ആലപ്പുഴ: ആകാശവാണിയുടെ ലളിതസംഗീത പരമ്പരകളിൽ മുദ്രചാർത്തപ്പെട്ട പേരാണ് ചന്ദ്രൻ പുറക്കാട്. ’80കളിൽ സജീവമായിരുന്ന ലളിതസംഗീതത്തിന്റെ രചനാവൈഭവത്തിന് പിന്നിൽ ഇൗ എഴുത്തുകാരന്റെ തൂലിക ഉണ്ടായിരുന്നു. എം.ജി. രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഉദയഭാനു തുടങ്ങിയ സംഗീതജ്ഞരുടെ രാഗവിസ്താരങ്ങളിൽ ഇൗ എഴുത്തുകാരനും ഉൾപ്പെട്ടു. ആകാശവാണി നാടകങ്ങളിലും ചന്ദ്രൻ പുറക്കാടിന്റെ പങ്കുണ്ടായിരുന്നു. പുറക്കാട് എന്ന തീരദേശ ഗ്രാമത്തിൽ ജനിച്ച് പൊതുജീവിതത്തിൽ ആത്മാർഥ പ്രവർത്തനം കാഴ്ചവെച്ച ചന്ദ്രൻ പുറക്കാടിനെ 80െൻറ നിറവിൽ ആഹ്ലാദത്തോടെയാണ് നാട് ആദരിച്ചത്.
സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഇ.കെ. ഇളയകൊച്ചിന്റെയും ചിന്നമ്മയുടെയും മകനായി 1937 ഡിസംബർ അഞ്ചിനായിരുന്നു ജനനം. ആരോഗ്യവകുപ്പിൽ ജോലിയായെങ്കിലും മനസ് നിറയെ കലയും സാഹിത്യവുമായിരുന്നു. അവിടെയിരുന്ന് ഡസൻകണക്കിന് സൃഷ്ടികൾ, നാടകം ഉൾപ്പെടെ ആകാശവാണിക്ക് നൽകി. മുന്നൂറോളം ലളിതഗാനങ്ങൾ ആകാശവാണിക്കുവേണ്ടി എഴുതി. അമ്പലപ്പുഴ ഫോക്കസ് ഉൾപ്പെടെ നിരവധി സംഘടനകളുടെ പുരസ്കാരങ്ങൾ ലഭിച്ചു.
പുന്നപ്രയിലെ വീട്ടിൽ മക്കളോടും കൊച്ചുമക്കളോടുമൊപ്പം വിശ്രമ ജീവിതത്തിലാണ് ഇപ്പോൾ. പിറന്നാൾ ആഘോഷിക്കാൻ വ്യാഴാഴ്ച സാഹിത്യകാരന്മാരും കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ എത്തി. പരേതയായ സി.എൻ. രാഗിണിയാണ് ഭാര്യ. ആലപ്പുഴ വനിത-ശിശു ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സിന്ധു, അറവുകാട് ഹൈസ്കൂൾ അധ്യാപിക സന്ധ്യ റാണി എന്നിവരാണ് മക്കൾ. എസ്.ബി.െഎ ഡെപ്യൂട്ടി മാനേജർ സി.എസ്. രൺജിത്ത്, ചവറ ഐ.ആർ.ഇ ചീഫ് മാനേജർ വിമൽ ജോഷി എന്നിവരാണ് മരുമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.