അനുരാഗമേ, മഴനൂലിനാൽ തഴുകാൻ വരൂ ചാരെ...പൂനിലാവിൻ ജാലകങ്ങളിലൂടെ തേടുവതാരെ... യൂട്യൂബിൽ ഈ പാട്ട് കേൾക്കുേമ്പാൾ ഒരു ബംഗാളി പെൺകുട്ടിയാണ് പാടിയതെന്ന് വിശ്വസിക്കാനാവില്ല. അത്രക്കുണ്ട് അക്ഷരസ്ഫുടതയും ആലാപന ചാരുതയും. സംഗീതത്തിന് അതിരുകളില്ല എന്നത് ഈണവും ശ്രുതിയും നൽകി അരക്കിട്ടുറപ്പിക്കുകയാണ് ഋതിക ഭട്ടാചാര്യ എന്ന ബംഗാളി ഗായിക. ഋതികയുടെ സ്വന്തം കംപോസിഷൻ കൂടിയാണിത്. ലോക്ഡൗൺ സമയത്ത് വീട്ടിൽനിന്ന് കംപോസ് ചെയ്ത് പാടിയ പാട്ട്. തൃശൂർ സ്വദേശിയും കവിയുമായ അലി കടുകശ്ശേരിയുടെതാണ് വരികൾ. ഓൺലൈൻ വഴിയായിരുന്നു പാട്ടിെൻറ ചർച്ചകൾ പുരോഗമിച്ചത്.
കഴിഞ്ഞവർഷം ലോക്ഡൗൺ സമയത്ത് വീട്ടിൽ തന്നെ അടച്ചിട്ട അവസ്ഥയിൽ മനസ്സിെൻറ അസ്വസ്ഥത മാറ്റാനാണ് ഹിന്ദി, ബംഗാളി പാട്ടുകളുടെ കവർ വേർഷൻ ചെയ്തുതുടങ്ങിയതെന്ന് ഋതിക പറയുന്നു. മലയാളം പാട്ടുകൾ ചെയ്യണമെന്ന് വലിയ മോഹമുണ്ടായിരുന്നെങ്കിലും പല വാക്കുകളുടെയും ഉച്ചാരണം പ്രശ്നമായിരുന്നു.
ഇഷ്ടംപോലെ മലയാളം പാട്ടുകൾ കേൾക്കാറുണ്ട്. പ്രത്യേകിച്ച് സലിൽ ചൗധരിയുടെ പാട്ടുകൾ. കുട്ടിക്കാലത്ത് അേദ്ദഹത്തിെൻറ ബംഗാളി പാട്ടുകൾ കേട്ടാണ് എല്ലാ ദിവസവും ഉറങ്ങിയിരുന്നത്. അദ്ദേഹം മലയാളത്തിൽ പാട്ടുകൾ ചെയ്തിട്ടുണ്ടെന്നറിഞ്ഞപ്പോൾ അതും കേൾക്കാൻ തുടങ്ങി. അനുരാഗിണീ... എന്നത് മലയാള സിനിമയിൽ ജോൺസൺ മാഷിെൻറ നിത്യഹരിത ഗാനം ആണല്ലോ. കുറച്ചു കഷ്ടപ്പെട്ടാെണങ്കിലും ആ പാട്ട് പഠിച്ച് പാടി ഫേസ്ബുക്കിൽ ഷെയർ ചെയ്തു. സംഗീതത്തെ സ്നേഹിക്കുന്ന കുറെ പേർ അതങ്ങ് ഏറ്റെടുത്തു. പാട്ടു കേട്ട് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ വിളിച്ചു. അദ്ദേഹത്തിെൻറ എഫ്.ബി പേജിലും പാട്ട് ഷെയർ ചെയ്തു. പാട്ടിന് കുറെക്കൂടി റീച്ച് കിട്ടി. ആരാണ് പാടിയതെന്ന് പലരും അന്വേഷിച്ചു. അങ്ങനെയാണ് മലയാളത്തിലെ കുറച്ചു പാട്ടുകൾ കൂടി പാടാമെന്ന ധൈര്യം വരുന്നത്.
