പ്രണയസൗന്ദര്യത്തിന്റെ നിരതിശയമായ സാക്ഷാത്കാരമായിരുന്നു ജോൺ പോളിന്റെ ഓരോ സിനിമയും. പാട്ടുകൾ ആ തിരക്കഥയിലെ ഇതര വാങ്മയങ്ങളെ അപ്രസക്തമാക്കുന്ന പലതായി പരിണമിക്കുന്നത് ശ്രദ്ധേയമാണ്. ചലച്ചിത്രത്തിന്റെ ഉള്ളറിഞ്ഞ ഒരു തിരക്കഥാകാരന്റെ പ്രണയാക്ഷരങ്ങൾ പാട്ടുകളുടെ ലോകത്തേക്കുള്ള പൂട്ട് തുറക്കുന്ന താക്കോലുകളായി മാറിയെന്നത് കേവലം യാദൃച്ഛികതയല്ല. ''പാട്ടുകളെ അലങ്കാരമാക്കുന്ന സിനിമയുടെ വഴിയിലെത്തുമ്പോൾ തിരക്കഥയുടെ പണിപ്പുരയിൽ ഭരതനൊന്നിൽ ശാഠ്യമുണ്ടായിരുന്നു.
ആവശ്യമുണ്ടെങ്കിൽ മാത്രം പാട്ട്. പാടാനറിയുന്ന ഭരതന്റെ പിശുക്ക്. പാട്ടുകളെ മതിമറന്നു സ്നേഹിക്കുന്ന, പാടാൻ കഴിയാത്തതിൽ എന്നും തപിക്കുന്ന എന്നെ അമ്പരപ്പിച്ചു അത്. പാട്ടും കാഴ്ചയും തമ്മിലുള്ള അനുപാതത്തിലെ കൃത്യതയാണ് പാട്ടിനെ സിനിമയുടെ പാട്ടിലാക്കുന്നതെന്നത് പഠിക്കാനിരിക്കുന്ന പാഠം'' -ജോൺപോൾ ഒരിക്കൽ എഴുതിയതാണിത്. അദ്ദേഹം ആദ്യമായി തിരക്കഥയെഴുതിയ 'ചാമര'ത്തിലായിരുന്നു ആരെയും മോഹിപ്പിക്കുന്ന 'നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ' എന്ന പാട്ട്. ചിത്രം തുടങ്ങുന്നതുതന്നെ ഈ പാട്ടിലായിരുന്നു. ഉച്ചകഴിഞ്ഞ് ഒരു സൊറപറച്ചിലിനിടയിൽ മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ വന്ന ജോൺ പോളിന്റെ ചോദ്യത്തിൽനിന്നാണ് ഈ പാട്ടിന്റെ ജനനം. നായികയുടെ മനസ്സ് പച്ചപ്പോളകൾക്കിടയിൽ, കുളപ്പടവിലെ നീർകുമിളകൾക്കിടയിൽ, ചുവട് നീർത്തുന്ന പാദസരമായി തത്തിനിൽക്കുന്ന ഒരു പാട്ട്. നായകനെ കാത്തുനിൽക്കുന്ന നായികയുടെ മനസ്സിലിരുന്നു കുറുകാനൊരു പാട്ട്. അതിനൊത്ത ദൃശ്യങ്ങൾക്കിടയിൽ ടൈറ്റിലുകൾ. എല്ലാവർക്കും സമ്മതം. പൂവച്ചലിന്റെ വരികൾക്ക് എം.ജി. രാധാകൃഷ്ണന്റെ ഈണം. ജാനകിയുടെ മോഹനനാദത്തിന്റെ നിറപ്പകർച്ചകൾ. നായികയുടെ രാഗാതുരമായ മനസ്സിന്റെ സൂക്ഷ്മശ്രുതികൾ മുഴുവനും ആ പാട്ടിലുണ്ടായിരുന്നു. 'ഓർക്കാതെ വന്നിപ്പോൾ ചാരത്തണയുകിൽ' എന്നാരും മോഹിച്ചുപോകും ഇന്നും ആ പാട്ട് കേൾക്കുമ്പോൾ.
