അര്‍ജുന സംഗീതത്തിന് ഒടുവില്‍ അംഗീകാരം

എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചുവെന്ന വാര്‍ത്ത കേട്ട പലരും ചോദിച്ചിട്ടുണ്ടാവുക എത്രാമത്തെ തവണയാണ് മാസ്റ്റര്‍ക്ക് ഈ പുരസ്കാരം കിട്ടുന്നത് എന്നായിരിക്കും. ഇപ്പോള്‍ ഇതേത് സിനിമക്കാ അവാര്‍ഡ് കിട്ടിയത് എന്നാവും രണ്ടാമത്തെ ചോദ്യം.

അര നൂറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിനിടയില്‍ പലവട്ടം മാസ്റ്റര്‍ക്ക് കിട്ടിയിരിക്കണം എന്നാവണം നമ്മളൊക്കെയും വിചാരിക്കുക. പക്ഷേ, ആദ്യമായാണ് ഈ പുരസ്കാരം കിട്ടുന്നതെന്ന് അറിയുമ്പോഴാണ് ഞെട്ടുക.  ഇപ്പോഴും ചുണ്ടില്‍നിന്നും ഓര്‍മയില്‍നിന്നും ഇറങ്ങിപ്പോവാത്ത നൂറുകണക്കിന് പാട്ടുകള്‍ അര്‍ജുനന്‍ മാസ്റ്ററുടേതായുണ്ട്.. അതിലെ ഏതു പാട്ടും പുരസ്കാരത്താല്‍ തിളങ്ങാന്‍ പോന്നതായിരുന്നു.

എം.കെ. അർജുനനും ജി. ദേവരാജനും
 

ഇപ്പോഴാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അന്തസ്സ് ഉണ്ടായതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ കുറിക്കുന്നുണ്ട്. ഇത്രകാലം ഇവിടെയൊക്കെ ഉണ്ടായിരുന്നിട്ടും അംഗീകരിക്കപ്പെടാതെ പോവുകയായിരുന്നു എന്ന വേദനയുണ്ട് ആ വാക്കുകളില്‍. പരിഭവമുണ്ട് ആ പറച്ചിലുകളില്‍. ‘ഭയാനകം’ എന്ന ജയരാജ് ചിത്രത്തിലെ സംഗീതത്തിനാണ് പുരസ്കാരം.

അര്‍ജുനന്‍ മാസ്റ്റര്‍ക്ക് പുരസ്കാരം കിട്ടിയപ്പോള്‍ ശ്രീകുമാരന്‍ തമ്പി തന്‍െറ ഫേസ്ബുക്ക് വാളില്‍ കുറിച്ചു: ‘SILENCE IS THE CLIMAX OF SOUND’ അര നൂറ്റാണ്ടിന്‍െറ അവഗണയ്ക്ക് നല്‍കിയ പ്രായശ്ചിത്തം. മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റ് കൂട്ടുകെട്ടായിരുന്നു വയലാര്‍  -ദേവരാജന്‍ സഖ്യമെങ്കില്‍ അതിനൊപ്പം നില്‍ക്കുന്നതാണ് ശ്രീകുമാരന്‍ തമ്പി -എം.കെ. അര്‍ജുനന്‍ കൂട്ടുകെട്ട്.

എം.കെ. അർജുനനും ശ്രീകുമാരൻ തമ്പിയും
 

പക്ഷേ, തമ്പി - അര്‍ജുനന്‍ കൂട്ടുകെട്ടിലെ പാട്ടുകള്‍ പോലും ആസ്വാദക ലോകം വയലാര്‍ -ദേവരാജന്‍ അക്കൗണ്ടില്‍ വരവുവെച്ചു പോയിട്ടുണ്ട്. ദേവരാജന്‍ സ്കൂളില്‍നിന്നായിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ പാട്ടുവഴി ചിട്ടപ്പെടുത്തിയത്. വയലാറിന്‍െറ തുടര്‍ച്ചയില്‍ പെട്ടുപോയി ശ്രീകുമാരന്‍ തമ്പി എന്നതും രണ്ടുപേരെയും മാറിപ്പോകുന്നതിനും കാരണമായി. പക്ഷേ, വയലാറിന്‍െറ പാട്ടിലെ പ്രണയം ശരീരത്തില്‍ കിടന്ന് തിളച്ചുതൂവിയപ്പോള്‍ ശ്രീകുമാരന്‍ തമ്പിയില്‍ അത് ആത്മാവിന്‍െറ നീറുന്ന പ്രാര്‍ത്ഥനയായി മാറുകയായിരുന്നു. ആ പ്രാര്‍ത്ഥനയിലെ ധ്യാനാത്മകതയെ അര്‍ജുനന്‍ മാസ്റ്റര്‍ സാക്ഷാത്കരിക്കുകയായിരുന്നു.
‘നീല നിശീഥിനീ നിന്‍ മണിമേടയില്‍
നീദ്രാവിഹീനയായ് നിന്നു’ എന്ന പാട്ട് കേള്‍ക്കുക.  ബ്രഹ്മാനന്ദനെക്കൊണ്ട് ആ പാട്ട് പാടിക്കുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനമായി അത് മാറുകയയായിരുന്നു. നോവിറ്റുവീഴുന്ന പ്രണയ ഗാനം. (ചിത്രം: സി.ഐ.ഡി നസീര്‍) ശ്രോതാവിനെ നൊമ്പരത്തില്‍ കുടുക്കിയിടുവാന്‍ ബ്രഹ്മാനന്ദ നാദത്തിനുമായി.

