മാപ്പിളപ്പാട്ടിൽ മാത്രമല്ല സിനിമാ പിന്നണി ഗാനരംഗത്തും ഒരു കാലത്ത് ഒരുപോലെ തിളങ്ങിനിന്ന പേരുകളാണ് വി.എം കുട്ടിയുടെതും വിളയിൽ ഫസീലയുടെതും. നാട്ടിലും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ ഇരുവരും ഒരുമിച്ചു പാടി. നിരവധി കാസറ്റുകളിലായി ആയിരക്കണക്കിന് പാട്ടുകൾ പുറത്തിറങ്ങി. 1970 മുതൽ 1991 രണ്ട് പതിറ്റാണ്ടിലധികം ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പത്താം വയസ്സിലാണ് വത്സലയെന്ന കൊച്ചു ഗായികയെ വി.എം കുട്ടി കണ്ടെത്തുന്നത്. 1970ൽ കോഴിക്കോട് ആകാശവാണിയുടെ ബാലലോകം പരിപാടിയിൽ പാടാൻ കുട്ടികളെ വേണമെന്ന ആവശ്യവുമായി അധികൃതർ വി.എം കുട്ടിയെ സമീപിച്ചു. സുഹൃത്ത് കാരിക്കുഴിയൻ മുഹമ്മദ് കുട്ടി മാസ്റ്ററാണ് വിളയിൽ പറപ്പൂരിലെ തിരുവച്ചോലയിൽ പാട്ടുപാടുന്ന കുറച്ചുപേരുണ്ടെന്ന് അറിയിച്ചത്. അവിടുത്തെ സൗദാമിനി ടീച്ചർ സംഗീതതൽപ്പരയായിരുന്നു.
ചെറുപെണ്ണിെൻറ കേളെൻറയും നാല് മക്കളിൽ ഇളയവൾക്ക് വത്സലയെന്ന് പേരിട്ടതുപോലും സൗദാമിനി ടീച്ചറാണ്. വി.എം കുട്ടി പാട്ടുകാരെ തേടുന്നതറിഞ്ഞപ്പോൾ ഇവർ കുറേപ്പേരെ സംഘടിപ്പിച്ചു. കൂട്ടത്തിൽ നല്ല ശബ്ദം വത്സലയുടെതായിരുന്നു. അവധി ദിവസങ്ങളിൽ കുട്ടി മാഷിെൻറ വീട്ടിൽ വന്നു പാട്ടുപഠിച്ചു. ആയിഷാ സഹോദരിമാരെന്നറിയപ്പെട്ട ആയിഷയും ആയിഷാ ബീവിയും അന്ന് അവിടെയുണ്ട്. 1972ൽ കർഷക സംഘത്തിെൻറ സമ്മേളനം നടക്കുകയാണ് തിരൂരിൽ. എ.കെ.ജി, ഇ.എം.എസ്, നായനാർ തുടങ്ങിയ മഹാരഥർ പങ്കെടുക്കുന്ന മഹാസമ്മേളനം. പാർട്ടിക്കാരനായ വി.എം കുട്ടിയുടെ ഗാനമേളയുമുണ്ട്. കൂടെ പാടേണ്ടത് ആയിഷാ സഹോദരിമാരാണ്. വത്സലയുൾപ്പെടെ കോറസും. സമ്മേളന ദിവസം രാവിലെ മുസ്ലിംലീഗ് പ്രവർത്തകനായ ആയിഷാ സഹോദരിമാരുടെ പിതാവ് വന്ന് മക്കളെ പാടിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ആശങ്കയായി. വി.എം കുട്ടിയുടെ വീട്ടിൽ സഖാക്കൾ കൂടിയിരുന്നു. അന്നാദ്യമായി വത്സലയെ ഒറ്റക്ക് പാടിക്കാൻ തീരുമാനിച്ചു.
