ഗിരീഷ് പുത്തഞ്ചേരി

ഏതോ രാവിൻ കൂരിരുൾപോലെ

ഒറ്റക്ക് നിൽക്കുന്നവന്റെ നോവും നൊമ്പരവും വികാരവിഷാദങ്ങളും അത്യന്തം സൗന്ദര്യാത്മകമായി പാട്ടിലെഴുതുകയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. നിൽനിൽപിന്റെ വേദനയും മനുഷ്യജീവിതത്തിന്റെ ദൗരന്തികതയും ചേർന്നുണ്ടാകുന്ന ഇരുൾമൂടിയ ചില സാന്നിധ്യങ്ങൾ എപ്പോഴും ഗിരീഷിന്റെ ഗാനങ്ങളിൽ സജീവമായിരുന്നു. ആന്തരികമായ നോവിന്റെ ഒരു ഭാവലോകമായിരുന്നു അത്. ആ ഗാനങ്ങളിൽ അഗാധമായ നോവിന്റെ സൗന്ദര്യസ്പർശമുണ്ടായിരുന്നു. തളംകെട്ടിനിൽക്കുന്ന നോവിന്റെ അനുഭവസ്ഥലികൾ. നോവും ദുഃഖവും ലയിച്ചുചേർന്നൊരു വിഷാദ കാൽപനികത ആ ഗാനങ്ങളിൽ സാന്ദ്രമായി.

പാട്ടിൽ ഇത്രയധികം ഇരുൾധ്വനികൾ സന്നിവേശിപ്പിച്ച മറ്റൊരു പാട്ടെഴുത്തുകാരനില്ല മലയാളത്തിൽ. ഇരുട്ടിന്റെ എത്രയെത്ര മാത്രകളും മുദ്രകളുമാണ് ഗിരീഷിന്റെ ഗാനങ്ങളിൽ പൂക്കൾപോൽ വിരിഞ്ഞുനിൽക്കുന്നത്. പാട്ടിന്റെ താളവും ലയവും ഈണവുമൊക്കെയുമായി ഇരുട്ടിന്റെ ഈ കാലാന്തരങ്ങൾ കവിയുന്നു. ശോകത്തിന്റെ അരണ്ട വീഥികളിൽ ഓരോ കഥാപാത്രവും താണ്ടുന്ന സഹനദീർഘമായ ജീവിതയാത്രയെ സൂചിപ്പിക്കാനാണ് ഗിരീഷ് ഇത്തരം ഇരുൾ സന്ദർശനങ്ങൾ നടത്തുന്നത്. ആധികൾ, വ്യസനങ്ങൾ, വിരഹങ്ങൾ, കാതരകൾ, പരിരക്ഷയുടെ താരാട്ടില്ലാത്ത നേരങ്ങൾ, അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും തീരങ്ങൾ. ഇങ്ങനെ പാട്ടിൽ ഇരുട്ടിന്റെ തീവ്രതകൾ ഏറുന്നു. ഏകാന്തത്തിനും സ്വത്വാലോകത്തിനുമിടയിൽ സന്ദേഹിയായി നിൽക്കുന്ന ഒരാളുടെ വേദനകളാണ് ഇരുട്ടിൽ നിറയുന്നത്. ജീവിതത്തിന്റെ മൗനത്തിലേക്ക് മടങ്ങിപ്പോയ കഥാപാത്രങ്ങളുടെ ഉള്ളാണ് ഇരുട്ടിനാൽ വിനിമയം ചെയ്യപ്പെടുന്നത്.

