ആർദ്ര ഗംഭീരമായ ഒരു ഗസൽ ആലാപനം
പെെട്ടന്ന് നിലച്ചു. ഗാനശാല ശൂന്യമായി.
ഹൃദയത്തിെൻറ കാതിൽ പ്രണയം പോലെ പെയ്തിരുന്ന മഴ നിനച്ചിരിക്കാതെ തോർന്നുപോയ ഏകാന്ത വിജനമായൊരു സന്ധ്യയിൽ പ്രിയപ്പെട്ട ഉമ്പായീ, ഞാൻ താങ്കളെക്കുറിച്ചോർക്കുന്നു. വിഷാദം ഘനീഭവിച്ചുപോയ നനഞ്ഞ പ്രകൃതി താങ്കളെക്കുറിച്ചു പറയുന്നു. ആകാശ വിതാനങ്ങളിലെവിടെയോ താങ്കൾ വീണ്ടും പാടുന്നു
‘‘പാടുക സൈഗാൾ പാടൂ, നിൻ,
രാജകുമാരിയെ പാടിപ്പാടിയുണർത്തൂ...
പാടുക സൈഗാൾ പാടൂ’’
ഉമ്പായി ഇതാ, മരണമില്ലാത്തൊരാലാപനമായി മാറിക്കഴിഞ്ഞിരിക്കുന്നു. ‘‘നീ മറഞ്ഞാലുമലയടിക്കും നീലക്കുയിലേ നിൻ ഗാനമെങ്ങും’’ എന്നു സമാധാനിച്ചുകൊള്ളെട്ട ലോകം.പക്ഷേ, ഉമ്പായി ഹൃദയം നിറയെ പാട്ടുമായി പൊരിഞ്ഞു നടന്ന വഴികളോർത്തുപോവുന്നു ഞാൻ. അനാഥനും ഏകാകിയുമായി അലഞ്ഞു തീർത്ത യാതനായാത്രകളോർത്തുപോവുന്നു.പാട്ടു പാടുന്നത് കർശനമായി വിലക്കിയ ബാപ്പ. മകെൻറ പാട്ടുകൾ കേട്ട് ഏകാന്തതകളെ വിശുദ്ധമാക്കിയ ഉമ്മ. ബാപ്പ ഭയപ്പെട്ടതുപോലെ വഴി തെറ്റി. മദ്യപാനിയായി. അതിലപ്പുറമുള്ള ലഹരി മരുന്നുകളും സംഗീതത്തോടൊപ്പം ശീലമായി. ബോംബെയിലെ ചില അധോലോക യാത്രകളിൽ സ്വയം നഷ്ടപ്പെട്ടു. ബോംബെയിലെ അറിയപ്പെട്ട ഗസൽ ഗായകനായി. സംഗീതം ഒരു ബൊഹീമിയൻ സ്വപ്നാടനമായി. അന്നത്തെ ഒരു ക്ഷണിക പ്രണയത്തിെൻറ വിരഹം ഒരു മനോഹരമായ ഗസൽപോലെ ഉമ്പായി ഒരിക്കൽ ഒാർത്തിട്ടുണ്ട്.
അക്കാലത്തു താമസിച്ചിരുന്ന ഗുഹപോലുള്ള ഒരു മുറിയിലേക്ക് പടികൾ കയറിപ്പോവുേമ്പാൾ സ്വയം മറന്ന് റഫിസാബിെൻറ പഴയൊരു പാട്ട് ഉറക്കെ പാടിപ്പോയി.
‘‘ദൂര് രഹ്കർ ന കരോ ബാത്ത്
ഖരീബ് ആ ജാഒാ’’
തൊട്ടപ്പുറത്തെ മട്ടുപ്പാവിെൻറ ജാലക തിരശ്ശീല നീക്കി ‘കഹനിലുദിത്ത ഖമർ പോലെ’ ഒരു മുഖം. പാട്ടിൽ ലയിച്ചു സ്വയം മറന്നു വിടർന്നുപോയ ഒരു മന്ദഹാസം.
രണ്ടു നിമിഷം മാത്രം
തിരശ്ശീല അടഞ്ഞു.
മുഖം മറഞ്ഞു.
ശരിയായ ഗസൽ പോലെ പ്രണയത്തിെൻറ ഒരു മിന്നൽ വിടർന്നുപൊലിഞ്ഞു. ജീവിതകാലം മുഴുവൻ പിന്തുടർന്ന ആ മുഖമാണ് പിന്നീട് മലയാളത്തിലെ ആദ്യത്തെ ഗസൽ ആൽബത്തിനു വേണ്ടി വേണു വി. ദേശത്തെക്കൊണ്ട് എഴുതിച്ചത് എന്ന് ഉമ്പായി പറഞ്ഞതോർക്കുന്നു.ബോംബെയിൽ തിരിച്ചെത്തിയതിനുശേഷമാണ് മലയാളത്തിെൻറ ഗസൽ വിസ്മയമായി മാറിയ ഉമ്പായി പിറന്നത്. ആത്മ സുഹൃത്തുക്കളിലൊരാളായിരുന്ന ജോൺ എബ്രഹാമായിരുന്നു യഥാർഥ പ്രേരണ.പി. അബു ഇബ്രാഹിം എന്ന ഉമ്പായിയുടെ ബാല്യം അവിടെ തുടങ്ങുന്നു.മട്ടാഞ്ചേരിയുടെ ചരിത്ര പ്രസിദ്ധമായ സംഗീത പ്രണയങ്ങളിൽ രാജ്യമില്ലാത്ത രാജകുമാരനായിരുന്ന മെഹ്ബൂബ് ഭായിയായിരുന്നു ബാല്യകാലത്തെ വലിയ പ്രചോദനം. തബല പഠിക്കാതെത്തന്നെ മെഹ്ബൂബ് ഭായിക്കൊപ്പം തബലിസ്റ്റായി കൂടി. പഠിച്ചിട്ടില്ലെന്ന് ആർക്കും േതാന്നാത്ത വിധത്തിൽ അണുമാത്രയിടറാത്ത തബലവാദനം. ‘മേട്ടി’യിൽ വീഴുന്ന വിരലുകൾക്ക് ശ്രുതി ശുദ്ധമായ മുഴക്കം.
