എത്രനാള് കാത്തിരുന്ന് ഒന്നുകാണുവാൻ.. പാട്ടിന്‍റെ താളത്തിനൊത്ത് കല്യാണവീട്ടിൽ സ്വയം മറന്ന് നൃത്തം ചെയ്യുന്ന ലുഖ്മാൻ അവറാൻ. വെട്ടിത്തിളങ്ങുന്ന കോസ്റ്റ്യൂമിൽ വർണ്ണ വിസ്മയം പൊഴിക്കുന്ന അലങ്കാര വിളക്കുകൾക്ക് നടുവിൽ സുലൈഖ മൻസിലിലെ ഈ നായകൻ ലെങ്കിമറിയുകയാണ്.
റീൽസുകളിലും സാമൂഹ്യമാധ്യമങ്ങളിലും കല്യാണവീടുകളിലും കത്തിപ്പടരുന്ന ഈ നൃത്തച്ചുവടുകളുകളുടെ ശരിക്കും നായകൻ മാപ്പിള ആൽബങ്ങളുടെ ഹൃദയഭൂമിയായ മലബാറിലല്ല, ഇങ്ങ് തിരുവനന്തപുരത്താണ്. കൃത്യമായി പറഞ്ഞാൽ തിരുവനന്തപുര ബാലരാമപുരം പുത്തറക്കാട്ട്. വൈറൽ എന്ന വാക്കുപോലും പിറവിയെടുക്കാത്ത കാലത്ത് ബാലരാമപുരം ഹൗസിങ് ബോർഡ് ജങ്ഷൻ റോഡുവക്കിലെ പെരുന്നാൾ പരിപാടിക്ക് താത്കാലികമായി കെട്ടിയുയർത്തിയ പ്ലാറ്റ്ഫോമിൽ അനസ് നിറഞ്ഞാടിയ നൃത്തച്ചുവടുകളാണ് പത്ത് വർഷങ്ങൾക്കിപ്പുറം സുലൈഖ മൻസിലിൽ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.
പാട്ടിനോളം ജീവനുള്ള സ്റ്റെപ്പുകളായിരുന്ന് അത്. അന്ന് ആരാണ് വീഡിയോ എടുത്തതെന്ന് അനസിനറിയില്ല. അത്ര ക്വാളിറ്റിയൊന്നുമില്ലാത്ത കാമറയിൽ എടുത്ത വീഡിയോ ആരോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. പലരും അന്നേ കണ്ടിരുന്നു. ഇപ്പോൾ ലുഖ്മാന്‍റെ ‘എത്രനാള്’ വൈറലായതിന് പിന്നാലെ അന്ന് കണ്ടവർ വീണ്ടും ആ പഴയ തെരുവിലെ അനസിന്‍റെ ‘എത്രനാള്’ തേടിപ്പിടിച്ചു. അനസിന്‍റെ ഡാൻസും ലുഖ്മാന്‍റെ ഡാൻസും ഒറ്റ ഫ്രയിലാക്കി ഇൻസ്റ്റയിലിട്ടു.വീണ്ടും വൈറാലാക്കി. ഇതോടെയാണ് ഡാൻസിന് താത്കാലിക വിരാമമിട്ട് ഡെലിവറി ബോയിയുടെ വേഷമണിഞ്ഞിരുന്ന അനസ് വീണ്ടും വെള്ളിവെളിച്ചത്തേക്കെത്തുന്നത്.
പാട്ടിലെ വരികൾ പൂർണ്ണമാക്കി നാളേറെ കാത്തിരുന്ന് കാലം ആ പ്രതിഭയെ കണ്ടെത്തിയിരിക്കുന്നു. ഉപജീവനത്തിനായി ബേക്കറി സാധനങ്ങൾ കടകളിലെത്തിക്കുന്ന ജോലി ചെയ്യുകയാണ് ഇന്ന് അനസ്. അനസിന്‍റെയും ലുഖ്മാന്‍റെയും നൃത്തച്ചുവടുകൾ ഒന്നിച്ചാക്കിയുള്ള വിഡിയോ ലുഖ്മാനും നായിക അനാർക്കലിയും സംവിധായകനും സ്റ്റോറിയാക്കി ഇൻസ്റ്റയിലിട്ടതായി അനസ് പറയുന്നു. ഇൻസ്റ്റ ചാറ്റിൽ ‘ഹഗ്ഗ്’ ചെയ്യുന്ന ഇമോജിയായിരുന്നു ലുഖ്മാന്‍റെ പ്രതികരണം. പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹവും.
