1972ലെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ലഭിച്ച സിനിമയാണ് ‘അച്ഛനും ബാപ്പയും’. ഇതിലെ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്നു തുടങ്ങുന്ന ഗാനം രണ്ടു ദേശീയ പുരസ്കാരങ്ങൾക്കു കൂടി അർഹമായി. വയലാർ രാമവർമ മികച്ച ഗാനരചയിതാവായി. യേശുദാസ് മികച്ച ഗായകനും.
‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു... മനസ്സു പങ്കുവെച്ചു...’
അന്നും ഇന്നും പ്രസക്തമാണ് ഈ ഗാനത്തിലെ വരികൾ.
‘ഹിന്ദുവായീ മുസല്‍മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി...
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു...’
ഇന്ത്യ ഭ്രാന്താലയമായി എന്നാണ് ഗ്രാമഫോൺ റെക്കോഡിൽ ആലേഖനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ആകാശവാണിയിലൂടെയും ഓഡിയോ കാസറ്റിലൂടെയും നാം കേട്ടത് ഇന്ത്യ ഭ്രാന്താലയമായി എന്നുതന്നെയാണ്. പക്ഷേ, സിനിമയിൽ കേട്ടത് ‘ലോകം ഭ്രാന്താലയമായി’ എന്നാണ്.
പക്ഷേ, ഇന്ത്യയെ ഭ്രാന്താലയമാക്കി മാറ്റാൻ സെൻസർ ബോർഡ് സമ്മതിക്കാത്തതുകൊണ്ട് വയലാറിനെക്കൊണ്ട് ‘ലോകം ഭ്രാന്താലയമായി’ എന്ന് മാറ്റിയെഴുതിച്ച് യേശുദാസിനെക്കൊണ്ട് വീണ്ടും പാടിച്ച് സിനിമയിൽ ചേർക്കുകയായിരുന്നു.
ഇതേ അവസ്ഥയായിരുന്നു ‘രാഗം’ എന്ന സിനിമയിലെ,
‘ആ കൈയിലോ ഈ കൈയിലോ
അമ്മാനപ്പൂച്ചെണ്ട്
കണ്ണന് സമ്മാനപ്പൂച്ചെണ്ട്’ എന്ന ഗാനത്തിനും സംഭവിച്ചത്.
‘കൊടിവച്ച കാറിലെ പുത്തന്‍ മന്ത്രിക്ക്
കൊച്ചി കോട്ടയില്‍ സ്വീകരണം-ഇന്നു
കൊച്ചി കോട്ടയില്‍ സ്വീകരണം
നടവഴി തോറും വിരിക്കാനോ
കുടവയറിന്മേല് ചാര്‍ത്താനോ
നൂറു വണ്ടി പൂവിനു വന്നു
നേതാക്കന്മാര് നമ്മളെ
നാക്കുകൊണ്ടു പോക്കറ്റടിക്കണ നേതാക്കന്മാര്
പൂക്കട ചെന്നു തുറന്നോട്ടെ
പൂവെടുത്തു കൊടുത്തോട്ടെ
പിന്നെ നാലുകൂട്ടം പ്രഥമന്കൂട്ടി
പിറന്നാളുണ്ണാന്‍ വന്നോട്ടെ
ആ കയ്യിലോ ഈ കയ്യിലോ...’
എന്നാണ് ഗ്രാമഫോൺ റെക്കോഡിലൂടെ ഗാനാസ്വാദകർ കേട്ടത്. മന്ത്രിമാരെ ഇങ്ങനെ കളിയാക്കിയത് സെൻസർ ബോർഡിന് സഹിച്ചുകാണില്ല. സിനിമയിൽ നമ്മൾ കേൾക്കുന്നതിങ്ങനെ:
‘പൂ ചൂടിയ കാറിലെ പുതുമണവാളന്
പുത്തൻ കോട്ടയില്‍ സ്വീകരണം –ഇന്നു
പുത്തൻ കോട്ടയില്‍ സ്വീകരണം
നടവഴി തോറും വിരിക്കാനോ
കുടവയറിന്മേല് ചാര്‍ത്താനോ
നൂറു വണ്ടി പൂവിനു വന്നു ദല്ലാളന്മാര്
നമ്മളെ നാക്കുകൊണ്ടു
പോക്കറ്റിലാക്കണ ദല്ലാളന്മാര്
പൂക്കട ചെന്നു തുറന്നോട്ടെ
പൂവെടുത്തു കൊടുത്തോട്ടെ
പിന്നെ നാലു കൂട്ടം പ്രഥമന്‍ കൂട്ടി
പിറന്നാളുണ്ണാന്‍ വന്നോട്ടെ...’
