'ബഡീ ദൂർ സെ ആയേ ഹേ/പ്യാർ കാ ത്വോഫ ലായേ ഹേ' (കാതങ്ങളകലെ നിന്ന് വന്നു ഞാൻ, ഈ സ്നേഹസമ്മാനവുമായി) എന്ന 'സംജോഝ'യിലെ ഗാനം ഓർമ്മ വരും എം.എ. നാസറുദ്ദീൻ എന്ന കാഞ്ഞിരപ്പള്ളിക്കാരുടെ മഠത്തിൽ നാസറിന് ആ വെള്ളി മോതിരം കാണുേമ്പാൾ. കാതങ്ങൾ താണ്ടിയെത്തി ആ സ്നേഹസമ്മാനം നാസറിന് സമ്മാനിച്ചത് മറ്റാരുമല്ല, ഇന്ത്യൻ സംഗീത ലോകത്തെ മെലഡിയുടെ രാജാവ് സാക്ഷാൽ മുഹമ്മദ് റഫിയാണ്. 54 വർഷം മുമ്പ്. ആ നിമിഷമോർക്കുേമ്പാൾ ഇന്നും നാസറിന്റെ മനസ്സിന് കൗമാരമാകും. കാരണം, തന്റെ പാട്ട് അതിമധുരമായി പാടിയ 17കാരന് റഫി സാബ് സമ്മാനമായി നൽകിയതാണ് തന്റെ വിരലിൽ അണിഞ്ഞിരുന്ന ആ വെള്ളിമോതിരം. ഒപ്പം ലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള ആ കൈയ്യൊപ്പും. റഫി സാബ് ലോകത്തോട് വിട പറഞ്ഞ് 41 വർഷം തികഞ്ഞ ഇന്ന് ഈ രണ്ട് സമ്മാനങ്ങളും നെഞ്ചോട് ചേർത്തുപിടിക്കുകയാണ് നാസർ.
1967ൽ പാലാ സെന്റ് തോമസ് കോളജിൽ നാസർ പ്രീഡിഗ്രിക്ക് പഠിക്കുേമ്പാഴാണ് പ്രിയ ഗായകനിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായത്. കൃത്യമായി പറഞ്ഞാൽ 1967 ജനുവരി 19ന്. കോളജിനും നാസറിനും അന്ന് ഒരേ പ്രായം; പതിനേഴ് വയസ്സ്. ജനുവരി 17 മുതൽ എട്ട് ദിവസം നീളുന്ന സാംസ്കാരിക പരിപാടി കോളജിൽ നടന്നത് അക്കാലത്താണ്. നിത്യഹരിത നായകൻ പ്രേം നസീർ, ഒരു കാലത്ത് സിനിമ ആസ്വാദകരെ ചിരിപ്പിച്ച നടൻ ജോണി വിസ്കി, ഗായകരായ യേശുദാസ്, എസ്. ജാനകി, പി.ബി. ശ്രീനിവാസ് എന്നിവരെല്ലാം ഒരോ ദിവസം മുഖ്യാതിഥികളായും കലാപരിപാടികൾ അവതരിപ്പിക്കാനുമെത്തി. മദ്രാസ് സിസ്റ്റേഴ്സിന്റെ നൃത്തവും കലാനിയത്തിന്റെ നാടകവുമൊക്കെയായി എട്ട് ദിവസവും ഗംഭീര പരിപാടികൾ. പക്ഷേ, എല്ലാവരും കാത്തിരുന്ന ദിവസം 19 ആയിരുന്നു. അന്നായിരുന്നു മുഹമ്മദ് റഫി എത്തുന്നത്. തന്നെ കാത്തിരുന്ന ആയിരക്കണക്കിന് ആളുകളെ ആവേശത്തിലാഴ്ത്തി റഫി വന്നതും പാടിയതും ഇന്നലെ കഴിഞ്ഞതുപോലെ ഓർമയുണ്ട് നാസറിന്.
