വയലാർ രാമവർമ, ബിച്ചു തിരുമല, പി. ഭാസ്കരൻ, യൂസഫലി കേച്ചേരി, ഒ.എൻ.വി കുറുപ്പ്, പൂവച്ചൽ ഖാദർ, ശ്രീകുമാരൻ തമ്പി, കൈ​തപ്രം

പാട്ടിലെ വസന്താരാമങ്ങൾ

പാട്ടുകളിൽ പ്രണയികളുടെയും വിരഹികളുടെയും സംഗമസ്ഥലികളായിരുന്നു പൂവനങ്ങൾ. വിരഹിയുടെ ഉദ്യാനങ്ങൾ പാട്ടുകളിൽ കാൽപനികതയുടെ വസന്തഭംഗികൾ ചമച്ചു

പാട്ടിൽ സൗന്ദര്യത്തിന്റെ ഇടങ്ങളായിരുന്നു ആരാമങ്ങൾ. ഉപവനം, ഉദ്യാനം, വാടി, വാടിക, പൂവനം, പൂന്തോട്ടം എന്നിങ്ങനെ വിവിധ പേരുകളിൽ അവ നമ്മെ രമിപ്പിക്കുന്നു. കവികൾ പാട്ടുകളിൽ പണിയുന്ന പൂന്തോട്ടങ്ങൾ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. കവികളുടെ സൗന്ദര്യബോധത്തിന്റെ പ്രതിഫലനങ്ങളായിട്ടായിരുന്നു ഈ ഉദ്യാനങ്ങൾ പാട്ടുകളിൽ പ്രത്യക്ഷമായത്. പാട്ടുകളിൽ പ്രണയികളുടെയും വിരഹികളുടെയും സംഗമസ്ഥലികളായിരുന്നു പൂവനങ്ങൾ.

വിരഹിയുടെ ഉദ്യാനങ്ങൾ പാട്ടുകളിൽ കാൽപനികതയുടെ വസന്തഭംഗികൾ ചമച്ചു. ഒരുപക്ഷേ, എഴുത്തുകാരന്റെ ആന്തരി​കോദ്യാനത്തിന്റെ കലാവിഷ്കാരമായി പാട്ടുകൾ പരിണമിക്കുന്നു. പൂന്തോട്ടത്തിന്റെ ആകർഷണീയതകൾ പാട്ടുകളിൽ കവികൾ സമർഥമായി വിനിയോഗിച്ചു. പാട്ടിലങ്ങനെ നിരവധി സ്വപ്നാരാമങ്ങളും വസന്താരാമങ്ങളും പ്രണയാരാമങ്ങളും ആദിമാരാമങ്ങളുമൊക്കെയുണ്ടായി. അവിടെ കോകിലസ്വനവും ഭ്രമരനാദവുമെല്ലാം ഒന്നിച്ച് ശ്രുതികളുണർത്തി. ഉദ്യാനത്തിന്റെ നിറഗന്ധ പരാഗങ്ങൾപുരണ്ട എത്രയെത്ര ഗാനങ്ങളാണ് മലയാളത്തിലുള്ളത്. ഭാസ്കരൻ മാഷിന്റെ പാട്ടുകളിൽ പ്രണയത്തിന്റെ ഈ മലർവാടങ്ങൾ, മദനപ്പൂവനങ്ങളും അഴകിന്റെ പൂന്തോപ്പുമൊക്കെയായി മാറി.

കണിക്കൊന്ന പൂത്തുനിൽക്കും കരളിന്റെ പൂവാടികയിൽ ക്ഷണിക്കാതെ വന്നുചേർന്ന വിരുന്നുകാരനെ കാണാം, ഭാസ്കരൻ മാഷിന്റെ ഒരു പാട്ടിൽ. ‘ആരാമമുല്ലകളേ പറയാമോ, നാളെ ആരായിരിക്കുമെൻ മണവാളൻ’ എന്ന് സന്ദേഹമുരുവിടുന്ന പ്രണയിനിയും ഭാസ്കരൻ മാഷിന്റെ പാട്ടിലുണ്ടായിരുന്നു. ആ ഗാനങ്ങളിൽ പ്രേമത്തിന്റെ ഒരു പൂന്തോപ്പ് താനേ തെളിഞ്ഞുവന്നു. ‘കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ മൊട്ടിട്ട പൂങ്കുലയേതാണ്’? എന്ന പാട്ടിലുമുണ്ടായിരുന്നു പ്രണയത്തിന്റെ പൂങ്കുലകൾ. ഭാസ്കരൻ മാഷിന്റെ പാട്ടുകളിൽ ഒരു ഉദ്യാനപാലകൻ (ടാഗോർ സ്വാധീനം) എക്കാലത്തുമുണ്ടായിരുന്നു.