(ഗാനരചന: വയലാർ രാമവർമ, സംഗീതം: സലിൽ ചൗധരി, ആലാപനം യേശുദാസ്)
കുറ്റവും ശിക്ഷയും എന്ന സിനിമയിലെ ഏറെ പ്രശസ്തമായ ഗാനമാണ്:
‘സ്വയംവരത്തിരുനാൾ രാത്രി -ഇന്നു
സ്വർഗം തുറക്കുന്ന രാത്രി...
മംഗളം വിളയും ശൃംഗാര രാത്രിയിൽ
മണവാളനെന്താണു സമ്മാനം?’
(വർഷം: 1976. സംഗീതം: എം.എസ്. വിശ്വനാഥൻ)
‘സ്വർഗം തുറക്കുന്ന രാത്രി’യിൽ ഒളിഞ്ഞിരിക്കുന്ന അശ്ലീലം കണ്ടെത്തി, സെൻസർ ബോർഡ് കത്രിക വെച്ചിട്ടാകാം-
‘സ്വയം മറക്കുന്ന രാത്രി’ എന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന് മാറ്റി എഴുതേണ്ടി വന്നത്. അങ്ങനെയാണ്
‘സ്വയംവരത്തിരുനാൾ രാത്രി -ഇന്നു
സ്വയം മറക്കുന്ന രാത്രി...
മംഗളം വിളയും ശൃംഗാര രാത്രിയിൽ
മണവാളനെന്താണു സമ്മാനം?’
എന്ന് ഗാനത്തിന്റെ പല്ലവി സിനിമയിലൂടെ ആസ്വദിക്കാനായത്.
1971ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അനാഥശിൽപങ്ങൾ’. ഗാനങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പി. ഈണമൊരുക്കിയത് ആർ.കെ. ശേഖർ. സിനിമ പരാജയമായെങ്കിലും ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു. ജയചന്ദ്രനും എസ്. ജാനകിയും ആലപിച്ച,
‘അച്ചന്‍കോവിലാറ്റിലെ കൊച്ചോളങ്ങളേ...’ എന്നു തുടങ്ങുന്ന ഗാനം ഏറെ ജനപ്രിതീ നേടിയിരുന്നു.
‘അച്ചന്‍കോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെനിന്ന് തുളുമ്പുന്ന തേൻകുടം
എത്തിപ്പിടിക്കാമോ... എത്തിപ്പിടിക്കാമോ...’
എന്ന് ജയചന്ദ്രൻ പാടുമ്പോൾ
‘അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളേ
അക്കരെ നിന്നു തൊടുക്കുന്ന പൂവുകള്‍
എത്തിപ്പിടിക്കാമോ... എത്തിപ്പിടിക്കാമോ...’ എന്ന് ജാനകിയും പാടുന്നു.
സിനിമയിൽ ഇങ്ങനെ പാടി അഭിനയിക്കുന്നത് പ്രേംനവാസും സരസ്വതിയുമാണ്.
ഈ പാട്ടിലെ ‘അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളേ അക്കരെ നിന്നു തുളുമ്പുന്ന തേൻകുടം എത്തിപ്പിടിക്കാമോ’ എന്ന വരികളിലെ അക്കരെ നിന്നു തുളുമ്പുന്ന തേൻകുടം എത്തിപ്പിടിക്കാമോ എന്ന ഭാഗം ഗ്രാമഫോൺ റെക്കോഡിൽ ഇല്ല.
‘അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളേ’ എന്ന് ജയചന്ദ്രൻ പാടുമ്പോൾ ‘അക്കരെ നിന്നു തൊടുക്കുന്ന പൂവുകള്‍ എത്തിപ്പിടിക്കാമോ - എത്തിപ്പിടിക്കാമോ’ എന്ന് എസ്. ജാനകി പാടുന്ന രീതിയിലാണ് റെക്കോഡിൽ. റെക്കോഡിൽ ആലേഖനം ചെയ്യുന്നതിലെ സ്ഥലപരിമിതികൊണ്ടായിരിക്കുമോ ഇങ്ങനെ സംഭവിച്ചത്? അക്കരെ നിന്ന് തുളുമ്പുന്ന തേൻ കുടത്തിന്റെ പ്രശ്നമാണെങ്കിൽ സിനിമയിൽ ഈ വരികൾ ഉൾപ്പെടുത്തുമായിരുന്നില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.