എം.കെ. അർജുനനെ ആദരിക്കുന്ന ചടങ്ങിൽ ശ്രീകുമാരൻ തമ്പി. (ശ്രീകുമാരൻ തമ്പിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റിൽനിന്ന്​)
 

ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എം.ബി. ശ്രീനിവാസന്‍, എം.എസ്. വിശ്വനാഥന്‍, സലില്‍ ചൗധരി തുടങ്ങിയ അതികായന്മാര്‍ മലയാള ചലച്ചിത്ര ഗാന രംഗം അടക്കിവാഴുന്ന കാലത്ത് അവര്‍ക്കിടയില്‍നിന്നുകൊണ്ട് തന്‍െറ മുദ്ര കുറിച്ച വലിയൊരു കൂട്ടം പാട്ടുകള്‍ സൃഷ്ടിക്കാന്‍ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞു. ദേവരാജന്‍െറ സംഗീത സഹായിയായി സിനിമയിലത്തെി സ്വതന്ത്ര സംവിധായകനായി മാറിയ അര്‍ജുനന്‍ മാസ്റ്ററുടെ ജീവിതം പൊരുതിക്കയറിയ ഒരു മനുഷ്യന്‍െറ വിജയഗാഥ കൂടിയാണ്.

മണല്‍ത്തരികളില്‍ വരെ സംഗീതം അലിഞ്ഞുകിടക്കുന്ന ഫോര്‍ട്ടു കൊച്ചിയില്‍ 1936ല്‍ ദരിദ്ര കുടുംബത്തില്‍ പിറന്നുവീണ അര്‍ജുനന്‍െറ ബാല്യം കടുത്ത വെല്ലുവിളികളുടെതായിരുന്നു. അച്ഛന്‍ കൊച്ചുകുഞ്ഞിന്‍െറ മരണത്തിനും ജീവിച്ചുകയറാനുള്ള അമ്മ പാറുവിന്‍െറ പേരാട്ടത്തിനുമിടയില്‍ അര്‍ജുനന് രണ്ടാം ക്ളാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ഒടുവില്‍ പട്ടിണി അകറ്റാന്‍ വഴിതേടി അര്‍ജുനനും ജ്യേഷ്ഠന്‍ പ്രഭാകരനും എത്തിപ്പെട്ടത് മധുരയിലെ ആശ്രമത്തിന്‍െറ കീഴിലുള്ള അനാഥാലയത്തിലായിരുന്നു. ആശ്രമാധിപന്‍ നാരായന സ്വാമിയാണ് അര്‍ജുനനിലെ സംഗീതം ആദ്യമായി തിരിച്ചറിഞ്ഞത്. സ്വാമി ഏര്‍പ്പാടാക്കിക്കൊടുത്ത അധ്യാപകനില്‍ നിന്ന് ഏഴ് വര്‍ഷം സംഗീതം അഭ്യസിച്ചു.

ആ പഠനം അര്‍ജുനന് സംഗീതത്തില്‍ കാലുറപ്പിക്കാന്‍ കരുത്തേകി. നാട്ടില്‍ തിരിച്ചത്തെിയ ശേഷം ജീവിക്കാന്‍ കൂലിപ്പണി വരെ ചെയ്യേണ്ടിവന്നെങ്കിലും സംഗീതത്തില്‍ തന്നെ ഉറച്ചുനിന്നു. നാടകങ്ങളിലൂടെയായിരുന്നു അര്‍ജുനന്‍ സിനിമയിലത്തെിയത്. അതിന് നിമിത്തമായത് ദേവരാജന്‍ മാസ്റ്ററായിരുന്നു. 1969ല്‍ ‘കറുത്ത പൗര്‍ണമി’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീടാണ് ശ്രീകുമാരന്‍ തമ്പിയുടെ കൂട്ടുകെട്ടിലേക്ക് കടന്നുവരുന്നത്. ദേവരാജന്‍ മാസ്റ്ററുമായി ശ്രീകുമാരന്‍ തമ്പിക്കുണ്ടായ പിണക്കം മലയാള സിനിമക്ക് മികച്ചൊരു സംഗീത സംവിധായകനെ നല്‍കുകയായിരുന്നു.

