വോട്ട് കുത്തിയ പാട്ടുകള്‍

കേരളനാട്ടില്‍ മറ്റൊരു തെരഞ്ഞെടുപ്പ് മാമാങ്കത്തിന് കൂടി അരങ്ങുണരുകയാണ്. വോട്ടുകാലമെന്നാല്‍ പാട്ടുകാലം കൂടിയാണ്. സ്വന്തം മുന്നണിയെ പ്രകീര്‍ത്തിച്ചും സ്ഥാനാര്‍ഥിയെ വാഴ്ത്തിയും എതിരാളിയെ കുത്തിനോവിച്ചും പാട്ടെഴുതാനും പാടാനും മാത്രമായി ഒരു കൂട്ടം കലാകാരന്‍മാര്‍ എല്ലാ തെരഞ്ഞെടുപ്പുകാലത്തും സജീവമാണ്. വോട്ടുപാട്ട് എന്ന പുതിയൊരു സംഗീതശാഖ തന്നെ ഇവരുടെ സംഭാവനയായി വളര്‍ന്നുവരുന്നു. മലയാള സിനിമയുടെ ബാലറ്റുപെട്ടിയില്‍ പാട്ടിന്‍െറ വോട്ട് കുത്തിയിട്ട ഗാനരചയിതാക്കളും സംഗീതസംവിധായകരും ഏറെയാണ്. മലയാളിക്ക് ഓര്‍ത്തുവെക്കാനും ഏറ്റുപാടാനും ഒരുപിടി വോട്ടുപാട്ടുകള്‍ അവര്‍ സമ്മാനിച്ചു. അസ്വാദകര്‍ പിന്നണി നോക്കാതെ മനസ്സറിഞ്ഞ് വോട്ടു ചെയ്തപ്പോള്‍ ആ പാട്ടുകളൊക്കെ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 
1966ല്‍ കെ.എസ്. സേതുമാധവന്‍െറ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സ്ഥാനാര്‍ഥി സാറാമ്മ’ എന്ന സിനിമയിലാണ് ശ്രദ്ധേയമായ ആദ്യത്തെ വോട്ടുപാട്ടുകള്‍. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ചിത്രത്തിന് വേണ്ടി വയലാര്‍ രാമവര്‍മ എഴുതി എല്‍.പി.ആര്‍. വര്‍മ്മ സംഗീതം നല്‍കിയ രണ്ട് പാട്ടുകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. ‘കുരുവിപെട്ടി നമ്മുടെ പെട്ടി കടുവാ പെട്ടിക്കോട്ടില്ല, വോട്ടില്ല വോട്ടില്ല കടുവാപ്പെട്ടിക്കോട്ടില്ല’ എന്ന ഗാനം പാടിയത് നായകനായ പ്രേംനസീറിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത അടൂര്‍ഭാസിതന്നെ. സ്ഥാനാര്‍ഥിയുടെ പ്രകടനപത്രികയാണ് പാട്ടിന്‍െറ ഉള്ളടക്കം. ‘കുരുവി ജയിച്ചാല്‍ പൊന്നോണം നാടാകെ, പാലങ്ങള്‍, വിളക്ക് മരങ്ങള്‍, പാടങ്ങള്‍ക്ക് കലുങ്കുകള്‍, പാര്‍ക്കുകള്‍, റോഡുകള്‍, തോടുകള്‍, അരിയുടെ കുന്നുകള്‍ നാടാകെ, നികുതി വകുപ്പ് പിരിച്ചുവിടും, ആര്‍ക്കും വനം പതിച്ചുകൊടുക്കും, തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും, കൃഷിക്കാര്‍ക്ക് കൃഷിഭൂമി, പണക്കാര്‍ക്ക് മരുഭൂമി’..ഇങ്ങനെ പോകുന്നു പാട്ടില്‍ നിരത്തുന്ന വാഗ്ദാനങ്ങള്‍. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ളതാണ് രണ്ടാമത്തെ പാട്ട്. പാടിയത് ഉത്തമനും സംഘവും. ‘തോറ്റുപോയ് തോറ്റുപോയ് കടുവാപ്പെട്ടി തോറ്റുപോയ്, കൊടികളുയര്‍ത്തുക നമ്മള്‍, കുരുവി കൊടികളുയര്‍ത്തുക നമ്മള്‍’ എന്നിങ്ങനെയുള്ള പാട്ട് ‘കടുവയെ കുഴിവെട്ടി മൂടുക നമ്മള്‍ ’ എന്ന് പറഞ്ഞ് എതിര്‍ കക്ഷിക്കാരെ കണക്കറ്റ് കളിയാക്കിയാണ് അവസാനിക്കുന്നത്. 
എ.ടി അബു സംവിധാനം ചെയ്ത ‘മാന്യമഹാജനങ്ങളേ’ (1985) എന്ന ചിത്രത്തിലാണ് മറ്റൊരു വോട്ടുപാട്ട്. പൂവച്ചല്‍ ഖാദര്‍ എഴുതി ശ്യാം ഈണമിട്ട പാട്ട് പാടിയത് പി. ജയചന്ദ്രനും ഉണ്ണിമേനോനും സി.ഒ. ആന്‍േറായും. 
