറും തൂക്കി നടക്കുന്ന കിസി ബസു (സഞ്ജന സംഗി) എന്ന യുവതി കഥ പറയുകയാണ്. അടുത്തെവിടെയോ പതുങ്ങി നിൽക്കുന്ന മരണത്തിലേക്ക് ചുവടുകൾ വെക്കുന്നതിനിടയിൽ, നീട്ടിക്കിട്ടുന്ന സമയത്തിനിടയിൽ, അവളുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി വന്ന കടുത്ത രജനി ഫാനായ ഇമ്മാനുവൽ രാജ്കുമാർ ജൂനിയർ എന്ന മന്നിയെക്കുറിച്ച്. നടപ്പിലും ഇരിപ്പിലും സ്​റ്റൈലിലും രജനീകാന്തിനെ അനുകരിക്കാൻ ശ്രമിക്കുന്ന മന്നിയെ അവൾ കണ്ടുമുട്ടുന്നത് കാൻസർ സപ്പോർട്ട് സെൻററിലേക്കുള്ള യാത്രയിലാണ്. ഇനിയും കാണാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത അഭിമന്യു വീർ എന്ന സംഗീതജ്ഞനെ മനസ്സിൽ പേറി നടക്കുകയാണ്​ കിസി. ഓസ്​റ്റിയോ സർകോമ എന്ന അസ്ഥികളിൽ ബാധിക്കുന്ന കാൻസർ ബാധിച്ച് മന്നിയുടെ ഒരു കാൽ മുറിച്ചുമാറ്റിയതാണെന്നും അയാളിപ്പോൾ ബ്ലേഡ് റണ്ണിലാണെന്നും തിരിച്ചറിയുമ്പോൾ കിസി അമ്പരന്നുപോകുന്നുണ്ട്.

അടുത്തെത്തിയ മരണത്തെ വേതാളം കണക്കെ ചുമലിലേറ്റി നടക്കുന്ന രണ്ടുപേർ. ത​െൻറ ഓക്സിജൻ സിലിണ്ടറിന് പുഷ്പീന്ദർ എന്നു പേരിട്ട് ഓമനിക്കുന്നുണ്ട് കിസി. അവരെ വെച്ച് സിനിമയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കാൻസർ ബാധയാൽ കണ്ണുകളുടെ കാഴ്ച നഷ്​ടമാകുന്ന സുഹൃത്ത് ജെ.പി. ആ സിനിമ പൂർത്തിയാക്കാമെന്ന് ജെ.പിക്ക് ഉറപ്പു നൽകിയിട്ടുണ്ട് മന്നി. എല്ലായിടത്തും പതുങ്ങിയിരിക്കുന്നുണ്ട് സുനിശ്ചിതമായ മരണം. എന്നിട്ടും അതിെൻറ ഭീഷണമായ മുഖങ്ങൾ എവിടെയും കാണിക്കാതെ സുന്ദരമായ മുഹൂർത്തങ്ങളിലൂടെ മുകേഷ് ചബ്ര അനുഭവസമ്പന്നനായ സംവിധായകനെ പോലെ ത​െൻറ ആദ്യ സിനിമ മുന്നോട്ടു കൊണ്ടുപോകുമ്പോൾ സുശാന്ത് മരണമേശാത്ത ഒരാളായി നമുക്കു തോന്നുന്നു. ആദ്യം മന്നിയെ ഒട്ടും ഇഷ്​ടമായില്ലെങ്കിലും അയാളോട് പ്രണയം തിരിനീട്ടുന്നത് അവൾ തിരിച്ചറിയുന്നുണ്ട്.

കിസിയുടെ ബംഗാളിയായ അമ്മക്ക്​ (സ്വസ്തിക മുഖർജി) അവരുടെ അടുപ്പം ആദ്യമൊന്നും ഇഷ്​ടമാകുന്നുമില്ല. അഭിമന്യു വീർ എന്ന സംഗീത സംവിധായക​െൻറ ക്ഷണമനുസരിച്ച് അയാളെ കാണാൻ മന്നിക്കൊപ്പം പാരീസിലേക്ക് പുറപ്പെടാൻ തയാറെടുക്കുമ്പോഴാണ്​ കിസി അതീവഗുരുതരാവസ്ഥയിലായത്. കിസിക്ക് ഏറ്റവും ഇഷ്​ടപ്പെട്ട അഭിമന്യുവിെൻറ ഒരു പാട്ടുണ്ട്. പാതിയിൽ സംഗീതജ്ഞൻ നിർത്തിക്കളഞ്ഞ ഗാനം. എന്താണ് അത് പൂർത്തിയാക്കാത്തത് എന്ന് അയാളോട് ചോദിക്കണം അവൾക്ക്​. അഭിമന്യുവിനെ കാണാൻ വഴിയൊരുക്കിയ മന്നി നിരാശനായെങ്കിലും അയാൾക്കുറപ്പുണ്ടായിരുന്നു കിസി കുഴപ്പമൊന്നുമില്ലാതെ തിരികെ വരുമെന്ന്.