രണ്ടാമതായി നീ എൻ സർഗസൗന്ദര്യമേ... നീ എൻ സത്യ സംഗീതമേ... ഈ പാട്ട് ഷെയർചെയ്ത് കഴിഞ്ഞപ്പോൾ ചില ടെലിവിഷൻ ചാനലുകളിൽനിന്ന് അേന്വഷണം വന്നു. മലയാളം പാട്ടുകൾ പാടുന്നതറിഞ്ഞ് എെൻറ അയൽക്കാർപോലും അത്ഭുതം കൂറി. ലോക്ഡൗണിൽ കൂടുതൽ സമയം കിട്ടിയതിനാൽ മലയാളത്തിൽ പരീക്ഷണം തുടർന്നു. സ്വന്തമായി കംപോസ് ചെയ്യാനും ശ്രമം നടത്തി. സുഹൃത്തുക്കൾ പരിചയപ്പെടുത്തിയ അലി കടുകശ്ശേരിയുടെ വരികൾക്ക് സംഗീതം ചെയ്ത് പാടിയതാണ് അനുരാഗമേ മഴനൂലിനാൽ എന്ന പാട്ട്. പാട്ടിെൻറ വഴികളെ കുറിച്ച് ഋതിക തുടരുന്നു.
പിതാവ് പി.കെ. ഭട്ടാചാര്യയാണ് ഹിന്ദുസ്ഥാനി സംഗീതത്തിൽ ഋതികയുടെ ഗുരു. പണ്ഡിറ്റ് ഇന്ദ്രനീൽ ഭട്ടാചാര്യയുടെ അനുയായി ആണ് അദ്ദേഹം. പിതാവ് സിതാർ വായിക്കും. കുഞ്ഞുന്നാളിൽ അതെല്ലാം കണ്ടാണ് വളർന്നത്. മാതൃസഹോദരി കണ ഘോഷും സംഗീതജ്ഞയായിരുന്നു. കൊൽക്കത്ത ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റായിരുന്നു അവർ. മുതിർന്നപ്പോൾ റാഞ്ചിയിൽ ശെഫാലി റോയിയുടെ കീഴിൽ രബീന്ദ്രസംഗീതം പഠിച്ചു. റാഞ്ചിയിൽ മിസിസ് മാധവി ബിശ്വസ്, ഛായ ചൗധരി എന്നിവരാണ് സംഗീതത്തിലെ മറ്റു ഗുരുക്കൻമാർ. ബംഗാളിലാണ് കുടുംബത്തിെൻറ വേരുകൾ എങ്കിലും ഋതിക ജനിച്ചതും വളർന്നതും റാഞ്ചിയിലാണ്. എൻജിനീയർമാരായിരുന്നു മാതാപിതാക്കൾ. ജോലിയാവശ്യാർഥം റാഞ്ചിയിലായിരുന്നു ഇരുവരും താമസം.
റാഞ്ചിയിലെ പഠനത്തിനു ശേഷം, ഋതികയുടെ ബിരുദ പഠനം ബംഗ്ലൂർ യൂനിവേഴ്സിറ്റിയിൽ ആയിരുന്നു. തുടർപഠനം യു.കെയിലെ മാഞ്ചസ്റ്റർ, യു.എസ്.എയിലെ കാലിഫോർണിയ യൂനിവേഴ്സിറ്റികളിൽ. തെർമോ ഫിഷർ സയൻറിഫിക് കമ്പനിയിൽ പ്രൊഡക്ട് മാനേജരാണ് ഋതിക. കോവിഡ് ടെസ്റ്റിങ് കിറ്റുകളുടെ വികസനത്തിന് പ്രധാന പങ്കുവഹിച്ച കമ്പനിയാണിത്. കോവിഡ് ആയതിനാൽ പൂർണമായും ജോലി വീട്ടിൽനിന്നാണ്. അല്ലാത്തപ്പോൾ ആഴ്ചയിൽ അഞ്ചുദിവസം ജോലിക്കും രണ്ടുദിവസം സംഗീതത്തിനുമായി മാറ്റിവെക്കുന്നു.
2013ൽ ഇന്ത്യൻ പ്രണയ കഥ എന്ന സിനിമയിൽ സജ്ന സജ്ന എന്നു തുടങ്ങുന്ന ഹിന്ദി പാട്ടിെൻറ വരികൾ എഴുതിയാണ് ഋതികയുടെ മലയാള സിനിമ രംഗപ്രവേശം. വിദ്യാസാഗർ ആയിരുന്നു സംഗീതം. രാജസ്ഥാനി ചുവയുള്ള ഹിന്ദി പാട്ടിന് വരികളെഴുതാൻ ആളെ തേടിയുള്ള അദ്ദേഹത്തിെൻറ അന്വേഷണം എത്തിയത് ഋതികയിലാണ്. പാട്ടിന് വരികളെഴുതുേമ്പാൾ എല്ലാ കാര്യങ്ങളും വിദ്യാജിയുമായി ഫോണിലൂടെയും ഇ-മെയിൽ വഴിയുമാണ് ചർച്ച ചെയ്തത്.
