അസാമാന്യമായൊരു 'ടേക് ഓഫ്'

ക്ലൈമാക്‌സില്‍ മാക്ബത്തിന്റെ തല മക്ഡഫ് വെട്ടിയെടുക്കുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് നാല് നൂറ്റാണ്ടു മുമ്പത്തെ ആ നാടകം കാണാന്‍ ഇപ്പോഴും ആളുകള്‍ കയറുന്നത്. നാടകം തുടങ്ങുമ്പോഴേ അവസാന സീനും അറിയാം. എന്നിട്ടും, ക്ലൈമാക്‌സില്‍ ഞെട്ടിത്തരിപ്പിക്കുന്നതാണ് കലയിലെ മിടുക്ക്. അതാണ് നാടകം. അതുതന്നെയാണ് സിനിമയും.

ഇറാഖില്‍ ഐ.എസ് ഭീകരരുടെ തടവില്‍ അകപ്പെട്ട 19 മലയാളി നഴ്‌സുമാര്‍ അവസാന ഷോട്ടില്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുമെന്നറിഞ്ഞുകൊണ്ടുതന്നെ 'ടേക് ഓഫ്' കാണാന്‍ കയറുന്നവരുടെ ആകാംക്ഷയും നെഞ്ചിടിപ്പും അവസാന ഷോട്ട് വരെ നിലനിര്‍ത്താന്‍ കഴിയുന്നിടത്താണ് മഹേഷ് നാരായണന്‍ എന്ന സംവിധായകെൻറയും ടേക് ഓഫ് എന്ന സിനിമയുടെയും വിജയം.

2014ല്‍ ഇറാഖിലെ മ്യൂസിലില്‍ അകപ്പെട്ടുപോയ മലയാളി നഴ്‌സുമാരെ തിരികെ കേരളത്തിലത്തെിച്ചതിന്റെ ക്രഡിറ്റ് ഉമ്മന്‍ ചാണ്ടിയോ കേന്ദ്ര സര്‍ക്കാരോ, അജ്ഞാതനായ 'ആ ബിസിനസുകാരനോ', ആരു വേണമെങ്കിലും അവകാശപ്പെട്ടുകൊള്ളട്ടെ. പക്ഷേ, ഈ ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പാര്‍വതി എന്ന നടിയില്‍ ചെന്നു നില്‍ക്കുന്നു. മൊയ്തീനിലെ കാഞ്ചനമാലയായി അഭിനയിക്കുമ്പോള്‍ കണ്ട പാര്‍വതിയെ 'ചാര്‍ളി'യിലെ ടെസ്സയില്‍ കാണാന്‍ കഴിയാത്തതുപോലെ ആ രണ്ട് ചിത്രങ്ങളിലും കണ്ട പാര്‍വതി ടേക് ഓഫില്‍ അപ്രത്യക്ഷയാവുകയും പകരം സമീറ എന്ന നഴ്‌സിനെ പകരം കിട്ടുകയും ചെയ്യുന്നു.

നഴ്‌സുമാരെ മാലാഖമാരെന്ന് വിളിക്കാറുണ്ടെങ്കിലും മാലാഖമാരുടെ വീട്ടിലെ അവസ്ഥ വിളിക്കുന്നവരാരും ചോദിക്കാറില്ലെന്ന ഒറ്റ ഡയലോഗില്‍ ടേക് ഓഫിന്റെ കഥാസാരം അടക്കം ചെയ്യപ്പെടുന്നുണ്ട്. വെടിയുണ്ടകളാല്‍ തുളവീഴാവുന്നൊരു ജീവിതം മരണത്തിന്റെ കൈയാലപ്പുറത്തിരിക്കുമ്പോഴൂം ഇതുവരെ ചെയ്ത ജോലിയുടെ കൂലിയെ ജീവനെക്കാള്‍ വലുതായി കാണാന്‍ പ്രേരിപ്പിക്കുന്നൊരു ഗതികേടാണ് നഴ്‌സുമാരുടെ ജീവിതം. മരണം കൈയും കാലും വിരിച്ച് നടക്കുന്നൊരു മരുഭൂമിയിലേക്കാണ് സഞ്ചാരമെന്നറിഞ്ഞുകൊണ്ടുതന്നെ ജീവിതത്തെ എറിഞ്ഞുകൊടുക്കുമ്പോഴും അവരെ വ്യാമോഹിപ്പിക്കുന്നത് നാട്ടില്‍ കിട്ടുന്നതിനെക്കാള്‍ നാലിരട്ടി എന്ന അക്കപ്പെരുക്കം തന്നെയാണ്. 