അക്കാലത്ത് ചെറിയ പെരുന്നാളിന് ബാംഗ്ലൂരിൽ സ്ഥിരമായി പരിപാടിയുണ്ടായിരുന്നു. വി.എം കുട്ടിയുടെ സംഘത്തിൽ പാട്ടുകാരിയായി വത്സലയും. വത്സലയെ ഫസീലയാക്കിയത് നോമ്പുകളും പെരുന്നാളുകളുമാണ്. വത്സലയിൽ നിന്ന് ഫസീലയിലേക്കുള്ള മാറ്റത്തിൽ വി.എം കുട്ടിക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഇരുവരും പറഞ്ഞത്. വിശ്വാസം എന്നത് ആരുടെയെങ്കിലും പ്രേരണയിൽ മാറാൻ കഴിയുന്നതല്ലെന്ന് ഫസീല. മൈലാഞ്ചി എന്ന സിനിമയിലെ ''കൊക്കര കൊക്കര കോഴിക്കുഞ്ഞേ ചക്കര മാവിലെ തത്തപ്പെണ്ണേ'' പാട്ട് വി.എം കുട്ടി-വിളയിൽ വത്സല കൂട്ടുകെട്ട് പാടി. വി.എം കുട്ടി എഴുതി ഈണം നൽകിയ ''കിരി കിരീ ചെരുപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി'' എന്ന ഒപ്പനപ്പാട്ടാണ് വത്സലയുടെ ശബ്ദത്തിൽ ആദ്യം റെക്കോഡ് ചെയ്തത്. തരംഗിണിക്ക് വേണ്ടി വി.എം കുട്ടിയും ഫസീലയും പാടിയ രണ്ട് കാസറ്റുകളും ഹിറ്റായി. ഹഖാന കോനമറാൽ, തശ് രിഫും മുബാറക്കാദര, ഹസ്ബീ റബ്ബീ ജല്ലല്ലാ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ ഇതിൽപ്പെടും.
ഒരുകാലത്ത് കല്യാണവീടുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വി.എം കുട്ടിയും വിളയിൽ ഫസീലയും. മലബാറിലെ എല്ലാ ജില്ലകളിലും വിവാഹത്തലേന്ന് ഗാനമേളകൾ പതിവായിരുന്നു. മൈലാഞ്ചിപ്പാട്ടുകൾക്കായിരുന്നു ഇവിടങ്ങളിൽ പ്രിയം. വടകര കൃഷ്ണാദാസിനൊപ്പം പാടിയ ''ഉടനെ കഴുത്തെേൻറതറുക്കൂ ബാപ്പാ'' എന്ന ഗാനവും ഫസീലയോട് ആസ്വാദകർ എല്ലായ്പ്പോഴും ആവശ്യപ്പെടും. വി.എം കുട്ടിയുടെ ''സംകൃത പമഗിരി''ക്കായിരുന്നു ആവശ്യക്കാർ കൂടുതൽ. ''മുല്ലപ്പൂ പൂവിലും പൂവായ ഫാത്തിമ'', ''കൈതപ്പൂ മണത്താലും കദളിപ്പൂ നിറത്താലും'' തുടങ്ങിയവ ഇരുവരെയും ഒരുമിച്ചു കിട്ടുമ്പോൾ ശ്രോതാക്കൾ പാടിച്ചു. ഗൾഫ് പരിപാടികളിൽ ഫസീലയുണ്ടെങ്കിൽ ''കടലിെൻറ ഇക്കരെ വന്നോരേ'' എന്ന പാട്ട് നിർബന്ധമാണ്. എസ്.എ ജമീലിെൻറ കത്തുപാട്ടുകളിലൂടെയും ഇവർ പ്രവാസികളിൽ വേദന നിറച്ചു. ഒരിക്കൽ ബോംബെയിൽ പരിപാടിക്ക് പോയപ്പോൾ ജമീലിെൻറ ''എത്രയും ബഹുമാനപ്പെട്ട'' കത്ത് പാട്ട് പാടണമെന്ന് പെട്ടെന്ന് ആവശ്യം വന്നു. യാതൊരു മുന്നൊരുക്കവും നടത്തിയിരുന്നില്ല വി.എം കുട്ടിയും ഫസീലയും. പാടിക്കഴിഞ്ഞപ്പോൾ എതിരേറ്റത് നോട്ടുമാലകൾ. ഹാർമോണിയവും തബലയും മാത്രമായിരുന്നു അക്കാലത്തെ ഓർക്കസ്ട്ര. കുടുംബസമേതം കോഴിക്കോട് വെള്ളിപമ്പിലെ വീട്ടിൽ താമസിക്കുന്ന ഫസീല കുട്ടി മാഷിെൻറ കുടുംബവുമായി അടുത്ത ബന്ധം തുടർന്നു. അദ്ദേഹത്തിെൻറ സുഖവിവരങ്ങൾ തിരക്കി പുളിക്കൽ ദാറുസ്സലാമിൽ എത്താറുണ്ടായിരുന്നു പ്രിയ ശിഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.