ഭീതിയും ഏകാന്തതയും നിറഞ്ഞ മാനസവിഹാരങ്ങളിലാണ് കഥാപാത്രങ്ങളുടെ ഭാവനാജീവിതം. സർവാശ്ലേഷിയായ ഇരുട്ടിന്റെ മൗനപഥങ്ങൾ കാണാം ഗിരീഷിന്റെ പല ഗാനങ്ങളിലും. ഇരുട്ടിനാൽ പാട്ടിനെ പുനർനിർവചിക്കുകയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഇരുട്ടിന്റെ ആരൂഢമായിരുന്നു ആ ഗാനങ്ങൾ. പാട്ടിൽ ഇരുട്ടിനെ സവിശേഷമായി അരിച്ചെടുക്കുന്ന ഒരു രീതിയാണിത്. ബാല്യകൗമാരങ്ങളിൽ സ്വയമനുഭവിച്ച അനുതാപാർദ്രമായ ജീവിതനേരങ്ങൾ ആ ഗാനങ്ങളിൽ പ്രതിഫലിക്കുന്നു. ഗിരീഷിന്റെ ഗാനങ്ങളിൽ ഇരുട്ട് ഒരേ സമയം സ്ഥലവും കാലവുമായി മാറുന്നു. ബാല്യകാലത്തെ ഇല്ലായ്മയും വല്ലായ്മയും ചേർന്ന് സ്വയമണിയുന്ന ഒരു പുതപ്പുപോലെ ആ ഗാനങ്ങളിൽ ഇരുട്ട് പ്രത്യക്ഷമായി. അതിൽ പുറപ്പെട്ടുപോകലും തിരിച്ചുവരലും പടരലും ചുരുങ്ങലും എല്ലാമുണ്ടായിരുന്നു.

ഓരോ പാട്ടിലും ഇരുട്ടിന്റെ ചെറുതരികൾ കാണുകയുണ്ടായി. പല ഗാനങ്ങളിലും ഇരുട്ടിന്റെ ചില്ലകൾ ഉലഞ്ഞു. പാട്ടിൽ കദനത്തിന്റെ ജൈവകാന്തി കൂട്ടുകയായിരുന്നു ഇരുട്ട്. ‘ഇരുളിന്റെ കൂടാരത്തിൽ ഞാൻ മാത്രമായി’ എന്ന് കാണാക്കിനാവ് എന്ന സിനിമയിലെ കഥാപാത്രം പാടുമ്പോൾ ആ കദനം നാംകൂടി അനുഭവിക്കുന്നു. ഏകാകിയുടെ ദുഃഖങ്ങളുടെ നേരെഴുത്തായി മാറുകയായിരുന്നു ഗിരീഷിന്റെ ഗാനങ്ങൾ. ഒരർഥത്തിൽ ഇരുട്ടുമായുള്ള അഭിമുഖ സംഭാഷണങ്ങൾ. ഇരുട്ട് പാട്ടിൽ മറ്റൊരു ഭാവലോകം പണിയുന്നു. പകൽ മായുന്ന എത്രയോ നേരങ്ങൾ ഗിരീഷിന്റെ ഗാനങ്ങളിൽ കാണാനാവും.

ഇരുൾ വീഴുന്ന ഒരു ഇടനാഴിയുണ്ട് ഈ ഗാനങ്ങളിൽ. ‘ഇടനെഞ്ചിലെ ഇരുട്ടിന്റെ കൂട്ടിൽ പിടയുന്നു ഞാനെന്ന നോവുപക്ഷി’ എന്ന് അദ്ദേഹം ഒരു പാട്ടിലെഴുതിയിട്ടുണ്ട്. ‘കൂരിരുൾക്കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റയ്ക്ക് നിൽക്കുന്ന’ ഒരാളെയാണ് ‘ബാലേട്ടൻ’ എന്ന സിനിമയിലെ കഥാപാത്രത്തിൽ നാം കാണുന്നത്. അച്ഛന്റെ വിയോഗവ്യഥയിൽ സകലബാധ്യതകളും ഏറ്റെടുത്ത് ഒറ്റക്കാകുന്ന കഥാപാത്രത്തിന്റെ ആന്തരികത തീക്ഷ്ണമായി അവതരിപ്പിക്കാനാണ് ‘കൂരിരുൾക്കാവ്’ എന്ന ഇമേജിനെ ഗിരീഷ് ആ പാട്ടിലേക്ക് കൊണ്ടുവന്നത്. ‘ഇരുളിന്റെ ഇടനാഴിയിൽ മൺവിളക്കായി എരിഞ്ഞടങ്ങുന്ന’ എത്രയോ കഥാപാത്രങ്ങളുണ്ട് ഗിരീഷിന്റെ ഗാനങ്ങളിൽ. ‘ഏതോ രാവിൻ കൂരിരുൾ പോലെ’ എന്നെഴുതാനായിരുന്നു ഗിരീഷിനിഷ്ടം. അങ്ങനെയൊരു രാത്രിയുടെ കൂരിരുൾ വന്ന് ആ ഗാനങ്ങളെ മൂടുന്നുണ്ട്. ‘ഇരുളിൽ പറന്ന് മുറിവേറ്റു പാടുന്ന ഒരു പാവം തൂവൽക്കിളി’യുണ്ട് ഗിരീഷിന്റെ ഗാനങ്ങളിൽ.

