പാടുക സൈഗാള്‍ പാടൂ
നിന്‍ രാജകുമാരിയെ പാടിപ്പാടി ഉറക്കൂ
സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍നിന്ന
മുഗ്ധ സൗന്ദര്യത്തെ ഉണര്‍ത്തരുതേ...ഉണര്‍ത്തരുതേ'.
മധുര മനോഹരമായ ഈ വരികള്‍ കേള്‍ക്കാത്ത സംഗീതാസ്വാദകര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. മലയാളത്തിലേക്ക് ഗസല്‍ എന്ന ഹിന്ദുസ്ഥാനി സംഗീത ശാഖയെ കൈപിടിച്ചാനയിച്ച ഉമ്പായി ആലപിച്ച ഗാനം. മലയാളികളുടെ ഹൃദയം കീഴടക്കിയ ഉമ്പായിയുടെ പ്രശസ്തമായ ‘പാടുക സൈഗാള്‍ പാടൂ' എന്ന ആല്‍ബത്തിലെ പ്രണയാതുരമായ ഈ ഗാനം മലയാള ഗസലുകളില്‍ എക്കാലത്തും ഒാർമിക്കപ്പെടുന്ന ഒന്നാണ് .
മലയാളത്തിൽ ഗസൽ വിജയിക്കില്ലെന്ന് കവികൾ വിശ്വസിച്ചിരുന്ന കാലത്തായിരുന്നു ഉമ്പായി ഇൗ ഗാനശാഖയിലേക്ക് കടന്നുവന്നത്. ഗസലുമായി മുംബൈയിലും മറ്റും ചുറ്റിത്തിരിയുന്ന കാലം. മലയാളത്തില്‍ എന്തുകൊണ്ട് ഗസല്‍ ആയിക്കൂടാ എന്ന ചിന്ത മനസ്സിലുദിച്ചു. മലയാളിയുടെ ഹൃദയത്തിലും പ്രണയമുണ്ടല്ലോ എന്ന ചിന്തയാണ് പിന്നീട് കേരളം ഏറ്റുപാടിയ ഗസലുകൾ സൃഷ്ടിക്കാൻ പ്രചോദനമായതെന്ന് ഉമ്പായി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
കവിതകള്‍ക്കായി സച്ചിദാനന്ദന്‍, യൂസുഫലി കേച്ചേരി തുടങ്ങിയ പ്രഗല്‍ഭരെ സമീപിച്ചുവെങ്കിലും കടുത്ത എതിര്‍പ്പാണ് ഉമ്പായിക്ക് നേരിടേണ്ടി വന്നത്. അത്തരം ഒരു പരീക്ഷണത്തിന് മെനക്കെടേണ്ടതില്ലായിരുന്നു അവരുടെ പക്ഷം. നേരത്തെയുള്ള സൗഹൃദംവെച്ച് ഒ.എന്‍.വിയുടെ അടുത്തും പിന്നീട് ഉമ്പായി ചെന്നു. അദ്ദേഹത്തിെൻറ അഭിപ്രായവും മറ്റു കവികളുടേത് തന്നെയായിരുന്നു. പക്ഷെ അദ്ദേഹം പൂര്‍ണമായും നിരാശപ്പെടുത്തിയില്ല. പിന്നീട് സച്ചിദാനന്ദനും യൂസഫലി കച്ചേരിയും ഉമ്പായിക്ക് കവിതകൾ നൽകാൻ തയാറായി എന്നതും ചരിത്രം.
ആയിടെ ഇറങ്ങിയ ‘അകലം മൗനംപോല്‍' എന്ന സച്ചിദാനന്ദനന്‍റെ രചനയിലുള്ള ആല്‍ബം പ്രകാശനം ചെയ്യാന്‍ ഒ.എന്‍.വി യെ ക്ഷണിച്ചു. തിരുവനന്തപുരത്ത് നടന്ന ആ ചടങ്ങില്‍ ആല്‍ബത്തിലെ ഗാനങ്ങള്‍ കേട്ട് ഏറെ സന്തോഷവാനായ ഒ.എന്‍.വി അടുത്ത ആല്‍ബത്തിന് കവിതകള്‍ നല്‍കാമെന്നേറ്റു. അങ്ങനെ ആ പ്രണയകവിയുടെ ഒമ്പത് കവിതകളുമായി ‘പാടുക സൈഗാള്‍ പാടൂ' എന്ന ആല്‍ബം പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സ് ആണ് ഈ ആല്‍ബം പുറത്തിറക്കിയത്. അതുവരെയുള്ളതെല്ലാം ഇറക്കിയത് കോഴിക്കോട് ജൂബിലി ഓഡിയോസായിരുന്നു. ഒ.എൻ.വിക്ക് ശേഷം ഉമ്പായി കൂടി വിടവാങ്ങുേമ്പാൾ മലയാള ഗസൽ ശാഖക്ക് അത് സൃഷ്ടിക്കുന്നത് തീരാനഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.