മുംബൈ: പോപ് താരമായ ജസ്റ്റിൻ ബീബറുടെ ഇന്ത്യൻ സന്ദർശനം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. അതിനിടെയാണ് ജസ്റ്റിൻ ബിബറുടെ ഇന്ത്യൻ പര്യടനത്തിനുള്ള സാധന സാമഗ്രികളുടെ പട്ടിക സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായത്. മ്യൂസിക് ജേണലിസ്റ്റായ അർജുൻ എസ്. രവിയാണ് ഇന്ത്യയിൽ ബീബർക്ക് വേണ്ടി ഒരുങ്ങുന്ന സൗകര്യങ്ങൾ വിവരിക്കുന്ന പട്ടിക ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ബീബറിന്‍റെയും 120 പേരടങ്ങുന്ന സംഘത്തിന്‍റെയും യാത്രക്ക് 10 ലക്ഷ്വറി സെഡാൻ കാറുകളും രണ്ട് വോൾവോ ബസുകളുമാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് മാത്രമായി ഒരു റോൾസ് റോയ്സ് കാറും താരം ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര പൊലീസിന്‍റെ ഇസെഡ് ലെവൽ സുരക്ഷയാണ് ഗായകൻ ആവശ്യപ്പെട്ടിട്ടുള്ളത്. തനിക്ക് മാത്രമായി എട്ട് പേരടങ്ങുന്ന സ്വകാര്യ സുരക്ഷാ സംഘത്തിന് പുറമെയാണ് പൊലീസിന്‍റെ സേവനം.
ബാക്ക് സ്റ്റേജിൽ ഉപയോഗിക്കുന്ന മസാജ് ടേബിളടക്കമുള്ള സംവിധാനങ്ങളടങ്ങിയ 10 വലിയ കണ്ടെയ്നറുകളാണ് താരത്തിനായി ഇന്ത്യയിൽ പറന്നെത്തുക. സോഫ സെറ്റ്, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, വാർഡ്റോബ്, പിങ്പോങ് ടേബിൾ എന്നുവേണ്ട കുളിത്തൊട്ടി വരെ ഇതിലുണ്ട്. ഇതെല്ലാം ഉപയോഗിക്കുന്നതിനുള്ള സമയംഇദ്ദേഹത്തിന് ലഭിക്കുമോ എന്നാണ് പലരുടേയും സംശയം.
ഗായകനും സംഘത്തിനും വേണ്ടി രണ്ട് ഫൈവ് സ്റ്റാർ ഹോട്ടലുകളാണ് മുംബൈയിൽ ഒരുങ്ങുന്നത്. 1000 സ്ക്വയർ ഫീറ്റിൽ ബീബറിന് മാത്രമായി ഗ്രാമീണ ഛായയുള്ള സ്യൂട്ടൊരുക്കുന്നുണ്ട് അധികൃതർ. താരത്തിന്‍റെ ഇഷ്ടനിറമായ പർപ്ളിലാണ് മുറിയിലെ കാർപ്പെറ്റ് അടക്കമുള്ള അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും പ്രമുഖരായ രണ്ട് ഷെഫുമാരാണ് ഇദ്ദേഹത്തിന്‍റെ ഭക്ഷണമൊരുക്കുക. ഓരോ നേരവും അഞ്ചു വീതം വ്യത്യസ്ത വിഭവങ്ങളൊരുക്കി അതിന് ജസ്റ്റിൻ ബീബറുടെ ജനപ്രിയ ഗാനങ്ങളുടെ പേരായിരിക്കും നൽകുക.
താരം ഇന്ത്യയിൽ തങ്ങുന്ന 4 ദിവസങ്ങളിലും ബീബറുടെ സ്വകാര്യ വസതി എന്ന നിലയിലായിരിക്കും ഹോട്ടൽ പ്രവർത്തിക്കുക. മൂന്ന് നിലകളും താരത്തിന്‍റെ സംഘാംഗങ്ങൾക്കുവേണ്ടി മാത്രം ബുക്ക് ചെയ്തിരിക്കുകയാണ്. ഒരു ലിഫ്റ്റ് മുഴുവൻ സമയവും താരത്തിന് വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്.
വേൾഡ് ടൂറിന്‍റെ ഭാഗമായി മെയ് പത്തിനാണ് മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ബീബറെത്തുന്നത്. ലോക പ്രസിദ്ധിയാർജിച്ച 23 കാരൻ ആദ്യമായാണ് ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.