ഡാൻസ് വന്ന വഴി: പെരുന്നാൾ പരിപാടിക്ക് സിനിമാപ്പാട്ട് കളിക്കാനായില്ല, പക്ഷേ കളിച്ചത് വൈറൽ
ചെറുപ്പം മുതലേ ഡാൻസിനോട് അനസിന് കമ്പമുണ്ട്. നൃത്തം പഠിക്കാനൊന്നും പോയിട്ടില്ല. പിതാവ് നേരത്തെ മരിച്ചു. ഉമ്മയും രണ്ട് സഹോദരൻമാരുമാണ് അനസിനുള്ളത്. ഒരു ഹാളും അടുക്കളയും മാത്രമുള്ള വാടക വീട്. ഹാളിൽ പാട്ടുവെച്ചാൽ അടുക്കളയിൽ കേൾക്കാം. വീട്ടിൽ എല്ലാവരും ഹാളിലിരിക്കുമ്പോൾ ഹാളിൽ പാട്ടിട്ട ശേഷം കർട്ടനിട്ട് അടുക്കളയിൽ ഒറ്റയ്ക്ക് ഡാൻസ് കളിച്ചായിരുന്നു പരിശീലനം. തമിഴ് പാട്ടുകളായിരുന്നു ഇഷ്ടം.
നൃത്തത്തോടുള്ള കമ്പം കൂട്ടുകാരിൽ ചിലർക്കെല്ലാം അറിയാമായിരുന്നു. അങ്ങനെയിരിക്കെ വീടിന്നടുത്ത് അയ്യൻകാളി ജൻമദിന പരിപാടി വരുന്നു. കൂട്ടുകാരെത്തി ഡാൻസിന് നിർബന്ധിക്കുന്നു. ആ പിന്തുണയിലും പ്രോത്സാഹനത്തിലുമാണ് അക്ഷരാർഥത്തിൽ ‘അടുങ്ങളയിൽ നിന്ന് അരങ്ങത്തേക്കുള്ള’ അനസിന്‍റെ അരങ്ങേറ്റം. ഇങ്ങനെ പ്രദേശത്ത് ഡാൻസറായി പേരെടുത്ത് വരുന്ന കാലം. വർഷം 2008. പൂവച്ചലിനുടുത്ത് ആലുമുക്കിൽ ഒരു പെരുന്നാൾ പരിപാടിക്കായി അനസിന് ക്ഷണം കിട്ടി. ആവേശത്തോടെയായിരുന്നു മുന്നൊരുക്കങ്ങൾ.
അക്കാലത്ത് ധനുഷിന്‍റെ പൊല്ലാധവൻ സിനിമയിലെ ഹിറ്റ് പാട്ടിലൊക്കെ പ്രാക്ടീസ് ചെയ്താണ് തയ്യാറെടുത്തത്. എന്നാൽ പരിപാടി ദിവസം അവിടെ എത്തിയപ്പോഴാണ് പെരുന്നാൾ പരിപാടിയായതിനാൽ സിനിമപ്പാട്ടിൽ കളിക്കാനാകില്ലെന്നറിയുന്നത്. ഇതോടെ എന്ത് ചെയ്യണമെന്ന ആലോചനായി. ഇതിനിടെയാണ് സലിം കോടത്തൂർ പാടി അവിസ്മരണീയമാക്കിയ ‘എത്ര നാള് കാത്തിരുന്നു ’ എന്ന പാട്ടിലേക്ക് മനസെത്തിയത്. എല്ലാരുടെയും ചുണ്ടികളിൽ ആ പാട്ട് അന്നേയുണ്ട്. കാര്യമായ തയ്യാറെടുപ്പില്ലെങ്കിലും രണ്ടും കൽപിച്ച് അനസ് ആദ്യമായി ‘എത്രനാളിന്’ ചുവടുവെച്ചു. തനിക്ക് ആ പാട്ട് ഇഷ്ടവുമായിരുന്നെന്ന് അനസ് പറയുന്നു.
