ഓരോ പുരുഷനിലും ശക്തി, സ്വാധീനം എന്നീ നിലകളിൽ സ്ത്രീക്ക് വലിയ പങ്കുണ്ട്. വിവിധ കാലങ്ങളിൽ വ്യത്യസ്തനിലയിൽ സ്വാധീനിച്ച രണ്ട് സ്ത്രീകളെക്കുറിച്ച് - അമ്മയെയും ഭാര്യയെയും കുറിച്ച് പറയാം. അവരുടെ ഓർമകളോട് ഇഴചേർക്കാവുന്ന രണ്ട് പാട്ടുകളെക്കുറിച്ചും. ജനിച്ചുവളർന്ന കാലത്ത് (1979) അച്ഛന് കക്കയം എന്ന മലയോരഗ്രാമത്തിലെ കെ.എസ്.ഇ.ബി പവർ ഹൗസിലായിരുന്നു ജോലി. ഡാം പ്രദേശത്തിന്റെ സൂപ്പർവിഷൻ ചുമതയുള്ളതിനാൽ നൈറ്റ് ഡ്യൂട്ടി എന്ന അനിവാര്യതമൂലം അദ്ദേഹം വിട്ടുനിൽക്കുമ്പോൾ ഞങ്ങളുടെ കൊച്ചു ക്വാർട്ടേഴ്സിലെ കൊച്ചുമുറിയിൽ അമ്മയും ഏട്ടനും ഞാനും ഒതുങ്ങിയുറങ്ങും.
കോരിച്ചൊരിയുന്ന മഴയുള്ള, അച്ഛൻ ഇല്ലാത്ത ഒരു തുലാവർഷ രാത്രി. ഭീതിയോ ക്ഷീണമോ കാരണം ഏട്ടൻ നേരത്തേ ഉറങ്ങി. ആസ്ബസ്റ്റോസ് ഷീറ്റിൽ മഴയുടെ പെരുമ്പറ. പുറത്ത് ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന മിന്നൽ, കാതടപ്പിക്കുന്ന ഇടി. ഇടക്ക് എപ്പോഴോ കറന്റ് പോയിരുന്നു. വലിയ കുഴലുള്ള മണ്ണെണ്ണവിളക്കിന്റെ നാളത്തെയും ഉലച്ചുകൊണ്ട് ശക്തിയായി കാറ്റുവീശാൻ തുടങ്ങിയതോടെ എന്റെ തൊണ്ടയിൽ അത്രയും നേരം തങ്ങിനിന്ന കരച്ചിലും പെയ്യാൻ തുടങ്ങി. ഏങ്ങിക്കരഞ്ഞുനിന്ന എന്നെ മാറോടുചേർത്ത് പുറത്തുതട്ടി കാതോരം അമ്മ പതിയെ പാടിത്തുടങ്ങി;
''നീയെന്റെ വെളിച്ചം
ജീവന്റെ തെളിച്ചം
നീയെന്നഭയമല്ലേ..
അമ്മേ നീയെൻ അഭയമല്ലേ...
കൈവെടിയരുതേ
കന്യാമറിയമേ...
കനിവിൻ കേദാരമേ
അമ്മേ കനിവിൻ കേദാരമേ...''
അമ്മയുടെ ആലിംഗനമോ, പാട്ടിന്റെ മാസ്മരികതയോ അതോ രണ്ടും ചേർന്നോ എന്നറിയില്ല, എന്നിൽ ആശ്വാസത്തിന്റെ നിലാവുപെയ്യുന്നത് ഞാനറിഞ്ഞു. അമ്മ ഒരു നല്ല ഗായികയൊന്നുമല്ല. പിന്നീടെപ്പോഴെങ്കിലും വേറെ ഒരുപാട്ട് അമ്മ പാടുന്നത് ഞാൻ കേട്ടിട്ടുമില്ല. ആ രാത്രിയുടെ ഭീതിക്കടൽ താണ്ടാൻ എനിക്ക് തുണയായ ഗാനം 'മിസ് മേരി' (1972) എന്ന ചിത്രത്തിൽ പി. സുശീല പാടിയതാണെന്നും ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഈണം നൽകിയത് അനുഗൃഹീതനായ ആർ.കെ. ശേഖർ (എ.ആർ. റഹ്‌മാന്റെ പിതാവ്) ആണെന്നും മനസ്സിലാക്കിയപ്പോഴേക്കും ഞാൻ ഏറെ മുതിർന്നിരുന്നു. ഒരു ഉറച്ച ഹിന്ദുമത വിശ്വാസിയായ അമ്മയുടെ ഉള്ളിൽ ഈ ഗാനം പതിഞ്ഞതിനുപിന്നിൽ മലയോരമേഖലയിലെ സജീവ ക്രിസ്ത്യൻ സാന്നിധ്യമാവാം എന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽതന്നെ പാട്ടിനും സംഗീതത്തിനും എന്ത് മതം, എന്ത് ജാതി!