1952ൽ പുറത്തിറങ്ങിയ 'ബൈജു ബാവ്ര'യിലെ തന്റെ എക്കാലത്തെയും മികച്ച ഗാനമായ 'ഓ ദുനിയാ കേ രഖ്വാലേ' അടക്കം 50കളിലും 60കളുടെ ആദ്യ പകുതിയിലെയും ഹിറ്റ് ഗാനങ്ങൾ റഫി ആരാധകർക്കുവേണ്ടി പാടി. കുറച്ചു പാട്ടുകൾ പാടിയ ശേഷം ചായ കുടിക്കാനും വിശ്രമത്തിനുമായി അദ്ദേഹം അൽപ്പനേരത്തേക്ക് പരിപാടി നിർത്തിവെച്ചു. ഈ ഇടവേളയിലാണ് പരിപാടിയുടെ സംഘാടകർ റഫിയുടെ അടുക്കലെത്തി കോളജിലെ പ്രീഡിഗ്രി വിദ്യാർഥി നാസറുദ്ദീന് വേദിയിൽ ഒരു ഗാനമാലപിക്കാൻ അവസരം നൽകണമെന്ന് അഭ്യർഥിക്കുന്നത്. റഫി സന്തോഷത്തോടെ സമ്മതം മൂളുകയും ചെയ്തു.
'1966 ൽ പുറത്തിറങ്ങിയ 'ലൗ ഇൻ ടോക്കിയോ' എന്ന സിനിമയിലെ 'ഓ മേരെ ഷാഹെ ഖുബാ, ഓ മേരീ ജാനേ ജാനാനാ' എന്ന പാട്ടാണ് ഞാൻ പാടിയത്. വിശ്രമത്തിലായിരുന്ന റഫി സാബ് ഈ പാട്ടുകേട്ട് സദസ്സിലേക്ക് വന്നു. എന്റെ പാട്ട് ഏറെ ആസ്വദിച്ച് കേട്ടു. പാട്ടിനു ശേഷം എന്നെ അരികിലേക്ക് വിളിച്ചിട്ട് നന്നായി പാടി എന്ന് പറഞ്ഞ് അഭിനന്ദിച്ചു. തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ കൈയ്യിൽ കിടന്ന വെള്ളി മോതിരം എനിക്ക് സമ്മാനിക്കുകയും ചെയ്തു' -നാസർ ആ നിമിഷങ്ങൾ ആവേശത്തോടെ ഓർത്തെടുക്കുന്നു.
'അപ്പോൾ എനിക്ക് തോന്നിയ വികാരം 1966ൽ ഇറങ്ങിയ 'തീസ്രി മൻസിൽ' എന്ന സിനിമയിൽ റഫി സാബ് തന്നെ പാടിയ പാട്ടിലുണ്ട്. 'തുംനേ മുഛെ ദേഖാ/ഹോകർ മെഹർബാൻ/റുക് ഗയീ യേ സമീൻ/തം ഗയാ ആസ്മാൻ...' (നീ എന്നെ കണ്ടപ്പോൾ ഈ ഭൂമിയും ആകാശവും നിശ്ചലമായപോലെ തോന്നി). അത്രക്ക് ആവേശത്തിലായിരുന്നു ഞാൻ. 1980 ജൂലൈ 31ന് 55ാം വയസ്സിലാണ് റഫി സാബ് ഈ ലോകത്തോട് വിടപറയുന്നത്. ഈ മോതിരവും ഓട്ടോഗ്രാഫും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും എനിക്ക് സമ്മാനിക്കുന്നുണ്ട്. എനിക്ക് റഫി സാബിനോടുള്ള സ്നേഹവും അദ്ദേഹം പാടിവെച്ചിട്ടുണ്ട്. സോ സാല് പെഹലേ/മുഛെ തുംസെ പ്യാർ ഥാ/ആജ് ഭി ഹേ/ഓർ കൽ ഭി രഹേഗാ... (നൂറ്റാണ്ട് മുേമ്പ നിന്നെ എനിക്ക് ഇഷ്ടമാണ്, ഇന്നുമതെ, നാളെയും...)' -പ്രിയ ഗായകന്റെ ഓർമ്മയിൽ നാസർ പാടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.