അങ്ങനെയാണ് ആണും പെണ്ണുമടങ്ങുന്ന മലയാളി നഴ്‌സുമാരുടെ സംഘം ആഭ്യന്തര യുദ്ധത്തില്‍ വിറകൊള്ളുന്ന ഇറാഖിലെ മരുക്കാറ്റില്‍ വിമാനമിറങ്ങുന്നത്. അവരവിടെ ആശുപത്രിയില്‍ ഐ.എസ് ഭീകരരുടെ തടവിലാകുന്നതും ആശുപത്രി കെട്ടിടം ബന്ധിപ്പുരയാകുന്നതും ഒടുവില്‍ ഏറെ കഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തുന്നതും നമ്മള്‍ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞതും ചാനലുകളിലൂടെ കണ്ടറിഞ്ഞതുമാണ്.

പക്ഷേ, ആ മുന്നറിവുകളെ സിനിമയുടെ ഓരോ ഫ്രെയിമിലും പിരി മുറുകാതെ നിലനിര്‍ത്തുന്നതില്‍ മഹേഷ് നാരായണന്‍ എന്ന നവാഗത സംവിധായകന്‍ കൈയടക്കത്തോടെ വിജയിക്കുന്നു. കഥാകൃത്ത് പി.വി. ഷാജികുമാറും മഹേഷ്നാരായണനും ചേര്‍ന്നൊരുക്കിയ തിരക്കഥയുടെ ബലം കൂടിയാണ് ഈ സിനിമയെ സമീപകാല മലയാള സിനിമയില്‍ വേറിട്ടു നിര്‍ത്തുന്നത്. മികച്ച സിനിമകളുടെ മാനദണ്ഡം ഹോളിവുഡല്ലെങ്കിലും സാങ്കേതികത്തികവില്‍ അത് പുലര്‍ത്തുന്ന മികവ് അംഗീകരിക്കാതിരിക്കാനാവില്ല. ആ മികവിന്‍െറ പരിസരത്തുതന്നെയുണ്ട് ടേക് ഓഫ് എന്ന മലയാള ചിത്രവും. 

