ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്.....

ജോൺ എബ്രഹാമിന്റേയും ഒഡേസയുടേയും  ‘അമ്മ അറിയാൻ’ എന്ന സിനിമയിൽ നിന്നാണ് ഉമ്പായി എന്ന ഗായകനെ ഞാൻ കണ്ടെത്തുന്നത്. ഞെരളത്ത് രാമപൊതുവാളും  ഉമ്പായിയും ഓക്ടോവിയൊ റെനെ കാസ്റ്റ്‌ലെയും  കമ്യൂണിസ്റ്റ് ഇന്റർനാഷ്ണലുമൊക്കെയാണ് ഈ സിനിമയുടെ ശബ്ദ സംഗീതപഥങ്ങളെ ഊർജ്ജിതമാക്കുന്നത്.

ഉമ്പായി പാടിയ മനോഹര ഗസൽ ഈ സിനിമയിലുണ്ട്. കൊച്ചിക്കാരൻ ഗായകൻ നസീം ആണ് അത് അലപിച്ചിട്ടുള്ളത്. ‘അമ്മ അറിയാന്റെ’ ഫോർട്ട് കൊച്ചിക്കാലത്ത് ഉമ്പായി സംഗീതം കേൾക്കാൻ ജോൺ എബ്രഹാമിന്റെ കൂടെ പോയത് സുഹൃത്ത് സി.എസ്. വെങ്കിടേശ്വരൻ ഇടക്കിടെ ഓർമിക്കാറുണ്ട്. ജോണും ഉമ്പായിയുടെ സംഗീതവും അത്രയേറെ സൗഹൃദത്തിലായിരുന്നു.

ഒഡേസയുടെ നൂറുകണക്കിന് പൊതു പ്രദർശനങ്ങളിൽ 16 എം.എം ​​െൻറ സ്വന്തം പ്രൊജക്ടറുമായി ഒഡേസ സംഘവുമായി ഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കാൻ എനിക്കവസരം കിട്ടിയിട്ടുണ്ട്. ജോണും അമ്മ അറിയാനും  ഉമ്പായിയുമൊക്കെ ഹൃദിസ്ഥമാവുന്നത് അങ്ങിനെയാണ്.

അമ്മ അറിയാൻ
 

ഉമ്പായിയെ പിന്നീട് കേട്ടിട്ടുണ്ടെങ്കിലും വളരെ ഇഷ്ടത്തോടെ സ്വീകരിക്കുന്നത് ഏതാനും വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഒരു ഓഡിയോ ആൽബത്തിന്റെ പ്രകാശന വേദിയിലായിരുന്നു. ‘അകലെ മൗനം പോൽ..’ എന്ന സംഗീത ആൽബത്തിന്റെ പ്രകാശന വേളയായിരുന്നു അത്. പ്രണയാതുരമായ സച്ചിദാനന്ദൻ കവിതകൾക്കുള്ള ഉമ്പായിയുടെ സംഗീതോപഹാരമായിരുന്നു അത്. സച്ചിദാനന്ദൻ കവിതയിൽ നിന്ന് ഉമ്പായി കടഞ്ഞെടുത്ത പ്രണയത്തിന്റെ ആകെത്തുകയായിരുന്നു, അകലെ മൗനം പോൽ.

സ്വന്തം കവിതയിലെ സംഗീതത്തെ കൂടുതൽ മിനുക്കിയെടുക്കുന്നത് കാണാൻ കവിയും എത്തിയിരുന്നു. കവിതക്ക് സംഗീതം ചേരുംപടിയാവുന്നത് ഞാൻ അന്നറിഞ്ഞു.

‘‘ഒരു വട്ടം നാം ഉമ്മവെക്കുകിൽ
പൂക്കളായ് നിറയുമീ
തീപ്പെട്ട ഭൂമി...

ഒരു വട്ടം നാം പൂഞ്ചിരിക്കുകിൽ
കിളികളായ് നിറയും
ഹിമാദ്രമാം വാനം...’’
സച്ചിദാനന്ദന്റെ പ്രണയവും ഉമ്പായിയുടെ സംഗീതവുമായിരുന്നു അത്.

മലയാള ചലച്ചിത്രഗാനങ്ങളെ തന്റേതായ രീതിയിലേക്ക് ആവിഷ്കരിച്ച് പ്രത്യേക ഗാന ശാഖയാക്കി  അതിനെ മാറ്റിപ്പണിതു ഉമ്പായി.

‘ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോളൊരു...’

‘ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി...’

‘വാകപ്പൂ മരം ചൂടും വാരിളം
പൂങ്കുലക്കുള്ളിൽ...’

തുടങ്ങിയ പാട്ടുകളൊക്കെ ഈ ഗണത്തിൽ വരുന്നവയാണ്.

ഇനിയും എത്രയൊ വികസിതമാക്കാമായിരുന്ന
സംഗീതലോകത്തെ  വിട്ട് പോകുന്ന ഉമ്പായിക്ക്  നിറഞ്ഞ ആദരവ്,

സച്ചിദാനന്ദൻ ഉമ്പായി ആൽബത്തിലെ,
ഒരു ഞെരമ്പിപ്പോഴും
പച്ചയായുണ്ടെന്ന് ഒരില
തന്റെ ചില്ലയോടോതി,
എന്ന ഗാനത്തിന്റെ ഓർമ്മയിൽ.

Tags:    
News Summary - A tribute to Gazal singer Umbai - kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.