വിടവാങ്ങുന്ന ഒരു വിരഹാർദ്ര സന്ധ്യയുമുണ്ടായിരുന്നു ‘വിഷാദങ്ങൾ പങ്കിട്ട് ഇരുൾപായയിൽ മൂകമായി തേങ്ങിയോർ നാം’ എന്ന് സങ്കടപ്പെടുന്ന പ്രണയികളുമുണ്ടായിരുന്നു. ഇരുൾക്കാടും ഇരുളിന്റെ ഇടനാഴിയും ഇരുൾച്ചുഴിയും കൂരിരുൾക്കാവും ഇരുൾമഴയും ഇരുൾപ്പൂവും ഇരുളുന്ന ഏകാന്ത രാവും ഇരുൾ മൂടും കിനാവും ഇരുൾ വീണുറങ്ങുന്ന തറവാടും നോവിന്റെ വീഥിയും പാഴിരുൾ വീഴുന്ന നാലുകെട്ടും ഇരുളിന്റെ കോണും ഇരുളിന്റെ കൂടാരവും അലിവോലും നെഞ്ചിലെ ഇരുളും അഴലിന്റെ ഇരുളും രാവിരുളിൽ വഴിയോരവും ഇരുൾക്കൂട് തേടിപ്പോകുന്ന മിഥുനക്കാറ്റും... അങ്ങനെ എത്രയെത്ര ഇരുൾസൂചകങ്ങളാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളിലുള്ളത്.

ഇരുട്ടെന്ന വാക്കുപയോഗിക്കാതെ തന്നെ പാട്ടിൽ അതിന്റെ സാന്നിധ്യമറിയിക്കുന്നുണ്ട് അദ്ദേഹം. ‘യാത്രയായ് സൂര്യാങ്കുരം, ഏകയായ് നീലാംബരം’, ‘പൊന്നാട മങ്ങിയ പോക്കുവെയിൽ, മനയോല മാഞ്ഞുപോയ സാന്ദ്രസന്ധ്യ, മുകിൽ മാലയിൽ മാഞ്ഞ മധുമാസ ചന്ദ്രൻ, ക്ലാവ് പിടിക്കുന്ന സന്ധ്യാനേരം, വിൺസൂര്യന്റെ വിരഹമറിയുന്ന പ്രണയസന്ധ്യ... അങ്ങനെ പാട്ടിൽ നോവിന്റെ രൂപകമെന്നോണം ഇരുട്ട് പടരുന്നു. ‘അഴലിൻ ദീപം പൊലിയുന്നു, എല്ലാമിരുളിൽ അലിയുന്നു’ എന്ന് ഒരു പാട്ടിൽ എഴുതിയിട്ടുണ്ട് ഗിരീഷ് പുത്തഞ്ചേരി.

പറയാതെ പോയ് മറയുന്ന പകലിന്റെ ഇമേജറിയിൽ ഒരു കഥാപാത്രത്തിന്റെ പ്രാണസങ്കടം മുഴുവൻ അനുഭവവേദ്യമാക്കുകയാണ് കവി. ‘പരിഭവമോടെ നിറമിഴിയോടെ പകലും പൊലിയുന്നു, ഇരുളായലിയുന്നു’ എന്ന പാട്ടിലുണ്ട് ഇതേ വിരഹസങ്കടത്തിന്റെ ആഴം. പകൽ മായുന്ന മുകിൽവാനത്തിലും വിരുന്നു വരുന്നുണ്ടൊരു ഇരുട്ട് നിറഞ്ഞ രാത്രി. ‘പകൽവെയിൽപ്പറവകൾ ചിറകടിച്ചുയരുന്ന സന്ധ്യായാമവും ഗിരീഷിന്റെ ഗാനങ്ങളിൽ ചേക്കേറി. മായുന്ന പകൽസൂര്യനും വെയിലിന്റെ ഒരു തൂവൽ മാത്രം മറന്നിട്ട് പറന്നുപോകുന്ന വേനൽക്കിളിയുമൊക്കെ ഈ പാട്ടുപ്രപഞ്ചത്തിൽ മാറിമാറി വന്നെത്തിയവരാണ്.

