കശ്മീരിലെ സൂഫിപാരമ്പര്യമുള്ള, ആ അവധൂതർക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സന്തൂർ എന്ന ഉപകരണത്തെയും അതിൽനിന്നൊഴുകുന്ന അഭൗമസംഗീതത്തെയും ഇന്ത്യൻ ശാസ്ത്രീയസംഗീതശാഖക്ക് ആകമാനം അവകാശപ്പെട്ടതാക്കി മാറ്റിയ മഹാകലാകാരനാണ് വിടപറഞ്ഞ ഗുരു പണ്ഡിറ്റ് ശിവകുമാർ ശർമാജി. സന്തൂറിനെ പ്രാഥമിക ഉപയോഗത്തിൽനിന്ന് മാറ്റിയെടുത്ത് ശാസ്ത്രീയസംഗീതത്തിന് ഉപയുക്തമാകുന്ന വിധത്തിൽ ട്യൂണിങ് സമ്പ്രദായത്തെയും വാദനരീതിയെയും പരിഷ്കരിക്കുകവഴി അതിന് ലോകത്തെ പ്രിയപ്പെട്ട സംഗീതോപകരണങ്ങളുടെ കൂട്ടത്തിൽ ഇടം നേടിക്കൊടുത്തു അദ്ദേഹം.
ഏതൊരു ഉപകരണവും സമൂഹമനസ്സിൽ പ്രതിഷ്ഠ നേടാൻ നാലു തലമുറയെങ്കിലും വേണ്ടിവരുമെന്ന അടിസ്ഥാന ധാരണയെ ശർമാജി തിരുത്തി, അതിനുവേണ്ടി സ്വന്തം ജീവിതംതന്നെ ഉഴിഞ്ഞുവെച്ചു. സന്തൂറിനെ എല്ലാ മാധുര്യത്തോടെയും അവതരിപ്പിക്കുക എന്നത് തന്റെ ജന്മ ഉദ്ദേശ്യമായി അദ്ദേഹം കണ്ടു. ജന്മസ്ഥലമായ ജമ്മുവിലെ പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ അദ്ദേഹം നാദപ്രപഞ്ചത്തിൽ ആവാഹിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഒരു ഗുരു എന്ന നിലയിൽ അദ്ദേഹം ഞങ്ങളെ സംഗീതം മാത്രമല്ല പഠിപ്പിച്ചത്, ജീവിതത്തെപ്പറ്റിയാണ് പേർത്തും പേർത്തും പറയുകയും ഓർമിപ്പിക്കുകയും ചെയ്തിരുന്നത്. ഒരു നല്ല കലാകാരൻ ആകാനുള്ള ആദ്യ യോഗ്യത നല്ല മനുഷ്യൻ ആവുകയാണ് എന്നത് സ്വജീവിതംകൊണ്ട് കാണിച്ചുതരുകയും ചെയ്തു. മറ്റുള്ളവരുടെ പകർപ്പുകളായി മാറാതെ സംഗീതത്തിൽ നടത്തേണ്ട അന്വേഷണങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും അതിനു പാലിക്കേണ്ട നിഷ്ഠകളെക്കുറിച്ച് സമയമെടുത്ത് മനസ്സിലാക്കിത്തരുകയും ചെയ്തു.
മനോഭാവങ്ങളെക്കുറിച്ച് ഇത്ര സൂക്ഷ്മമായി പറഞ്ഞുതരുന്നത് ഒരുപക്ഷേ ധ്യാനഗുരുക്കൾ മാത്രമാവും. ക്രോധം ഒഴിവാക്കിനിർത്തേണ്ടതിനെക്കുറിച്ച്, സ്വന്തത്തോടും സഹജീവികളോടും സദസ്യരോടും പെരുമാറുന്നതിന്റെ ലാളിത്യത്തെക്കുറിച്ച്, മറ്റുള്ള സംഗീതങ്ങളിൽനിന്നും ജീവിതത്തിൽ നാം കണ്ടെത്തുന്ന സൗന്ദര്യബിന്ദുക്കളെ സ്വന്തം സംഗീതത്തിൽ ഉൾക്കൊള്ളിക്കുന്നതിനെക്കുറിച്ച് വേദിയിൽ നാം നമ്മെ അവതരിപ്പിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ച്- എന്തെന്തിനെക്കുറിച്ചെല്ലാമാണ് ഗുരോ അങ്ങ് പഠിപ്പിച്ചുതന്നത്.
1994 ഏപ്രിൽ നാലിലാണ് അദ്ദേഹത്തിന്റെ ശിക്ഷണം ആദ്യമായി ലഭിക്കുന്നത്. പിന്നീട് എത്രയോ തവണ ഒരുമിച്ച് ഇരിക്കാൻ അവസരം ലഭിച്ചു. കോവിഡ് കാലം വരുന്നതിനുമുമ്പ് എല്ലാ ശിഷ്യരും ഒരുമിച്ച് താമസിച്ച് സംഗീതം അഭ്യസിക്കുന്ന ഗുരുകുല സമ്പ്രദായം ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിൽവെച്ചുതന്നെയായിരുന്നു ക്ലാസുകൾ. പിന്നീട് തിരക്കിനിടയിലും പുണെയിലെ ചിന്മയ മിഷന്റെ ആശ്രമത്തിൽ ഗുരുജിയും അദ്ദേഹത്തിന്റെ 18 ശിഷ്യരും കൂടിച്ചേർന്നിരുന്ന് ഓരോ ശിഷ്യരും അദ്ദേഹത്തിന്റെ മുന്നിൽ കച്ചേരി നടത്തുന്ന രീതിയായി. ഓരോരുത്തരുടെയും വാദനം കേട്ട് വിലയിരുത്തി, മാറ്റങ്ങൾ നിർദേശിച്ചും ഓരോ രാഗത്തിന്റെ പ്രത്യേകതകൾ പറഞ്ഞുതന്നും അദ്ദേഹം ഞങ്ങളിലെ സന്തൂർ വാദകരെ വളർത്തിയെടുത്തു.