‘ഇറാഖില്‍ ഐ.എസ് ഭീകരരുടെ പിടിയിലായ 19 മലയാളി നഴ്സുമാരെ സുരക്ഷിതരായി കേരളത്തില്‍ എത്തിക്കുന്നു’ എന്ന വണ്‍ ലൈനില്‍ തീരുന്ന കഥയില്‍ ജീവിതം കൂടി ഉള്‍ച്ചേര്‍ത്തിരിക്കുന്നു സിനിമയില്‍. ‘ഒരു ജീവന്‍ രക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഹീറോ ആകുന്നു. ഒരുപാടുപേരുടെ ജീവന്‍ രക്ഷിക്കുമ്പോള്‍ നിങ്ങള്‍ നഴ്സ് ആയിത്തീരുന്നു’ എന്ന അടിക്കുറിപ്പോടെ അവതരിപ്പിക്കുന്ന സിനിമ നഴ്സുമാരുടെ ജീവിതത്തെ തൊടുന്നുണ്ട്. കേരളത്തിലെ ഒരു ആശുപത്രി മുറികളിലും അതുറക്കെ പറയാന്‍ ധൈര്യമുണ്ടാകില്ലെന്ന ഉറപ്പുതന്നെയാണ് മണലാരണ്യത്തിലേക്ക് ജീവിതത്തിന്‍െറ മരുപ്പച്ച തേടുന്ന ഭൂമിയിലെ മാലാഖമാരെക്കൊണ്ട് അവരുടെ വീട്ടിലെ വിശേഷങ്ങള്‍ പറയിക്കുന്നത്. ആദ്യമേ പറഞ്ഞല്ലോ, ഇത് പാര്‍വതിയുടെ സിനിമയാണ്. ഓരോ സിനിമ കഴിയുന്തോറും വളര്‍ച്ച പ്രാപിക്കുന്ന നടിയാണവര്‍. ഒരു ചിത്രത്തില്‍നിന്ന് അടുത്തതില്‍ എത്തുമ്പോള്‍ മുമ്പുള്ള സിനിമയെ കുടഞ്ഞെറിയുന്ന സാമര്‍ഥ്യം ഏറെക്കാലം അവരുടെ സാന്നിധ്യത്തെ ഉറപ്പുതരുന്നു. ചോര്‍ന്നൊലിക്കുന്നൊരു കൂരയ്ക്ക് താങ്ങായി നഴ്‌സ് ജോലി ചെയ്യുന്ന സമീറ എന്ന കഥാപാത്രത്തെ അത്രമേല്‍ ഉള്ളിലേക്ക് ചേര്‍ത്ത് അവര്‍ സ്വീകരിക്കുന്നു. ജീവിതത്തിന്റെയും തൊഴിലിന്റെയും ടെന്‍ഷനുകള്‍ക്കിടയില്‍ ഒന്നുറങ്ങാന്‍ ഉറക്ക ഗുളിക തപ്പിയെടുത്ത് വിഴുങ്ങുന്ന വിങ്ങുന്ന ഒരു നിമിഷമുണ്ട്. ആ ഒരൊറ്റ സീന്‍ മതി പാര്‍വതി എന്ന നടിയുടെ അതിസൂക്ഷ്മ അഭിനയബോധം വെളിപ്പെടുത്താന്‍.

സമയവും കാലവും നോക്കാതെ ജോലി ചെയ്യുമ്പോഴും സ്വകാര്യ ആശുപത്രികളില്‍ അടിമപ്പണി പേറേണ്ടിവരുന്ന, തുച്ഛമായ വേതനം മാത്രമുള്ളവരാണ് നഴ്‌സുമാര്‍ എന്ന സത്യത്തെ എല്ലായ്‌പോഴും മൂടിവെക്കാനാണ് സമൂഹം ശ്രദ്ധിച്ചുപോരുന്നത്. ലോണെടുത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കഴുത്തറപ്പന്‍ ഫീസടച്ച് ബാങ്കിനും ദാരിദ്ര്യം പേറുന്ന വീടിനുമിടയില്‍ ജീവിതം തട്ടിക്കളിക്കുന്ന നഴ്‌സുമാരുടെ പ്രതീക്ഷ പലപ്പോഴും കടല്‍ കടന്നാല്‍ കിട്ടുന്ന തുകയുടെ വലിപ്പം തന്നെയാണ്. ആ വ്യാമോഹത്തിന്റെ പുറത്താണ് വെടിയും പുകയും മണക്കുന്ന ചാവുനിലങ്ങളിലേക്ക് രണ്ടും കല്‍പ്പിച്ചു കടന്നു ചെല്ലാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

വിവാഹമോചിതയും വീടിന്റെ ഉത്തരവാദിത്തങ്ങള്‍ ചുമക്കേണ്ടിവന്നവളുമാണ് സമീറ. സമീറയുടെ എല്ലാ വീര്‍പ്പുമുട്ടലുകളും പ്രതിസന്ധികളും പാര്‍വതി അസാമാന്യമായ മികവോടെ വെള്ളിത്തിരിയിലേക്ക് പകര്‍ത്തുന്നു. സമീറയെ ജീവിതത്തിലേക്ക് ചേര്‍ത്ത് അവള്‍ക്കൊപ്പം ഇറാഖിലേക്ക് പോകുന്ന ഷഹീദായി ഒതുക്കമാര്‍ന്ന അഭിനയം കാഴ്ചവെക്കുന്നു കുഞ്ചാക്കോ ബോബന്‍. തനിക്കൊട്ടും ചേരാത്ത കോമഡിയുടെ ട്രാക്കിലേക്ക് വീണ്ടും വീണില്ലെങ്കില്‍ മലയാളത്തിലെ മികച്ച സ്വഭാവനടനായി കുഞ്ചാക്കോ ബോബന്‍ മാറുമെന്ന് ടേക് ഓഫ് സാക്ഷ്യപ്പെടുത്തുന്നു.

