‘മറക്കില്ല നിന്നെ’- രാധിക തിലകി​െൻറ ഓർമയിൽ വിതുമ്പി പാടി മകൾ ദേവിക -Video

​കൊച്ചി: എന്നും ഓർമിക്കുന്ന ഒരുപിടി ഗാനങ്ങൾ മലയാളിക്ക്​ സമ്മാനിച്ച്​ അകാലത്തിൽ പൊലിഞ്ഞ ഗായിക രാധിക തിലകി​​െൻറ മകൾ ദേവിക സുരേഷ്​ ഒരുക്കിയ മെഡ്​ലി അമ്മക്കുള്ള സ്​നേഹാദരമായി. രാധിക പാടി ഹിറ്റാക്കിയ മൂന്ന്​ പാട്ടുകൾ കോർത്തിണക്കിയാണ്​ ദേവിക അമ്മയുടെ ഓർമക്ക്​ മുന്നിൽ സംഗീതാർച്ചന നടത്തിയത്​. ഒപ്പം ബന്ധുവും ഗായികയുമായ ശ്വേത മോഹൻ കീബോർഡിൽ ഈണവുമിട്ടു. 

രാധികയുടെ ഹിറ്റ്​ ഗാനങ്ങളായ മായാമഞ്ചലിൽ (ഒറ്റയാൾ പട്ടാളം-ശരത്​-പി.കെ. ഗോപി), കാനന കുയിലേ (മിസ്​റ്റർ ബ്രഹ്​മചാരി-മോഹൻ സിത്താര-ഗിരീഷ്​ പുത്തഞ്ചേരി), ദേവസംഗീതം നീയല്ലേ (ഗുരു-ഇളയരാജ-എസ്​. രമേശൻ നായർ) എന്നീ ഗാനങ്ങളാണ് ദേവിക പാടിയത്. ശ്വേത മോഹ​​െൻറ യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ പാട്ട് ഇതിനകം 41,000ത്തിലധികം പേർ കണ്ടുകഴിഞ്ഞു.

‘എന്നും എന്നോടൊപ്പമുള്ള അമ്മയ്ക്കുള്ള സ്നേഹാദരമാണിത്. കുറച്ചുകാലമായി ഞാൻ ഇത്തരത്തിൽ വിഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, സംഗീതത്തിൽ മികച്ച പരിശീലനം ലഭിക്കാത്തതിനാലും നല്ലൊരു ഗായികയായി എന്നെ ഞാൻ പരിഗണിക്കാത്തതിനാലും മടിച്ച്​ നിൽക്കുകയായിരുന്നു. ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു-ഞാനിത്​ ചെയ്​തില്ലെങ്കിൽ പിന്നെയാര്​ ചെയ്യുമെന്ന്​. ഇതെ​​െൻറ അമ്മയ്ക്കു വേണ്ടി’– പാട്ടിനൊപ്പം ദേവികയുടെ കുറിപ്പും ശ്വേത പങ്കുവെച്ചു. 

മെഡ്‌ലി ഒരുക്കാൻ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന സുജാതയ്ക്കും ശ്വേതയ്ക്കും സുഹൃത്തുക്കൾക്കും ദേവിക നന്ദി അറിയിക്കുന്നുമുണ്ട്​. ‘രാധിക ചേച്ചി സ്വർഗത്തിലിരുന്ന്​ ഇതെല്ലാം കണ്ട്​ ചിരിതൂകുന്നുണ്ടാകുമെന്ന്​ എനിക്കുറപ്പുണ്ട്​’- എന്ന്​ ശ്വേതയും കുറിച്ചു. ദേവിക ഫോണിൽ അമ്മയ്ക്കൊപ്പമുള്ള ഓർമച്ചിത്രങ്ങൾ നോക്കി നിൽക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്.

ജി. വേണുഗോപാലിനൊപ്പം രാധിക പാടിയ ‘മായാമഞ്ചലിൽ’ ആണ്​ ആദ്യം.  തുടർന്ന് എം.ജി. ശ്രീകുമാറിനൊപ്പം പാടിയ ‘കാനനക്കുയിലേ’. ഇതി​​െൻറ അനുപല്ലവിയിൽ ‘മറക്കില്ല നിന്നെ’ എന്ന ഭാഗമെത്തു​േമ്പാൾ ദേവിക വിതുമ്പുന്നുമുണ്ട്​. കെ.ജെ.യേശുദാസിനൊപ്പം രാധിക ആലപിച്ച ‘ദേവസംഗീതം നീയല്ലേ’ എന്ന ഗാനത്തോടെയാണ്​ മെഡ്‌ലി അവസാനിക്കുന്നത്.

ഹൃദയസ്​പർശിയായ കുറിപ്പോടെ ഗായിക സുജാതയും വിഡിയോ പങ്കുവെച്ചു. ‘ഞങ്ങളുടെ കുടുംബത്തിന്​ ഏറെ സ്​പെഷൽ ആയ വിഡിയോ ആണിത്​. എ​​െൻറ അനുജത്തി രാധികക്കായുള്ള ഈ സമർപ്പണം രാധികയുടെ മോൾ തന്നെ പാടുന്ന എന്നുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ഓരോ ദിവസവും നിന്നെ ഓർത്തുകൊണ്ട്​ സുജു ചേച്ചി’ എന്നാണ്​ സുജാത കുറിച്ചത്​. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക്​ അന്തരിച്ചത്. 

 

Full View
Tags:    
News Summary - Devika Suresh singing in memory of mother Radhika Thilak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.