ഭാസ്കരൻ മാഷ് പാട്ടുകളിൽ നിർമിച്ച പൂന്തോട്ടമല്ലായിരുന്നു വയലാർ ഗാനങ്ങളിലുണ്ടായിരുന്നത്. അവിടെ പൂന്തോട്ടം പ്രമദവനമാണ് (അന്തഃപുരത്തിൽ സ്ത്രീകളുടെ ഉദ്യാനം). പ്രിയേ, പ്രിയേ നിൻ പ്രമദവനത്തിൽ സ്വയംവരത്തിന് വന്നു ഞാൻ’ എന്നേ വയലാർ എഴുതിയിട്ടുള്ളൂ. ഒ.എൻ.വിയുടെ പാട്ടുകളിലും ഉദ്യാനങ്ങൾ വന്നുംപോയുമിരുന്നു. ‘നമുക്ക് പാർക്കാൻ മാതളവനികകൾ, നിശാനികുഞ്ജങ്ങൾ’ എന്നായിരുന്നു ഒ.എൻ.വി ഒരു പാട്ടിലെഴുതിയത്. ഏദൻ എന്ന ആദിമാരാമത്തിന്റെ സൗന്ദര്യം പാട്ടിലെഴുതുകയായിരുന്നു ഒ.എൻ.വി. തളിരിടുന്ന ഒലിവുശാഖിയും പൂചൂടുന്ന പാരിജാതവുമെല്ലാം ഒ.എൻ.വി പാട്ടിലെ ഏദനിൽ എന്നുമുണ്ടായിരുന്നു.

‘ഏദൻതോട്ടത്തിന്നേകാന്തതയിൽ ദുഃഖിതനായി നിൽക്കുന്ന ആദവും ഒ.എൻ.വിയുടെ പാട്ടുകളിലുണ്ടായിരുന്നു. ചെമ്പകവും മുന്തിരിയും പൂവിടുന്ന തോപ്പുകൾ ഒ.എൻ.വി പാട്ടുകളിലെ നിത്യസാന്നിധ്യങ്ങൾ ആയിരുന്നു. ആരോ പാടുന്ന ആദിമമലർവനികളും ഒ.എൻ.വി പാട്ടുകളിൽ നാം കണ്ടു. ഏതോ കിനാവിന്റെ കൈകോർത്തു പ്രണയിനികൾ തേടുന്ന പനിനീർത്തോപ്പുകൾ വേണ്ടുവോളമുണ്ടായിരുന്നു ഒ.എൻ.വിയുടെ ഗാനങ്ങളിൽ. പ്രണയിനിയെ തിരഞ്ഞുപോകുന്ന പൂത്തൊടികളുണ്ടായിരുന്നു ആ പാട്ടുകളിൽ. സുമ സുഗന്ധിയാം ഉപവനങ്ങൾകൊണ്ട് നിറഞ്ഞിരുന്നു ഒ.എൻ.വിയുടെ ഗാനപ്രപഞ്ചം. ഉദ്യാനദേവിയുടെ ഉത്സവമായിരുന്നു ഒ.എൻ.വിയുടെ ഗാനം.

യൂസഫലി കേച്ചേരിയുടെ പാട്ടുകളിലുമുണ്ടായിരുന്നു നിരവധി നാട്ടുവനികകൾ. അത് പ്രേമത്തിന്റെ പൂന്തോപ്പായിരുന്നു. ഭാവനയാകുന്ന പൂവനിയാണ് വേദിക പണിതുയർത്തുന്നത്. മാദൻ വളർത്തുന്ന വാടിയിലെ മാൻപേടയാണ് പ്രണയിനിയെന്ന് കവി ഒരു പാട്ടിലെഴുതിവെച്ചു. മാനവവനിയും മന്ദാരവനിയും മലർവനികയും മാകന്ദ വനികയുമൊക്കെ യൂസഫലി കേച്ചേരിയുടെ പാട്ടുകളിലെ നിത്യാരാമങ്ങൾ ആയിരുന്നു. ആരോരും കാണാതെൻ ആത്മാവിൽ ചൂടുന്ന ആരാമരോമാഞ്ചമേ എന്ന് ബിച്ചുവിന്റെ പാട്ടിലെ നായകൻ തന്റെ പ്രണയിനിയെ സംബോധന ചെയ്തു. മാനസമെന്നത് മാമ്പൂങ്കുയിൽ പാടുന്ന ആരാമമായിരുന്നു കവിക്ക്.