ഗുരുവിന്റെ 72ാം പിറന്നാളിന് കേരളത്തിലായിരുന്നു. അന്ന് അദ്ദേഹത്തിനു മുന്നിൽ സന്തൂർ കച്ചേരി അവതരിപ്പിക്കാൻ അവസരം നൽകി. കച്ചേരിക്ക് അദ്ദേഹത്തോടൊപ്പം തമ്പുരു വായിക്കാൻ പോകുമ്പോൾപോലും പുതുപാഠങ്ങൾ പറഞ്ഞുതരാനും ശ്രദ്ധിച്ചു. എന്‍റെ മകൻ സന്തൂർ വായിക്കുന്നുവെന്നറിഞ്ഞ് അവന്റെ വാദനം കേൾക്കാനും ഗുരു താൽപര്യപ്പെട്ടു. ഞങ്ങളിരുവർക്കും പുണെയിൽ നടന്ന ഗുരുപൂർണിമ ചടങ്ങിൽ അദ്ദേഹത്തിന്റെ മുന്നിൽ സന്തൂർ അവതരിപ്പിച്ച് അനുഗ്രഹം നേടാൻ കഴിഞ്ഞത് ഏറ്റവും വിലപ്പെട്ട നിമിഷങ്ങളാണ്. പണ്ഡിറ്റ് രാഹുൽ ശർമ എന്ന അദ്ദേഹത്തിന്റെ മകൻ ഹിന്ദുസ്ഥാനി സംഗീതരംഗത്തെ പ്രതിഭാധനനായ കലാകാരനാണ്.
കോവിഡ് കാലത്ത് വീട്ടകങ്ങളിൽ കുരുങ്ങിപ്പോയപ്പോഴും ഗുരു ഞങ്ങൾക്ക് പ്രാപ്യനായിരുന്നു. 84ാം പിറന്നാളിന് ഗൂഗ്ൾ മീറ്റ് വഴി എല്ലാ ശിഷ്യരെയും വിളിച്ചുചേർത്ത് ഓരോരുത്തരുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് അകലങ്ങളെ അദ്ദേഹം മറികടന്നത്. സംഗീതഗുരു എന്നതിലുപരി വ്യക്തിപരമായ ഏത് ആശയങ്ങൾക്കും സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും ചെവിതരാൻ ഔത്സുക്യം കാണിച്ച രക്ഷാധികാരിയെക്കൂടിയാണ് എനിക്ക് നഷ്ടമായത്. വലിയ ഒരു സൗന്ദര്യാനുഭൂതിയെ നേരിൽ ആസ്വദിക്കാൻ ഒരു അവസരം ഇനിയില്ല.
ലോകത്തെ എണ്ണംപറഞ്ഞ ഹിന്ദുസ്ഥാനി സംഗീതജ്ഞരെല്ലാം എടുത്തുപറഞ്ഞിരുന്ന ചില ഘടകങ്ങൾ അദ്ദേഹത്തിന്റെ കച്ചേരിയിൽ ഉണ്ടായിരുന്നു. സംഗീതത്തെ ഒരു ആത്മീയ അന്വേഷണമായി മാറ്റുന്ന ആലാപും രണ്ടു കോലുകൾകൊണ്ട് വായിക്കുന്ന ഉപകരണത്തിൽ സാധ്യമാവുന്ന എല്ലാവിധ താളവൈവിധ്യങ്ങളും വൈചിത്ര്യങ്ങളും രാഗങ്ങളുടെ ഭാവം നഷ്ടപ്പെടാതെ അവതരിപ്പിക്കുന്നതിന്റെ കൗതുകവും പകരം വെക്കാനാവാത്തതാണ്. സ്റ്റേജ് നൽകുന്ന ആവേശത്തിൽ മയങ്ങി സംഗീതത്തിൽ വെള്ളം ചേർക്കാൻ ഒരിക്കൽപ്പോലും തയാറാവാത്ത സംഗീതജ്ഞർ ഇതുപോലെ ഏറെയുണ്ടാവില്ല. എത്ര അപരിചിതമായ, ഇന്ത്യൻ സംഗീതം അന്യമായ വിദേശ വേദികളിൽപ്പോലും കച്ചേരി അവസാനിക്കുന്നതുവരെ സദസ്സ്യരെ പിടിച്ചിരുത്താൻ കഴിഞ്ഞത് ധ്യാനനിഷ്ഠമായ അവതരണംകൊണ്ടായിരുന്നു. അതാണ് ഇനിമേൽ അന്യംനിന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.