‘മാന്യമഹാ ജനങ്ങളേ മാന്യമഹാ ജനങ്ങളേ
ആഴികള്‍ പോലെ വീചിയുണര്‍ത്തും ജനങ്ങളേ
കാറ്റല പോലെ വീശിയടിക്കും ജനങ്ങളേ
ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്താന്‍ ദാരിദ്ര്യം തുടച്ചുമാറ്റാന്‍
വോട്ട് തരൂ വോട്ട് തരൂ ഞങ്ങള്‍ക്കോട്ട് തരൂ’ എന്നാണ് സിനിമയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയവര്‍ പാടുന്നത്. വര്‍ഷം പത്ത് മുപ്പതായെങ്കിലും അന്ന് സിനിമയില്‍ വോട്ട് പിടിക്കാനിറങ്ങിയവരും ഇന്നത്തെ സ്ഥാനാര്‍ഥികളും നല്‍കുന്ന വാഗ്ദാനങ്ങളില്‍ മാറ്റമില്ല.
‘അരിവേണം തുണിവേണം തല ചായ്ക്കാനിടം വേണം
അല്ലലും തല്ലലും കൊല്ലലും മാറ്റാന്‍
അഴിമതിയക്രമം ഇല്ലാതാക്കാന്‍
ഞങ്ങള്‍ വരുന്നൂ നാട്ടാരേ’ എന്നാണ് അവരും പാടിയത്. 
1993ല്‍ പുറത്തിറങ്ങിയ വേണുനാഗവള്ളിയുടെ ‘ആയിരപ്പറ’ എന്ന ചിത്രത്തിലുമുണ്ട് ഒരു വോട്ടുപാട്ട്. എം.ജി. ശ്രീകുമാറും അരുന്ധതിയും സംഘവുമാണ് ആലപിച്ചത്. കാവാലം നാരായണപ്പണിക്കര്‍ എഴുതി രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ വരികള്‍ ഇങ്ങനെ: 
‘എല്ലാര്‍ക്കും കിട്ടിയ സമ്മാനം
അതു വോട്ടല്ളേ തോന്ന്യാസച്ചീട്ടല്ല
കാട്ടല്ളേ കൈയ്യാങ്കളി കാട്ടല്ളേ
നാട്ടാരെ കടിപിടി കൂട്ടല്ളേ’ 
പതിവ് വാഗ്ദാനങ്ങളെല്ലാം ഇവിടെയും പാട്ടില്‍ നിരത്തുന്നുണ്ട്. 
‘കണ്ണല്ലാതെല്ലാം പൊന്നാക്കാം ഞങ്ങളു ജയിച്ചുവന്നാല്‍
ജയമോ കണ്ടോളാം
അതു വോട്ടു പെട്ടീലോ അതോ നാട്ടുതോപ്പിലോ
ഗ്രാമത്തില്‍ റോഡുണ്ടാക്കാനും പാലങ്ങള്‍ കെട്ടാനും എല്ലാം
ആണുങ്ങള്‍ ഈ ഞങ്ങള്‍ തന്നെ വേണം വേണം’.
പിന്നീട് സംഗീതപ്രേമികളെ ഏറ്റവും ഹരം കൊള്ളിച്ച വോട്ടുപാട്ട് പിറന്നത് 2006ല്‍ ലാല്‍ജോസിന്‍െറ ‘ക്ളാസ്മേറ്റ്സ്’ എന്ന ചിത്രത്തിലാണ്. സിനിമ പോലെ തന്നെ ഇതിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കലാലയ രാഷ്ട്രീയത്തിന്‍െറ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തില്‍ പാടുന്നതാണ് ഗാനം. വയലാര്‍ ശരത്ചന്ദ്ര വര്‍മയും അലക്സ് പോളുമായിരുന്നു ഗാനശില്‍പികള്‍. പാടിയത് എം.ജി. ശ്രീകുമാറും പ്രദീപ് പള്ളുരുത്തിയും ചേര്‍ന്ന്. വരികളിലും ഈണത്തിലുമെല്ലാം ഒരു തെരഞ്ഞെടുപ്പിന്‍െറ ചൂടും ചൂരും വാശിയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നതാണ് ഈ ഗാനം. 
‘വോട്ട് ഒരു തെരഞ്ഞെടുപ്പടുക്കണ
സമയത്ത് വിലയുള്ള നോട്ട്
ഈ നോട്ട് ചുടുമനസ്സിന്‍െറ നിറമുള്ള
മഷികൊണ്ട് വിധിയിട്ട ചീട്ട്’ 
എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഇടതിനും വലതിനുമെല്ലാം ആവശ്യത്തിന് കൊട്ടും അടിയുമെല്ലാം കൊടുക്കുന്നുണ്ട്. രാഷ്ട്രീയവും തെരഞ്ഞെടുപ്പും വോട്ടുമൊന്നും ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ കടന്നുവരാത്തതിനാല്‍ ഇത്തരം പാട്ടുകളും ഇപ്പോള്‍ കേള്‍ക്കാനില്ല. എന്തായാലും എണ്ണത്തില്‍ കുറവെങ്കിലും മലായള സിനിമയിലേക്ക് പത്രിക സമര്‍പ്പിച്ച വോട്ടുപാട്ടുകള്‍ക്കൊന്നും കെട്ടിവെച്ച കാശുപോയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷവും അവ മറ്റ് ഗാനങ്ങളെപ്പോലെതന്നെ ജനപ്രിയങ്ങളാണ്. എന്താ, നിങ്ങളും ചെയ്യുകയല്ളേ ഈ പാട്ടുകള്‍ക്കെല്ലാം ഒരു വോട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.