ഇനി മറ്റൊരു കാലത്തെയും മറ്റൊരു സ്ത്രീയേയും കുറിച്ച് പറയാം, എന്റെ കാമുകിയും ഭാര്യയുമായിത്തീർന്ന എന്റെ മറുപാതിയെക്കുറിച്ച്. പ്രണയം സമസ്തബിന്ദുക്കളെയും ആവാഹിച്ച യൗവനാരംഭത്തിലാണ് പുതുസഹസ്രാബ്ധം പിറന്നത്. 'ഗസൽമാല' എന്ന സംഗീത ആൽബം പുറത്തുവന്നതും ഈ പുത്തൻ നൂറ്റാണ്ടിലായിരുന്നു (2002). സുഹൃത്തായ പ്രദീപന്റെ കാസറ്റ് കടയിലെ സ്പീക്കറിലൂടെ ഉമ്പായി പാടിത്തുടങ്ങി:
''വീണ്ടും പാടാം സഖീ
നിനക്കായ്...
വിരഹഗാനം ഞാൻ
ഒരു വിഷാദ ഗാനം ഞാൻ.
നീലത്താമര വിടരും നിന്നുടെ
നീൾമിഴി നിറയില്ലെങ്കിൽ...''
അക്കാലമത്രയും യേശുദാസിന്റെ ഘനഗാംഭീര്യം മാത്രം നെഞ്ചേറ്റിയ എന്നിലേക്ക് ആ പൊള്ളുന്ന സ്വരം എക്കാലത്തേക്കുമായി ഒഴുകിയിറങ്ങി. ഗസലുകൾ എന്റെ തലമുറക്ക് പുതുമയൊന്നുമായിരുന്നില്ല. എന്നാൽ, മലയാളത്തിലും അതിന്റെ നറുമണം പ്രസരിപ്പിച്ചു, ഉമ്പായി എന്നപേരിൽ പ്രശസ്തനായ മട്ടാഞ്ചേരിക്കാരൻ ഇബ്രാഹീം.
അദ്ദേഹം തന്നെ ഈണമിട്ട ഗാനങ്ങൾ രചിച്ചത് സാക്ഷാൽ യൂസഫലി കേച്ചേരി. ജൂബിലി ഓഡിയോസ് പുറത്തിറക്കിയ ആ ആൽബത്തിലെ എണ്ണം പറഞ്ഞ പത്തു പാട്ടുകളും ഹൃദയചഷകത്തിലെ ലഹരിയായി. പ്രണയം എന്നിൽ ത്രസിച്ചുപൊങ്ങിയ ആ നാളുകളിൽ ഉറ്റ ചങ്ങാതി ആയിരുന്ന റഫീഖിന്റെ ചിക്കൻസ്റ്റാളിലെ ടേപ്പ്റെക്കോഡറിൽ വീണ്ടും വീണ്ടും ഉമ്പായി പാടിക്കൊണ്ടിരുന്നു...
''വള്ളിക്കുടിലിൽ
നാമിരിക്കുമ്പോൾ
ആ വഴിയാരോ വന്നപ്പോൾ
അഴിച്ചിട്ട നിന്നുടെ
കാർമുടിക്കിടയിൽ
ഒളിപ്പിച്ചതോർമയുണ്ടോ
എന്നെ നീ
ഒളിപ്പിച്ചതോർമയുണ്ടോ...''
പങ്കിട്ടുവലിച്ച ഗോൾഡ് ഫ്ലേക് സിഗരറ്റിന്റെ ഗന്ധവും പാതിയറ്റ തല പ്ലാസ്റ്റിക് വീപ്പയുടെ വശങ്ങളിലടിച്ച് പ്രാണൻ വെടിഞ്ഞ കോഴികളുടെ രോദനവും കടന്ന് എന്റെ പ്രണയം അവളിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരുന്നു. എന്നെ പ്രണയിപ്പിച്ചു, നോവിച്ചു, കരയിച്ചു ഉമ്പായി. പിന്നീടൊരുനാൾ അവൾ എന്റെ ജീവന്റെ ഭാഗമായി, നിലക്കാത്ത ഒരു ഗാനം പോലെ. അന്നുമിന്നും ആ ഉമ്പായി ഗാനം എന്റെ പ്രണയവഴിയുടെ ചൂണ്ടുപലകയാണ്.
പറഞ്ഞുവന്നത് സ്ത്രീകളെക്കുറിച്ചാണ്, കാലത്തിന്റെ രണ്ടറ്റത്ത് എന്നെ നെഞ്ചേറ്റിയ രണ്ട് വനിതകളെക്കുറിച്ച്. ആഴമുള്ള ബന്ധങ്ങളുടെ പൊട്ടാനൂലുകൾകൊണ്ട് നെയ്ത ആ സ്നേഹസാന്നിധ്യങ്ങൾക്കൊപ്പം പാട്ടുകളും ഇഴചേർന്നതിന് കാരണമെന്താവാം? മാതൃഭാവത്തിന്റെ കരുതലും സ്നേഹനിർഭരതയുടെ കാതലും പോലെ വേർപെടുത്താനാവാത്തവണ്ണം പാട്ടുകളും എന്റെ ഉൾക്കാമ്പിന്റെ അനിവാര്യഭാഗമാവാം, അങ്ങനെ ഞാൻ കരുതുന്നു, വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.