ആ പാട്ടെഴുത്തിനു ശേഷം മലയാള സിനിമകൾ കാണാനും പാട്ടുകൾ ശ്രദ്ധിക്കാനും കൂടുതൽ സമയം കണ്ടെത്തി. വീട്ടിൽ റെക്കോഡിങ്ങിനു സൗകര്യമുള്ളതിനാൽ ലോക്ഡൗൺ സമയത്ത് പല സംഗീത സംവിധായകരുമായി വെർച്വൽ വഴി ബന്ധമുണ്ടാക്കിയാണ് പാട്ടുകൾ ചെയ്തത്. ഇങ്ങനെ വിവിധ ഭാഷകളിലെ സംഗീതജ്ഞരുമായി ഒന്നിച്ച് ജോലിചെയ്യാൻ കഴിഞ്ഞു. ആൽബങ്ങൾക്കൊപ്പം ജിംഗിൽസും ചെയ്തു.
ഇപ്പോൾ മലയാളം കുറച്ചൊക്കെ കേട്ടാൽ മനസ്സിലാകും. എന്നാലും സംസാരിക്കാൻ ബുദ്ധിമുട്ടാണ്. ജോലിയുടെ ഭാഗമായി തമിഴ്നാട്ടിൽ പോകുേമ്പാൾ അമ്മ തമിഴ്പാട്ടുകളുടെ സീഡികൾ വാങ്ങിക്കൊണ്ടുവരുമായിരുന്നു. മുതിർന്നപ്പോൾ പഠനത്തിനായി ബംഗ്ലൂരിലെത്തിയപ്പോൾ കന്നഡ പാട്ടുകൾ കേട്ടുപഠിച്ചു. മെലോഡിയസ് ആയ പഴയ മലയാളം സിനിമ പാട്ടുകൾക്ക് ബംഗാളി ഗാനങ്ങളുമായി ഒരുപാട് സാമ്യം തോന്നിയിട്ടുണ്ട്.
മലയാളത്തിൽ അസാധ്യ കഴിവുള്ള ഒരുപാട് സംഗീത സംവിധായകരുണ്ട്. ജോൺസൺ മാഷ്, ദേവരാജൻ മാസ്റ്റർ, ബാബു രാജ് സർ... ബിജിബാൽ സർ... മലയാളത്തിലെ പ്രിയപ്പെട്ട സംഗീതസംവിധായകരുടെ പട്ടിക നീണ്ടുകിടക്കുകയാണ്. ഇവരിൽ ഒരാളെ തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. ഇപ്പഴും പലരെയും അറിഞ്ഞുവരുകയാണ്. എന്നാലും ജോൺസൺ മാഷിെൻറ പാട്ടുകൾ ഹൃദയത്തോടു കൂടുതൽ ചേർന്നുകിടക്കുന്നു. അദ്ദേഹത്തിെൻറ അനുരാഗിണീ, മധുരം ജീവാമൃതബിന്ദു എന്നീ പാട്ടുകൾ വലിയ ഇഷ്ടമാണ്.
ബംഗാളിയല്ലാത്ത ഭാഷയിൽ ഒരു പാട്ടുകേൾക്കുേമ്പാൾ വരികളുടെ അർഥം അറിയാൻ ശ്രമിക്കും. സംഗീതത്തിന് അതിരുകളില്ലെന്നാണ് വിശ്വാസം. ഹിന്ദി, ബംഗാളി, കന്നഡ ഭാഷകളിൽ നിരവധി ആൽബങ്ങൾ ചെയ്തിട്ടുണ്ട്. നിർഭയ സംഭവം ആസ്പദമാക്കി ആവാസ് എന്ന പേരിൽ പാട്ടെഴുതി. 2014ൽ ഗ്ലോബൽ മ്യൂസിക് മത്സരത്തിൽ അതിന് മൂന്നാംസ്ഥാനം ലഭിച്ചു.
ഹിന്ദി സിനിമയിൽ മൂന്ന് പാട്ടുകൾ പാടി. മലയാളത്തിലും ഒരു പാട്ട് പാടാനിരിക്കുന്നു. സ്വതന്ത്രമായി സംഗീതം ചെയ്യാനാണ് താൽപര്യം. ജോലി തുടരുന്നതിനൊപ്പം സംഗീതവും കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്ന് ഋതിക പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.