പാരീസിലെ ഒരു കഫേയിൽ വെച്ച് അവർ അഭിമന്യു വീറിനെ (സൈഫ് അലി ഖാൻ) കണ്ടുമുട്ടിയെങ്കിലും അയാളുടെ വിചിത്രമായ, ഉന്മാദം നിറഞ്ഞ പെരുമാറ്റങ്ങൾ അവർക്ക് സഹിക്കാനാകുമായിരുന്നില്ല. പക്ഷേ, കഫേയിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെട്ടു പോകുന്നതിനിടയിൽ അഭിമന്യു ഉച്ചത്തിൽ വിളിച്ചുപറഞ്ഞ വാക്കുകൾ അവരുടെ ജീവിതകഥയായിരുന്നു...

തെരഞ്ഞെടുത്ത മരണക്കുറിപ്പ്

സ്വന്തം മരണനാന്തര ചടങ്ങിൽ ജെ.പിയെയും കിസിയെയും കൊണ്ട് പ്രസംഗിപ്പിക്കുകയും അതുകേട്ട് കൈയടിക്കുകയും ചെയ്യുന്നുണ്ട് മന്നി. 'നമ്മുടെ ജീവിതം നക്ഷത്രങ്ങളിലല്ല കിസീ, നമ്മളിൽ തന്നെയാണ്... നമ്മുടെ ജനനവും മരണവുമൊന്നും നമുക്ക് തീരുമാനിക്കാൻ കഴിയില്ലെങ്കിലും നമ്മുടെ ജീവിതം നമ്മുടെ തീരുമാനമാണ് കിസീ..' ഒരിടത്ത് മന്നി പറഞ്ഞു നിർത്തുന്നുണ്ട്...

ജനനത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെങ്കിലും ബാന്ദ്രയിലെ ആ വീട്ടിൽ അയാൾ മരണം തെരഞ്ഞെടുത്തു ഓടിമറഞ്ഞു. അപ്പോൾ നൊന്തുപിടഞ്ഞ മനുഷ്യർ സുശാന്ത്, ഇന്നലെ നിങ്ങളുടെ ഒടുവിലത്തെ സിനിമ കണ്ട് വാവിട്ട് നിലവിളിച്ചിരിക്കും. എ​െൻറ കുഞ്ഞുങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു സുശാന്ത്...

'പി കെ'യിലെ സർഫറാസായും ധോണിയായും മാത്രമേ നിങ്ങളെ എനിക്കറിയുമായിരുന്നുള്ളു. ഞങ്ങൾ പോലുമറിയാതെ ഏത് മറിമായത്താലാണ് പ്രിയപ്പെട്ട സുശാന്ത്, നിങ്ങൾ ഈ കുഞ്ഞുങ്ങളുടെ മനസ്സിൽ കയറിപ്പറ്റിയത്...? ഇപ്പോൾ ഞങ്ങളുടെ മനസ്സിലും കയറിപ്പറ്റിയത്...? നിങ്ങൾ ഇങ്ങനെയങ്ങ് പോകരുതായിരുന്നു... മരണം കണ്ണുപൊത്തിക്കളിക്കുന്ന ഈ സിനിമയുടെ ഒബ്സഷൻ തന്നെയായിരുന്നോ നിങ്ങളെ വിളിച്ചിറക്കിക്കൊണ്ടുപോയ ആ നശിച്ച തീരുമാനം..? നിങ്ങളുടെ പിടിവിട്ടുപോയ ആ ഒരു നിമിഷത്തെ, നിങ്ങളുടെ ഓർമയുള്ള കാലത്തോളം ഞങ്ങൾ ശപിച്ചുകൊണ്ടേയിരിക്കും സുശാന്ത്....!

ടെയ്​ൽ എൻഡ്​

സുശാന്തിനോടുള്ള ആദരവായി പ്രീമിയം വരിക്കാർക്കും അല്ലാത്തവർക്കും സൗജന്യമായി കാണാവുന്ന വിധത്തിലാണ് ഹോട്ട്​സ്​റ്റാർ ഈ ചിത്രം സ്ട്രീം ചെയ്തിരിക്കുന്നത്. ഐ.എം.ഡിബിയിൽ ഈ സിനിമ കണ്ടവർ റേറ്റ് ചെയ്തിരിക്കുന്നത് 10 ൽ 9.9 ആണ്. ഒറ്റ ഡയലോഗു പോലുമില്ലെങ്കിലും മലയാളികളുടെ മുത്തശ്ശിയായ സുബ്ബലക്ഷ്മി സുശാന്തി​െൻറ മുത്തശ്ശിയായി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സംഗീതം നൽകിയത് എ.ആർ. റഹ്മാൻ ആണെന്ന് ടൈറ്റിൽ കണ്ടതുകൊണ്ട് മാത്രം വിശ്വസിച്ചു. കാരണം, സിനിമയിലെവിടെയും അങ്ങനെയൊരു ഫീൽ ഇല്ല...


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.