ആലുമുക്കിലെ ഡാൻസ് റെക്കോർഡ് ചെയ്തിരുന്നില്ല. പിന്നെയും അനസ് പല വേദികളിൽ കളിച്ചു. മൂന്ന് വർഷത്തിനിപ്പുറം 2010 ൽ ബാലരാമപുരം ഹൗസിങ് ബോർഡ് ജങ്ഷനിലെ പെരുന്നാൾ പരിപാടിയാണ് അനസിനെ ഡിജിറ്റൽ ലോകത്ത് അടയാളപ്പെടുത്തുന്നത്. പരിപാടി കാണാനെത്തിയതായിരുന്നു അനസ്.
നാട്ടിലെ പരിപാടിയായതിനാൽ പെട്ടെന്ന് സ്റ്റേജിലേക്ക് ക്ഷണം. അന്ന് കളിച്ചത് ആരോ റെക്കോർഡ് ചെയ്യുകയായിരുന്നു. അരണ്ട വെളിച്ചത്തിലാണ് അനസിന്‍റെ ചുവടുകൾ. മുഖമൊന്നും അത്ര വ്യക്തമല്ല. അതാണ് ഇപ്പോൾ വൈറലായി ഓടുന്നതും. അനസിന് അന്നൊന്നും ഫോണില്ല. അഞ്ച് വർഷം കഴിഞ്ഞാണ് ഉമ്മ റംലയുടെ വകയായി ഫോൺ കിട്ടുന്നത്. എന്നാൽ അതിനോടകം തന്നെ അനസ് യൂട്യൂബിൽ എത്ര ‘നാള്’ എന്ന പാട്ടുമായി സുപരിചിതനായിരുന്നു. ഇപ്പോൾ ഇരുപതിലേറെ വട്ടം പല വേദികളിലായി ഇതേ പാട്ടിന് ചുവട് വെച്ചിട്ടുണ്ടെന്ന് അനസ് പറയുന്നു. ഓരോ പാട്ടിനും ഓരോ ഭാവമാണ്. പലരും മെമ്മറി കാർഡിൽ സൂക്ഷിച്ച വീഡിയോ. യൂട്യൂബിലും ഇൻസ്റ്റയിലും പാട്ടിന് തഴെ ഇയാൾ മലപ്പുറത്തുകാരനെന്നും കാസർകോടുള്ളയാളാണെന്നുമൊക്കെ പല കമന്‍റുകളും വരുന്നുണ്ട്. അതിനൊന്നും പക്ഷേ മറുപടി പറയാനും അനസ് നിൽക്കാറില്ല.
വിളി വരുന്നു, വീണ്ടും ചുവടുവെക്കണം
അനസ് എന്നാണ് വിളിപ്പേരെങ്കിലും അജിംഷാദ് എന്നാണ് ശരിക്കുള്ള പേര്. സ്നേഹിതൻമാർ ചിലർ ഷാ എന്നും വിളിക്കും. നേരത്തെ പറഞ്ഞ അയ്യൻകാളി ജൻമദിനത്തിലെ പ്രകടനം പനയറക്കുന്നിലെ ഡാൻസ് ട്രൂപ്പിലേക്ക് അനസിന് വഴിതുറന്നിരുന്നു. അവിടെ ഒന്ന് രണ്ട് മാസം. പിന്നാലെ പൂങ്കുളത്ത് കൊറിയോഗ്രാഫറായ കിരൺമാസ്റ്റർ ഒപ്പം ഒന്ന് രണ്ട് വർഷവും. നേരത്തെ ഉപജീവനത്തിനാണ് ബാലരമാപുരത്ത് ഫ്രൂട്ട് ബിസിനസ് നടത്തിയിരുന്നു. പിന്നാലൊണ് ബേക്കറി സാധനങ്ങളുടെ വിതരണക്കാരനാകുന്നത്. രാവിലെ ആറിന് ഇറങ്ങിയാൽ 12 ന് ജോലി തീരും. ഡാൻസ് ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ ആളുകൾ വിളിക്കുകയും വീണ്ടും കളിക്കണമെന്നൊക്കെ ആവശ്യപ്പെടുന്നുണ്ട്. എല്ലാവരോട് സന്തോഷം മാത്രമാണ് അനസിന് പകരം പറയാനുള്ളത്. 2018 ലായിരുന്നു അനസിന്‍റെ വിവാഹം. ഭാര്യ ഫാസില. നാല് വയസുള്ള മകനുണ്ട്, അഖീഫ് ഷാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.