സിനിമയില്‍ ഉടനീളമില്ലെങ്കിലും ഈ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു ഇറാഖിലെ ഇന്ത്യന്‍ അംബാസഡറുടെ വേഷമിട്ട ഫഹദ് ഫാസില്‍. പുതുതലമുറ നടന്മാരില്‍ ശരീരഭാഷയെ കഥാപാത്രത്തിന് അനുയോജ്യമായി ഏറ്റവും മികച്ച രീതിയില്‍ വഴക്കിയെടുക്കാന്‍ കഴിയുന്ന അസാമാന്യ നടനാണ് താനെന്ന് ഫഹദ് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. നായകന്മാര്‍ നരസിംഹമാടിയിരുന്ന കാലം മലയാള സിനിമയില്‍ അസ്തമിക്കുകയും നായികമാര്‍ക്ക് സിനിമയില്‍ പ്രാധാന്യം കൈവരുകയും ചെയ്യുന്നതിന്റെ കാലപ്പകര്‍ച്ചക്ക് തുടക്കമായി ഈ സിനിമ മാറുകയാണെങ്കില്‍ അതായിരിക്കും ടേക് ഓഫ് മലയാള സിനിമക്ക് നല്‍കുന്ന മികച്ച സംഭാവന.

വിശ്വരൂപം, ട്രാഫിക് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ എന്ന നിലയില്‍നിന്ന് സ്വതന്ത്ര സംവിധായകനായി മാറിയ മഹേഷ് നാരായണന് തന്റെ കന്നിച്ചിത്രം നല്‍കുന്ന ആത്മവിശ്വാസം ഏറെ വലുതായിരിക്കും. അകാലത്തില്‍ പൊലിഞ്ഞ സംവിധായകന്‍ രാജഷ് പിള്ളയുടെ ഓര്‍മകള്‍ക്ക് ചുറ്റുമിരുന്നാണ് മഹേഷും കൂട്ടരും ഈ ചിത്രമൊരുക്കുന്നത്.  

ഒരേസമയം ഭീകരര്‍ക്കും സൈന്യത്തിനുമിടയില്‍ അകപ്പെട്ടുപോയ ഒരു ജനതയുടെ നിസ്സാഹായതയില്‍ എവിടെയും ഉടക്കാത്ത ക്യാമറ പൂര്‍ണമായി മലയാളികളുടെ ചുറ്റുവട്ടത്ത് തമ്പടിച്ചിരുന്നു എന്നത് ഈ സിനിമക്കുമേല്‍ ആരോപിക്കാവുന്ന ഒരു കുറ്റമായി വേണമെങ്കില്‍ പറയാം. പ്രതീക്ഷിച്ച ഒരു കൈ്‌ളാമാക്‌സില്‍ സിനിമ നിര്‍ത്തുമ്പോഴും രണ്ടു കാര്യങ്ങള്‍ ഉത്തരമില്ലാതെ ബാക്കിയാവുന്നുണ്ട്. ഒന്ന്, മലയാളി നഴ്‌സുമാരെ ഇറാഖില്‍നിന്ന് കേരളത്തിലത്തെിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ആ ബിസിനസുകാരന്‍. രണ്ട്, അതിനായി അദ്ദേഹവും അറബ് ഭരണകൂടവുമായി നടത്തിയ ഡീല്‍. ഇതുരണ്ടും നഴ്‌സുമാരെ കേരളത്തില്‍ തിരികെയത്തെിച്ചതിന്റെ ക്രഡിറ്റ് തരാതരം പോലെ അവകാശപ്പെടുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് അപഹരിക്കുന്നതാണ്.
 

Tags:    
News Summary - take off review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.