പിന്നീടെല്ലാം ചരിത്രമായി. എത്രയെത്ര പാട്ടുകള്‍. ‘കസ്തൂരി മണക്കുന്നല്ളോ കാറ്റേ.. (പിക്നിക്), പാടാത്ത വീണയും പാടും (റസ്റ്റ് ഹൗസ്), നീലക്കുട നിവര്‍ത്തി വാനം (രക്തപുഷ്പം), ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം (പുഷ്പാഞ്ജലി), മുത്തുകിലുങ്ങി മണിമുത്തു കിലുങ്ങി (അജ്ഞാതവാസം), സുഖമൊരു ബിന്ദു (ഇതു മനുഷ്യനോ), കുയിലിന്‍െറ മണിനാദം, പാലരുവി കരയില്‍ (പത്മവ്യുഹം), മല്ലികപ്പൂവിന്‍ മധുരഗന്ധം (ഹണിമൂണ്‍), സ്നേഹഗായികേ (പ്രവാഹം..), തിരുവോണപുലരിതന്‍ തിരുമുല്‍ കാഴ്ച (തിരുവോണം), ഉറങ്ങാന്‍ കിടന്നാല്‍ (പത്മരാഗം), ചെട്ടികുളങ്ങര ഭരണിനാളില്‍ (സിന്ധു), ആയിരം അജന്താ ശില്‍പങ്ങള്‍ (ശംഖുപുഷ്പം)  തുടങ്ങിയവയൊക്കെ ഈ കൂട്ടുകെട്ടിലെ ചില ഹിറ്റ് ഗാനങ്ങള്‍ മാത്രം.

എം.കെ. അർജുനനും ​ശ്രീകുമാരൻ തമ്പിയും ബിജിബാലും
 

വയലാര്‍, പി.ഭാസ്കരന്‍, ആര്‍.കെ. ദാമോദരന്‍ തുടങ്ങിയവര്‍ക്കൊപ്പവും മികച്ച ഗാനങ്ങള്‍ ഒരുക്കിയ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് അപ്പോഴൊന്നും കിട്ടാതിരുന്ന അംഗീകാരമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരത്തിലൂടെ ലഭിച്ചിരിക്കുന്നത്.

എം.കെ. അർജുനനും എ.ആർ. റഹ്​മാനും ഒരു പഴയകാല ചിത്രം
 

ഓര്‍ക്കസ്ട്രേഷനിലുള്ള കൈയടക്കം ഗുരു കൂടിയായ ദേവരാജനില്‍നിന്ന് സ്വായത്തമാക്കിയ അര്‍ജുനന്‍ അക്കാര്യത്തില്‍ ദേവരാജന്‍ മാസ്റ്ററെപോലും വിസ്മയിപ്പിക്കുന്നുമുണ്ട്. എ.ആര്‍. റഹ്മാനെ ആദ്യമായി പിന്നണിയില്‍ കീ ബോര്‍ഡ് വായിപ്പിച്ചതും മാസ്റ്ററാണ്. പിതൃതുല്യമായ വാല്‍സല്യത്തോടെ റഹ്മാന്‍െറ കുടുംബത്തിനും സംഗീതത്തിനും ഒപ്പമുണ്ടായിരുന്നു അര്‍ജുനന്‍ മാസ്റ്റര്‍. റഹ്മാന്‍െറ പിതാവ് ആര്‍.കെ. ശേഖറും അര്‍ജുനന്‍ മാസ്റ്ററും ദേവരാജന്‍ മാസ്റ്ററുടെ ഇടംവലം നിന്ന കാലം കൂടിയായിരുന്നു മലയാള ചലച്ചിത്ര സംഗീതത്തിന്‍െറ ആ സുവര്‍ണ കാലം.

രൺജി പണിക്കറും ശ്രീകുമാരൻ തമ്പിയും ജയരാജും എം.കെ. അർജുനൻ മാസ്​റ്റർക്കൊപ്പം തകഴി സ്​മൃതി മണ്ഡപത്തിൽ. അർജുനൻ മാസ്​റ്റർക്ക്​ അവാർഡ്​ കിട്ടിയ ‘ഭയാനകം’ സിനിമയുടെ ചർച്ചയ്​ക്കിടയിൽ.ശ്രീകുമാരൻ തമ്പി ഫേസ്​ബുക്കിൽ പങ്കുവെച്ച ചിത്രം
 

 

Tags:    
News Summary - belated music award for M K Arjunan Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.