'ഓർമക്കായി' എന്ന ഭരതൻ സിനിമയിലെ 'മൗനം പൊൻമണിത്തംബുരു മീട്ടി' എന്ന പാട്ടിലേക്ക് പ്രേക്ഷകന്റെ ഗൃഹാതുര മനസ്സൊന്ന് തിരിച്ചുപോയാൽ അവിടെയും കാണാം ജോൺ പോളിന്റെ മിടുക്ക്. മധു ആലപ്പുഴയുടെ വരികൾക്ക് ജോൺസന്റെ സംഗീതം. വാണിജയറാമിന്റെ അഭൗമമായ നാദപൂർണിമകൾ. ജോൺസന് ആദ്യത്തെ സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഈ ഗാനം തുടങ്ങുന്നത് ഒരു കടൽക്കരയിൽനിന്നാണ്. മൂകനും ബധിരനുമായ നന്ദുവിന്റെയും (ഭരത്ഗോപി) സൂസന്നയുടെയും (മാധവി) വിവാഹാനന്തരം അവരുടെ പ്രണയ വിടർച്ചകൾ ചിത്രീകരിക്കുന്ന ഗാനം. മൗനമാണ് നായകന്റെ സമ്പൂർണ ഭാവം. കടൽക്കരയിൽ ഏറെ വിദൂരത്തായി നിൽക്കുന്ന നന്ദു ഓടിവന്ന് സൂസന്നയുടെ അടുത്തിരിക്കെ, അവൾ അയാളുടെ കാതിൽ മന്ത്രിക്കുന്ന ഈണമാണ് പാട്ടിന്റെ ഹമ്മിങ്. അയാൾ ആ ഈണം വീണ്ടും കേൾക്കാനായി ആഗ്രഹിക്കുന്നു. പ്രണയത്തിലെ മൗനവും മൗനത്തിലെ പ്രണയവും ഒരുപോലെ സാക്ഷാത്കരിക്കുന്ന ഗാനം.
കടൽക്കരയിൽ നായിക, നായകന്റെ കാതിൽ മൊഴിഞ്ഞ മൗനത്തിന്റെ മൃദുമന്ത്രണം; തിരക്കഥയിൽ ജോൺ പോൾ എഴുതിവെച്ച പ്രണയ സന്ദർഭത്തിന്റെ തുടർച്ചയായിരുന്നു. 'പുളകങ്ങൾ തൻ മുകുളങ്ങളിൽ മധുരം നിറയും നേരം' എന്ന ഭാഗം കഴിഞ്ഞ് തല നന്നായി തോർത്തണം, നീർവീഴ്ച വരും എന്ന് പറയുന്നതുപോലെ നായികക്ക് തോന്നുന്നു. എന്താ പറഞ്ഞേ, എന്താ പറഞ്ഞേ എന്നവൾ തിരിച്ചുചോദിക്കുന്നതുമൊക്കെ സ്വപ്നാഭമായിത്തീരുകയാണീ പാട്ടിൽ. മൗനവും വാചാല നിമിഷവുമെല്ലം ഇടകലരുന്ന പാട്ടിന്റെ പല്ലവിയുടെ അവസാനം 'പറന്നുയരാം വാനിൽ' എന്നു പാടി നായികാനായകന്മാർ പറന്നുയരുന്ന ദൃശ്യവും തിരക്കഥയിലെ സാർഥകമായ മുഹൂർത്തത്തിന് ഭരതൻ നൽകിയ വ്യാഖ്യാനമായിരുന്നു.
'നീലക്കുറിഞ്ഞി പൂത്തപ്പോൾ' എന്ന ഭരതൻ ചിത്രത്തിലും ജോൺ പോളായിരുന്നു തിരക്കഥ. കാവാലം-ജെറി അമൽദേവ് സമാഗമത്തിൽ ജാനകി പാടിയ 'മേലേ നന്ദനം പൂത്തേ' പാട്ട്, തിരക്കഥയിലെ സംഭാഷണത്തുടർച്ചയിൽനിന്നാണുയർന്നു വരുന്നത്. വികാരലയം, അർഥോദ്ദീപകമായ ഭാവാന്തരങ്ങൾ, നിർണയാതീതമായ സംവേദനം എന്നിവ ലക്ഷ്യമാക്കിയുള്ള ഒരെഴുത്തിന്റെ എക്സ്റ്റൻഷനാണ് ഈ പാട്ട്. കാർത്തികയും ഗിരീഷ് കർണാഡും അഭിനയിച്ച പാട്ടുരംഗം. സവിശേഷമായ ജീവിതസന്ധിയിൽ തുടങ്ങുന്ന ഗാനം. സംഭാഷണത്തിൽതന്നെ ഈണത്തിന്റെയും താളത്തിന്റെയും ധ്വനികൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നുണ്ട്.
നായകൻ: എന്തേ വിളിച്ചത്?
നായിക: ഏയ്ന്ന്, അതേന്ന്, അപ്പോഴേന്ന്, പിന്നെയുണ്ടല്ലോന്ന്, ദേ ഇവിടേന്ന്...
നായകൻ: മുമ്പെങ്ങനാ വിളിച്ചിരുന്നത്?
നായിക: അങ്കിളെന്ന്.
നായകൻ: പിന്നെന്തിനാ വിളി മാറ്റീത്?
നായിക: അതോ, അന്നങ്ങനെ വിളിക്കാൻ തോന്നി. അങ്ങനെ വിളിച്ചു. ഇന്നിങ്ങനെ വിളിക്കാൻ തോന്നി. ഇങ്ങനെ വിളിച്ചു.
നായകൻ: അതെന്താ ഇപ്പോ ഇങ്ങനെ തോന്നിയത്?
നായിക: അറിയണമെങ്കിലേ ചോദിച്ചുനോക്ക്.
നായകൻ: ആരോട്?
നായിക: അവനവനോടുതന്നെ...