തേടിനിന്നെയെൻ ആരാമങ്ങളിൽ ഞാൻ ഓരോരോ രാത്രിയും ഓരോരോ മാത്രയും എന്ന പാട്ടുകേൾക്കുമ്പോൾ പ്രണയം പൂവിടുന്ന ഒരു കാൽപനികാരാമത്തെ കാണുന്നു നാം. ശ്രുതിയിൽനിന്നും നാദശലഭങ്ങൾ പറന്നുവരുന്നത് മനസ്സിന്റെ ഉപവനങ്ങളിലേക്കാണ്. ആരാമമെന്നത് ഒരേസമയം, ഈ ലോകവും പ്രണയവുമായിത്തീരുന്നു. പാട്ടിൽ പ്രണയം പൂവിടുന്ന മനോജ്ഞ സന്ദർഭങ്ങളായിത്തീരുന്നു ഈ ഉദ്യാനങ്ങൾ. ‘നീയെവിടെ നിന്റെ മനസ്സാം നിത്യമലർക്കാവെവിടെ?’ എന്ന വരിയിൽ ശ്രീകുമാരൻ തമ്പി ഒരുക്കിയിരിക്കുന്ന മനസ്സിന്റെ നിത്യമലർക്കാവിനെ നമസ്കരിക്കണം. പാട്ടിൽ നിരവധി പ്രേമവാടികകൾ തീർത്ത കവിയാണ് ശ്രീകുമാരൻ തമ്പി. പ്രണയിനിയുടെ മേനിയെ പൂന്തോട്ടമായി കല്പന ചെയ്യുന്നുണ്ട് കവി.

പ്രണയിനിയുടെ മുഗ്ദ്ധഹാസം പൂക്കളായ് വിടരുന്ന ആരാമമാണ് തന്റെ മുറ്റമെന്ന് കവി ഒരു പാട്ടിലെഴുതി. ആയിരം വർണങ്ങൾ വിടരുന്ന ആരാമമാണ് തന്റെ ഹൃദയമെന്നും ശ്രീകുമാരൻ തമ്പി ഒരു പാട്ടിൽ പറയുന്നു. താലങ്ങളേന്തുന്ന തളിർവാടികൾകൊണ്ട് നിറഞ്ഞതാണ് പൂവച്ചൽ ഖാദറിന്റെ പാട്ടുകൾ. ചിന്തയുടെ മലർവാടിയും അന്തരംഗത്തിൻ നീരദവാടിയും നിഴൽകൊണ്ട് മൂടുന്ന വാടിയും ആയിരം പൂവിടരുന്ന മോഹവാടിയും ചെന്തളിരുകളോലുന്ന കന്യാവാടികയും പൂന്തെന്നൽ തേരോടുന്ന വനികയും സ്വപ്നസുമവാടിയും മാനസവാടിയും നിറ കതിർത്താലം നീട്ടിയ അഴകിൻ വനിയും വിണ്ണിൻ വനികയും താരും തളിരും പുണരുന്ന വനിയും അങ്ങനെ പൂവച്ചൽ ഗാനങ്ങളിൽ ഉദ്യാനഭംഗികൾ ഉദയംകൊള്ളുന്നു.

‘ആരാമം വസന്താരാമം’ എന്നുതുടങ്ങുന്ന ഒരു പാട്ടുതന്നെയുണ്ട് പൂവച്ചൽ ഖാദറിന്റെതായി. ഇരുൾ വിരിഞ്ഞാടുന്ന പൂപ്പാടങ്ങൾ ഗിരീഷിന്റെ പാട്ടുകളിൽ പരിമളം വീശുന്നുണ്ട് ‘ആരോമലേ, നിന്നാരാമമാകെ, ആരേകി ഈ രാഗസൗഗന്ധികം, വാസന്തമോ, വൈശാഖമോ’ എന്ന സന്ദേഹം ഗിരീഷിന്റെ ഒരു പാട്ടിൽ നാമനുഭവിക്കുന്നുണ്ട്. ഋതുരാഗം ചൂടുന്ന ഒരു പ്രമദവനം തന്നെ പാട്ടിലുണ്ടാക്കി കൈതപ്രം. ഇങ്ങനെ ആരാമമെന്നത് ഒരു രൂപകമായി മാറുന്നുണ്ട് പല പാട്ടെഴുത്തുകാരിലും. സ്വപ്നാരാമവും മഴവില്ലിന്റെ മലർവനിയും സ്മൃതികൾ തൻ പൂവനവും പ്രേമത്തിന്റെ പൂന്തോപ്പും ജീവിതമാകന്ദ വനികയും താരുണ്യവനിയും ആകാശപ്പനിനീർപ്പൂന്തോപ്പും മനസ്സിന്റെ ഉപവനവും- അങ്ങനെ പോകുന്നു പാട്ടിലെ ഉദ്യാനകലകൾ. സ്വപ്നത്തിൻ നിർവൃതിപ്പൂവനവും സ്വപ്നസുമവാടിയും അഭിലാഷത്തിന്റെ ആരാമവും താരുണ്യത്തിന്നുദ്യാനവും പ്രണയത്തിൻ മലർവാടിയും മധുരപ്രതീക്ഷയുടെ പൂങ്കാവും കരളിൻ പൂവാടികയും- അങ്ങനെ പാട്ടുകളിൽ ഉദ്യാനങ്ങൾ രൂപകങ്ങളായി ഉയിർകൊള്ളുകയാണ്.

