ക്രീസിലെ ദൈവത്തിന് പകരക്കാരനില്ല, അതിനാലാവാം സചിന്‍റെ ജീവിത കഥ പറയുന്ന 'സചിൻ എ ബില്യൺ ഡ്രീംസ്' എന്ന ചിത്രത്തിന് സംവിധായകൻ ജെയിംസ് എർസ്കിൻ മറ്റൊരു താരത്തെ തേടാതിരുന്നത്. ഹൃദയം കൊണ്ട് കാണേണ്ട സിനിമയാണിത്. സചിൻ എന്ന ക്രിക്കറ്റ് ഇതിഹാസത്തിെൻറ ജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങൾ വികാര തീവ്രത അണയാതെ വെള്ളിത്തിരയിലെത്തിക്കാനായി എന്നത് പ്രശംസനീയമാണ്. സചിൻ തന്നെ തെൻറ ജീവിതം പറയുന്ന ആഖ്യാനമാണ് ജെയിംസ് എർസ്കിൻ സ്വീകരിച്ചിരിക്കുന്നത്.
ഡോക്യുഫിക്ഷൻ രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ബാല്യകാലത്തിൽ നിന്ന് സിനിമ തുടങ്ങുന്നു. മധ്യവർഗ കുടുംബത്തിൽ ജനിച്ച സചിൻ എന്ന ബാലനെ ലോകമറിയുന്ന ക്രിക്കറ്ററാക്കിയതിൽ ചില വ്യക്തികൾക്ക് നിർണായക പങ്കുണ്ട്. ഇവരിലൂടെയാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. സചിൻ എന്ന താരത്തിെൻറ ഉയർച്ചകളിലൂടെയും താഴ്ചകളിലൂടെയും സിനിമ സഞ്ചരിക്കുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മൽസരത്തിന് ശേഷം ആ ഇതിഹാസം ക്രിക്കറ്റിനോട് വിട പറയുന്നതുവരെയുള്ള മുഹൂർത്തങ്ങൾ തിരശ്ശീലയിൽ നിറയുന്നു. അതിൽ ഇതുവരെ കാണാത്ത കുടുംബ മൂഹുർത്തങ്ങളുണ്ട്. കളിക്കുമപ്പുറം ഡ്രെസിങ് റൂമിലെ സംഭവങ്ങളുണ്ട്. മുൻ ഇന്ത്യൻ നായകൻ അസ്ഹറുദ്ദീനുമായുണ്ടായ ചെറിയ ഇൗഗോകളുണ്ട്. ഇത്തരത്തിൽ സചിെൻറ കളിജീവിതവും അതിന് പുറത്തുള്ള ജീവിതവും മനോഹരമായി സിനിമയിൽ അവതരിപ്പിക്കുന്നു.
സചിന്‍റെ ജീവിതം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം കൂടിയാണ്. 24 വർഷത്തെ ആ കളി ജീവിതത്തിനിടിയിൽ രാജ്യത്ത് നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്. അതുപോലും സൂക്ഷ്മമായി ചിത്രത്തിൽ അടയാളപ്പെടുത്തുന്നു. 1999 ലോകകപ്പിന് മുന്നോടിയായാണ് ‘ക്രിക്കറ്റ് ഞങ്ങളുടെ മതവും സചിൻ ഞങ്ങളുടെ ദൈവവുമെന്ന’ (Cricket is our religion and Sachin is our God) മുദ്രാവാക്യം രാജ്യത്തിലുയർന്നു കേട്ടത്. ഒരു ക്രിക്കറ്റ് കളിക്കാരൻ എങ്ങിനെ കോടിക്കണക്കിന് ആരാധകരുടെ ദൈവമായി മാറി എന്നതിനുള്ള ഉത്തരവും ചിത്രം നൽകും.
ഇൗഡൻ ഗാർഡൻസിലോ, വാംഖഡേ സ്റ്റേഡിയത്തിനുള്ളിലോ ഇരുന്ന് സചിന്‍റെ കളി കാണുന്ന പ്രതീതിയിയാണ് തിയറ്ററിലിരിക്കുേമ്പാൾ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്. കളിയുടെ പിരിമുറക്കത്തിനിടയിൽ ഏതോ മത്സരത്തിലെ മൈതാനപ്പടവിലിരിക്കുന്നവരെ പോലെ നമ്മളും ആർത്തുവിളിക്കും. വിങ്ങിവിങ്ങി കരയും. പിതാവിെൻറ മരണത്തിന് ശേഷം ആഴ്ചകൾ കഴിയും മുമ്പ് ലോകകപ്പ് കളിക്കാൻ പോകുന്ന സചിൻ, 2003ലെ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം മാൻ ഒാഫ് ദ സീരിസ് പുരസ്കാരം വാങ്ങാൻ തലതാഴ്ത്തി പോകുന്നത് എന്നീ രംഗങ്ങളെല്ലാം ഒരു നിമിഷമെങ്കിലും തിയറ്ററിനുള്ളിൽ നിശബ്ദത കൊണ്ടു വരുന്നു.
സചിൻ എന്ന വികാരത്തെ നെഞ്ചിലേറ്റുന്ന എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് ‘സച്ചിൻ എ ബില്യൺ ഡ്രീംസ്’. എ.ആർ റഹ്മാൻ എന്ന ലോകോത്തര സംഗീതജ്ഞന് ബില്യൺ ഡ്രീംസിലെ സംഗീതം ഒരു വെല്ലുവിളിയല്ല. അതിനാൽ തന്നെ സിനിമയോടൊപ്പം പ്രേക്ഷകരോടൊപ്പം ഒഴുക്കായി ചിത്രത്തിലെ സംഗീതം സഞ്ചരിക്കുന്നു.
ചിത്രം കാണുന്ന ഒാരോരുത്തരും ജെയിംസ് എർസ്കിൻ എന്ന സംവിധായകന് മനസിൽ നന്ദി പറയാതെ തിയേറ്റർ വിട്ടു പോകില്ല. അത്രമേൽ ഹൃദ്യവും മനോഹരവുമായി ക്രിക്കറ്റ് ഇതിഹാസത്തെ അദ്ദേഹം വരച്ചു വെച്ചിരിക്കുന്നു. വെറുതെ പറഞ്ഞു പോകുകയല്ല, ഒാരോരുത്തരും നെഞ്ചിടിപ്പോട് കൂടി മുമ്പ് കണ്ട സചിൻ ഇന്നിങ്സുകൾ അതേ വൈകാരിക തീവ്രതയോടെ സിനിമയിൽ കാണിക്കുന്നു. 10ാം നമ്പർ ജേഴ്സിയിൽ ദൈവം ഒരിക്കൽ കൂടി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് സ്വപ്നം കണ്ടാവും ഒാരോരുത്തരും സിനിമ കണ്ടിറങ്ങുക. എന്തായാലും കൈയടിക്കാം. ജെയിംസ് എർസ്കിന് സചിനായി ഇതിഹാസ സമാനമായ സിനിമയൊരുക്കിയതിന്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.