ഇവർ തമ്മിലുള്ള സംഭാഷണമവസാനിക്കുന്ന തുഞ്ചത്താണ് നായികയുടെ അധരങ്ങൾ 'നന്ദനം പൂത്തേ' എന്ന പ്രണയഹർഷം തുളുമ്പുന്ന പാട്ടിലേക്ക് ഉയർന്നുപൊങ്ങുന്നത്. പ്രായത്തിനപ്പുറം നിറയുന്ന പ്രണയത്തിന്റെ പ്രാണഹർഷം...
''ഉണ്ണിക്കെങ്ങനാ മ്യൂസിക്കിൽ താൽപര്യമുണ്ടോ?''
''എനിക്ക് വല്യഷ്ടാ, വിലാസിനിച്ചേച്ചിയുള്ളപ്പോൾ നാട്ടിലേതു പരിപാടി വന്നാലും ഞങ്ങൾ പോകും.''
''ഉണ്ണി പാട്വോ''
''ഉം... ഉം... കേൾക്കേയുള്ളൂ''
''അത് വെറുതെ പറയാ... ഉണ്ണി പാടും''
''ഏയ്, അതെങ്ങനെയറിയാം''
''കണ്ടാലറിയാലോ''
''ഏയ്... എന്തായിപ്പറേണത്.... കൊളക്കടവിൽ ആരും കേൾക്കാതെ വല്ലതും മൂളുന്നതല്ലാതെ ഞാൻ പാട്വോന്നൂല്യ... എനിക്കറിയാൻ വയ്യാത്തോണ്ടാട്ടോ''
''ഉണ്ണി പാടിയിരുന്നെങ്കിൽ ടേപ്പിലെടുക്കാമായിരുന്നു''
''എനിക്ക് പാട്ടെന്ന് പറഞ്ഞാൽ പ്രാണനാ''
''പാട്വോ''
''ആര്''
''ഞാനോ... ആ... പണ്ട് പഠിക്കുന്ന കാലത്ത് നല്ലോണം പാടുമായിരുന്നു. ഫെസ്റ്റിവലിനൊക്കെ സമ്മാനം കിട്ടീട്ടുണ്ട്.''
''ആഹാ... അപ്പോൾ പാടാനറിയാല്ലേ''
''അതൊക്കെ പണ്ടല്ലേ ഉണ്ണീ''
''അതൊന്നും പറയണ്ട... ഒരിക്കെ അറിയായിരുന്നുവച്ചാ എപ്പോ വേണേലും പാടാല്ലോ... അതെനിക്കറിയാം''
''ഉണ്ണിക്ക് കേൾക്കണമെങ്കിൽ ഞാൻ പാടിയ പാട്ടുകളേതെങ്കിലും ടേപ്പിൽ കാണും. കേൾക്കണോ?''
''പിന്നല്ലാണ്ടെ''
1983ൽ മോഹൻ സംവിധാനം ചെയ്ത 'രചന' എന്ന ചിത്രത്തിൽ നെടുമുടിയും (ഉണ്ണി) ശ്രീവിദ്യയും (ശാരദ) നടത്തുന്ന സംഭാഷണമാണിത്. സിനിമയിൽ ഒരു പാട്ടുണ്ടാകുന്നതിനെ വിസ്തരിക്കാൻ ഏറ്റവും ഔചിത്യപൂർണമായ രീതിയിലാണ് ജോൺ പോളിന്റെ തിരക്കഥ. പ്രണയത്തിന്റെ ആത്മീയമായ ലാവണ്യമുണ്ട് ഈ രംഗത്തിൽ. ഈ സംഭാഷണത്തുടർച്ചയിൽനിന്നാണ് മുല്ലനേഴി-എം.ബി. ശ്രീനിവാസൻ ടീമിന്റെ 'കാലമയൂരമേ' എന്ന ജാനകിഗാനം പിറവിയെടുക്കുന്നത്. തിരക്കഥയുടെ സ്വരൂപത്തിലും ഘടനാവടിവിലും കൃത്യതയിലും ഭാഷാനിർമിതിയിലുമൊക്കെ ജോൺ പോൾ അത്രക്കും ശ്രദ്ധിച്ചു.
അദ്ദേഹം എപ്പോഴും തന്റെ തിരക്കഥകളിൽ പ്രണയത്തിന്റെ നിഗൂഢഭംഗികൾ ചേർത്തുവെച്ചു. സ്വരബദ്ധമായ ഒരു സ്ഥലം (Tonal space) അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രത്യക്ഷാനുഭവമായിത്തീരുന്നുണ്ട്. അതിൽനിന്നാണ് പലപ്പോഴും പാട്ടുകളുടെ രംഗപ്രവേശങ്ങൾ. ജീവിതഗന്ധിയായ കഥകൾ പറഞ്ഞ ഒരാളിൽ അത്രമാത്രം പാട്ടുകളുടെ അനുഭൂതി സാധ്യതകളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ജോൺ പോളിന്റെ തിരക്കഥയിൽ മെനയുന്ന ഓരോ സിനിമയും പാട്ടുകളുടെ മായികസാന്നിധ്യത്തിനാൽ കൂടുതൽ പ്രകാശനിർഭരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.