തിരുവനന്തപുരം: എഴുപതുകളിൽ സർവകലാശാല കലോത്സവങ്ങളിൽ നിറഞ്ഞുനിന്ന ടാലൻറ് ട്വിൻസിലെ അവസാനകണ്ണിയാണ് പത്മജ രാധാകൃഷ്ണെൻറ വിയോഗത്തിലൂടെ നഷ്ടമായത്. ഗിരിജക്ക് പിന്നാലെ പത്മജയും മുന്നറിയിപ്പില്ലാതെ മടങ്ങുമ്പോൾ ആ വിയോഗവാർത്തയോട് പൊരുത്തപ്പെടാൻ അന്തപുരിയുടെ സാംസ്കാരികകേന്ദ്രങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
വഴുതക്കാട് വിമൻസ് കോളജിൽ വിദ്യാർഥികളായിരിക്കെയാണ് ഇരട്ടസഹോദരികളായ പത്മജക്കും ഗിരിജക്കും ‘ടാലൻറഡ് ട്വിൻസ്’ എന്ന ഇരട്ടപ്പേര് അധ്യാപകരും സുഹൃത്തുകളും ചേർന്ന് ചാർത്തിക്കൊടുത്തത്. സാഹിത്യ-നൃത്തലോകത്തെ ഇരുവരുടെയും തിളക്കമായിരുന്നു ആ പേരിന് പിന്നിൽ. പിന്നീട് സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണെൻറ കൈപിടിച്ച് തൈക്കാട് മേടയിൽവീട്ടിലെ കലാകുടുംബത്തിലേക്ക് എത്തുമ്പോഴും പത്മജയെന്ന കലാകാരിയുടെ തിളക്കം വർധിക്കുകയായിരുന്നു.
ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾ അവരുടെ തൂലികയിൽനിന്ന് പിറവിയെടുത്തു. എം.ജി. രാധാകൃഷ്ണെൻറ വിയോഗത്തിലും ആ വേദനകളെ അതിജീവിക്കാൻ പത്മയെ സഹായിച്ചത് സംഗീതവും സിനിമയും ചിത്രരചനയുമായിരുന്നു. 2018 ൽ സഹോദരി ഗിരിജക്കൊപ്പം പത്മജ വർഷങ്ങൾക്ക് ശേഷം ചിലങ്ക കെട്ടി. കുട്ടിക്കാലം മുതൽ കൊണ്ടുനടന്ന മോഹമായ ഗീതോപദേശത്തിലെ കൃഷ്ണെൻറയും അർജുനെൻറയും വേഷത്തിൽ ഇരുവരും തകർത്താടി. ഇക്കഴിഞ്ഞ ഡിസംബറിൽ സഹോദരി ഗിരിജ രവീന്ദ്രനാഥനെക്കൂടി മരണം തട്ടിയെടുത്തതോടെ ജീവിതം പിന്നെ ഒറ്റക്കായി.
ലോക്ഡൗണിൽനിന്ന് അതിജീവനം എന്ന സന്ദേശവുമായി ദിവസങ്ങൾക്ക് മുമ്പ് ‘എല്ലാരും ചൊല്ലണ്’ എന്ന പ്രശസ്ത സിനിമാഗാനം മൗത്ത് ഓർഗനിൽ വായിച്ച് പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.