‘സായംസന്ധ്യയിൽ ഒരു നോവും സൂര്യനായ് ഇരുളിന്റെ കോണിൽ എരിയുന്നു നീ എനിക്കായ്’ ‘ഇനിയുമീ ഇരുളിൽ അഭയം’ എന്നിങ്ങനെയുള്ള പാട്ടുകളിലൊക്കെ ഗിരീഷ് എന്ന കവി ഉള്ളിൽപേറിയ വിഷാദങ്ങളുടെ ഘനസാന്ദ്രതയുണ്ട്. ‘ദൂരതാരദീപമേ, ഇരുൾച്ചുഴിയിൽ നീറുകയാണെൻ ജന്മം നീ മായും രാത്രിയിൽ’ എന്ന പാട്ടുവരിയിൽ അസാധാരണമാംവിധം ഇരുൾ വന്ന് നിറയുന്നുണ്ട്. പാട്ടിൽ ‘പാഴ്’ എന്ന വാക്കിന്റെ പ്രഭുവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പാഴിരുളും പാഴ്നിലാവും പാഴ്ശ്രുതിയും പാഴ്നിലവും പാഴ് മുളങ്കൂടും പാഴിരുൾക്കൂടും പാഴ് മനസ്സും പാഴ് മോഹവും... അങ്ങനെ വ്യർഥതയുടെ ഇമേജുകൾ എത്ര വേണമെങ്കിലുമുണ്ട് ഗിരീഷിന്റെ ഗാനങ്ങളിൽ.

വ്യക്തിയും അയാളുടെ ബന്ധങ്ങളും നേരിടുന്ന മഹാവ്യസനങ്ങളുടെ ഒരു ഇരുട്ടുനിറഞ്ഞ കടൽ ഗിരീഷിന്റെ ഗാനങ്ങളിൽ സദാ ഇളകിമറഞ്ഞിരുന്നു. പാട്ടിൽ നോവിന്റെ പ്രസാദാത്മകതയെ പ്രസരിപ്പിക്കുവാനും ദുഃഖിതമായ ഒരു ഭാവുകത്വം സൃഷ്ടിക്കാനുമായിരുന്നു ഗിരീഷ് ഒരുപക്ഷേ, ഇരുട്ടിന്റെ ഇഷ്ടലോകങ്ങളെ തന്റെ പാട്ടിൽ കൊണ്ടുവന്നിരുന്നത്. അത് സ്വന്തം ജീവിതത്തിലെ സങ്കടസഞ്ചാരങ്ങളുടെ സംഗീതമായിരിക്കാം. ചലച്ചിത്ര സന്ദർഭങ്ങളിലെ കഥാപാത്രങ്ങൾക്കുവേണ്ടി സ്വയമുരുകുന്ന ബോധവും ബോധ്യവും ഗിരീഷിന്റെ ഗാനങ്ങൾക്കുണ്ടായിരുന്നു. ഗിരീഷിന്റെ ഗാനങ്ങൾ അയാളുടെ കാവ്യഭാഷയിൽ പറഞ്ഞാൽ ‘ഖൽബിലെ കത്തണ’ പാട്ടുകളായിരുന്നു. ഇരുട്ടിനോടുള്ള പ്രാർഥനാത്മകമായ ബന്ധത്തിന്റെ തീവ്രതകളായിരുന്നു ആ ഗാനങ്ങളിലുണ്ടായിരുന്നത്. കർമപരമ്പരകളുടെ വിയോഗവീഥിയിൽ ഇരുട്ടിൽ ഒറ്റക്ക് നിൽക്കുന്ന ഒരാളുടെ തീവ്ര ഖേദങ്ങളായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ എന്നുപറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

Tags:    
News Summary - Girish Puthanchery- song- music feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.