ഒന്നര പതിറ്റാണ്ടുകൾക്കു ശേഷം എസ്.പി.ബിയുടെ കൂടെ പാടാൻ അവസരം ലഭിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എന്നെത്തന്നെ മറന്നു. കഴിഞ്ഞ ഒക്ടോബറിൽ തൃശൂർ 'ചേതനയുടെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയ അദ്ദേഹത്തിന്‍റെ കൂടെ വീണ്ടും പാടിയത് എനിക്ക് രണ്ടാം ജന്മം കിട്ടിയതു പോലെയായിരുന്നു. തൃശൂർ ദേവമാത സ്കൂൾ അങ്കണത്തിൽ 'മലരെ, മൗനമാ... എന്ന യുഗ്മഗാനം പാടി കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു. അറിയാതെ കരഞ്ഞു പോവുകയായിരുന്നു ഞാൻ. ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ എനിക്ക് ഇനി ആ പാട്ട് കേൾക്കാനാകില്ല.
ചേതനയുടെ ഡയറക്ടർ ഫാ. പോൾ പൂവ്വത്തിങ്കലാണ് എസ്.പി.ബി. വരുന്നുണ്ടെന്നും ഗാനമേളയിൽ ഒരു പാട്ട് പാടണമെന്നും ആവശ്യപ്പെട്ടത്. അദ്ദേഹം വരുന്നുവെന്ന് അറിഞ്ഞപ്പോൾ എനിക്ക് ആവേശമായി. 15 വർഷം മുമ്പ് ഞാൻ അദ്ദേഹത്തോടൊപ്പം പാടിയിട്ടുണ്ടെന്നും ഒരു പാട്ട് കൂടെ പാടാൻ അവസരമുണ്ടാക്കിത്തരണമെന്നും ഞാൻ അച്ചനോട് അഭ്യർത്ഥിച്ചു. കഴിയുമെങ്കിൽ മലരെ, മൗനമാ... പാടണം- ഞാൻ പറഞ്ഞു.
അച്ചൻ ആദ്യം അനുകൂലമായല്ല പ്രതികരിച്ചത്. അദ്ദേഹം രണ്ട് പട്ടേ പാടൂ. അത് ഏതൊക്കെയെന്ന് അറിയിച്ചിട്ടില്ല -അച്ചൻ നിസഹായത പ്രകടിപ്പിച്ചു.
ഓർക്കെസ്ട്ര നയിക്കുന്ന കീബോർഡ് ആർട്ടിസ്റ്റ് പോളി ചേട്ടനോട് ഞാൻ കാര്യം പറഞ്ഞു. മലരെ, മൗനമാ... നോക്കി വെക്കണമെന്നും അഭ്യർത്ഥിച്ചു. റിഹേഴ്സലിന്‍റെ ദിവസം എൻ്റെ പ്രാർത്ഥന ഫലിച്ചു. നിങ്ങൾ രണ്ട് പാട്ട് തെരഞ്ഞെടുത്തോളൂ എന്ന് എസ്.പി.ബി. അറിയിച്ചു. ആ ഇതിഹാസ ഗായകനൊപ്പം സ്വന്തം മണ്ണിലെ സദസിനു മുന്നിൽ പാടാൻ, അതും ഞാൻ ആഗ്രഹിച്ച ഗാനം, ദൈവം അവസരമൊരുക്കി.
പാടി കഴിഞ്ഞപ്പോൾ എന്നെ അടുത്ത് ചേർത്ത് നിർത്തി. എത്ര നന്നായി മനീഷ പാടുന്നുവെന്ന എസ്.പി.ബി.യുടെ അഭിനന്ദനം വലിയ അവാർഡായി ഞാൻ കരുതുന്നു. 15 വർഷം മുമ്പ് ഞാൻ ദുബൈയിൽ യു.എ.കെ. റേഡിയോയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ ഇൻ്റർവ്യൂ ചെയ്തിരുന്നു. എസ്.പി.ബി.യുടെ വലിയ ഫാനാണ് ഞാൻ എന്ന് പറഞ്ഞപ്പോൾ അത്യാവശ്യം വണ്ണവും ഉയരവുമുള്ള എന്നെ നോക്കി 'പാത്താലേ തെരിയിദ് എന്നായിരുന്നു പ്രതികരണം. അന്ന് ഒന്നിച്ച് നിന്ന് എടുത്ത ഫോട്ടോ അദ്ദേഹത്തിന് തൃശൂരിൽ വന്നപ്പോൾ ഞാൻ കാണിച്ച് കൊടുത്തു.
ഒന്നര പതിറ്റാണ്ട് മുമ്പ് കോയമ്പത്തൂർ മല്ലിശ്ശേരി ഓർക്കെസ്ട്രയുടെ ഗാനമേളകളിൽ അദ്ദേഹത്തോടൊപ്പം പാടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സ്വന്തം പരിപാടികളിലും കൂടെ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. 10 ഓളം ഗാനമേളകളിൽ ഒപ്പം പാടിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തോടൊപ്പം ചില ആൽബങ്ങളിലും പാടി.
പുതിയ ഗായകരെ അളവറ്റ് പ്രോത്സാഹിപ്പിച്ചിരുന്ന അപൂർവം പ്രതിഭയായിരുന്നു എസ്.പി.ബി. താൻ വലിയ ഗായകനാണെന്ന നാട്യം ഒരിക്കലും കാണിച്ചിട്ടില്ല. ജൂനിയർ ആയാലും സഹ ഗായകരെ അദ്ദേഹം ചേർത്ത് നിർത്തി. അതു കൊണ്ടു തന്നെ പുതിയ ഗായകർക്ക് അദ്ദേഹത്തോടൊപ്പം പാടാൻ അൽപം പോലും ആത്മസംഘർഷമുണ്ടായിട്ടില്ല.
കൊറോണക്കെതിരെ അദ്ദേഹത്തിന്‍റെ ബോധവത്ക്കരണ ഗാനം സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരും കേട്ടതാണ്. വ്യാഴാഴ്ച്ച ഉച്ചവരെ അദ്ദേഹം തിരിച്ചെത്തുമെന്ന് തന്നെയാണ് പലരെയും പോലെ ഞാനും കരുതിയത്. അദ്ദേഹം മികച്ച ഗായകൻ എന്നതോടൊപ്പം വലിയ നല്ല മനുഷ്യൻ കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ടവരെ ദൈവം പെട്ടെന്ന് തിരിച്ചു വിളിക്കുമെന്ന് കേട്ടിട്ടുണ്ട്. എസ്.പി.ബി.യുടെ കാര്യത്തിലും ഇത് സംഭവിച്ചിരിക്കാം. നീറുന്ന ഓർമയായി അദ്ദേഹം എന്നും എൻ്റെ ഉള്ളിൽ നിലനിൽക്കും.
തയാറാക്കിയത്: സക്കീർ ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.