പ്രണയത്തിന്റെ നടനശാലയായി മാറുകയാണ് ആരാമം. അവിടെ സൗന്ദര്യവും സൗരഭ്യവും സംഗീതവും സർഗാത്മകതയുമെല്ലാമുണ്ട്. അവിടെ മോഹനമായൊരു വാഴ്വുണ്ടാകുന്നു. പ്രണയവിരഹത്തിന്റെ ഒരു സ്ഥലമായി മാറുന്നു അത്. ‘ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ അതിഗൂഢമെന്നുടെ ആരാമത്തിൽ എന്ന ഭാസ്കരൻ മാഷിന്റെ വരികൾ ഓർത്തുപോകുന്നു. അവിടെ ആരാമത്തിലെ ആ മുറിക്ക് ഏറെ പ്രാധാന്യമുണ്ട്. അതിൽ ഒരു കാത്തിരിപ്പിന്റെ തുടക്കമുണ്ട്. പ്രതീക്ഷയുടെയും നന്മയുടെയും വരികളായി ഈ പാട്ട് സ്വയം പൂർണമാകുന്നു. അടുപ്പത്തിന്റെ തലമുണ്ടാക്കുന്ന സുഗന്ധമാണ് ആരാമത്തിലെ ആ മുറി നിറയെ.

പാട്ടിലെ ഏറ്റവും വലിയ സ്ഥലമായി ആരാമത്തിലെ മുറി മാറുന്നു. ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ’ എന്നതിന്റെ പ്രമേയപരമായ ആവർത്തനമാണിത്. പ്രണയം നിറവേറാനുള്ള സുഗന്ധസ്ഥലിയായി വിസ്തൃതി കൊള്ളുകയാണ് ആരാമത്തിലെ മുറി. പാട്ടിൽ വിരഹിയുടെ ഉദ്യാനമാണത്. പ്രണയസുഗന്ധത്തിൽ മുങ്ങിനിൽക്കുന്ന ഈ ആരാമത്തിൽ പ്രണയികളും ആത്മഭാവങ്ങൾ ബന്ധുരമാകുന്നു. പ്രണയത്തിനും വിരഹത്തിനുമിടയിൽ സദാ പൂവിട്ടുനിൽക്കുന്ന ജീവിതാരാമമാണിത്. ഇങ്ങനെ പാട്ടുകളിൽ കവികൾ അവരുടെ ആന്തരികോദ്യാനത്തിന്റെ ഭാവങ്ങളെ സമൃദ്ധമായി പ്രദർശിപ്പിക്കുകയുണ്ടായി.

‘പൂത്താലം വലംകൈയിലേന്തി വാസന്തം’, ‘കാറ്റിൻ ഇളം തലോടലിൽ ഇളകീ പൂവനം’ (കൈതപ്രം) എന്ന ഗാനങ്ങളിലുമൊക്കെ ഇങ്ങനെ പൂന്തോട്ടങ്ങളുടെ സമാന്തര ലോകം കാണാനാകും. ഒരിക്കൽ പിന്നിട്ടുപോയ ഒരു കാലത്തിന്റെ സ്മൃതിമുദ്രകളായി പാട്ടുകളിൽ പൂന്തോട്ടങ്ങൾ ദൃശ്യമാവുന്നു. ലൗകികതയുടെയും അലൗകികതയുടെും ആരാമങ്ങളിൽ അരങ്ങേറുന്ന ജീവിതാരോഹണങ്ങളും സംഗമഗന്ധ ബന്ധുരതകളുമൊക്കെ അറിയാൻ നാം പാട്ടുകളെ പുനഃസന്ദർശിച്ചുകൊണ്ടേയിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.