മെഹ്ബൂബ് ഭായി പറഞ്ഞു:
‘‘തബലയുടെ ‘കയ്യ്’ നിനക്ക് പടച്ചവൻ തന്നതാണ്. പക്ഷേ, വിദ്യ പഠിക്കണം. തബല പഠിക്കാൻ മട്ടാഞ്ചേരിയിലും കൊച്ചിയിലും ഒന്നും നടന്നിട്ട് കാര്യമില്ല. ബോംബെയിൽ പോണം. ശരിയായ തബല അവിടെയാണ്’’.ആ വാക്കിെൻറ തീക്ഷ്ണമായ പ്രേരണയിലാണ് അബു ഇബ്രാഹിം ബോംബേക്കു വണ്ടി കയറിയത്. കലാകാരനായാൽ മകൻ മദ്യപാനിയായി വഴിതെറ്റിപ്പോവും എന്നു പേടിച്ച് അബു ഇബ്രാഹിമിെൻറ സംഗീത പ്രവർത്തനങ്ങളെ ശക്തമായി തടഞ്ഞ ബാപ്പയോടുള്ള വാശി തീർക്കാൻ കൂടിയായിരുന്നു ആ ദേശാടനം. ആ യാത്രയിൽ ബോംബെയിൽ ഹിന്ദുസ്ഥാനി സംഗീതത്തിന് ശരിയായൊരു ഗുരുവിനെ കിട്ടി- ഉസ്താദ് മുജാവറലി ഖാൻ. തബല പഠിച്ചു. ഹിന്ദുസ്ഥാനി വായ്പ്പാട്ടു പഠിച്ചു. ആ ‘ഖരാന’കൾക്ക് സഹജമായിരുന്ന ബൊഹീമിയൻ അരാജക മാർഗങ്ങളിലൂടെയൊക്കെ സഞ്ചരിച്ചു.
മനോഹരമായ ഉർദു ഉച്ചാരണം. കവിതകളുടെ അർഥശിൽപം വിടർത്തിയെടുക്കുന്ന ഹൃദയാവർജകമായ ആലാപനം. പ്രണയവും വിരഹവും ഇഴകോർത്തു പിണയുന്ന ശരിയായ ഗസലിെൻറ മധുരമധുരമായ വിജന ശോകം.
ഉമ്പായി സ്വയമൊരു ഗസലായിപ്പാടിഉമ്പായിയുടെ ശബ്ദത്തിലാണ് മലയാളികൾ ഗുലാം അലിയെയും മെഹ്ദി ഹസനെയുമൊക്കെ ഹൃദയത്തിലേറ്റെടുത്തത്.
ചുപ്കേ, ചുപ്കേ രാത്ദിൻ...
ഗുലാം അലി അനശ്വരമാക്കിയ ഇൗ ഗസൽ ഉമ്പായിയിലൂടെ മലയാളികൾക്കു മുഴുവൻ സ്വന്തമായി.കേരളത്തിൽ ഗസലിന് വമ്പിച്ചൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തത് ഉമ്പായിയാണ്. മലയാളത്തിെൻറ ഗസൽ എന്ന ആശയവും ഉമ്പായിയുടേതായിരുന്നു. ഒ.എൻ.വിയുടെയും സച്ചിദാനന്ദെൻറയും യൂസഫലിയുടെയും വേണു വി. ദേശത്തിെൻറയുമൊക്കെ വരികൾ ഉർദു ഗസലുകളുടെ നിലവാരത്തിൽ ഉമ്പായി ജനപ്രിയങ്ങളാക്കി. ഒപ്പം ബാബുരാജിെൻറയും മെഹ്ബൂബിെൻറയും അനശ്വരഗാനങ്ങൾ ‘ഗസൽ’ ഭാവം കൈക്കൊണ്ടു. ഉറങ്ങാൻ നീയെനിക്കരികിൽ വേണം എന്ന, സിനിമക്കുവേണ്ടി ഉമ്പായി ചിട്ടപ്പെടുത്തിയ ഗാനവും വളരെ പ്രശസ്തമായി.
ഗസലുകളുടെ ഒരനശ്വര വസന്തമാണ് മൂന്നു പതിറ്റാണ്ടുകൾകൊണ്ട് ഉമ്പായി മലയാളത്തിൽ ഒരിക്കലും വാടാത്ത വിധത്തിൽ വിടർത്തിയിട്ടത്. 1988ൽ ആദ്യത്തെ സംഗീത ആൽബം പുറത്തിറങ്ങി. പിന്നീട് 20ലധികം ആൽബങ്ങൾ. മലയാളികളും മലയാളികളല്ലാത്തവരും വൻകരകളിൽനിന്ന് വൻകരകളിലേക്ക് ആ പാട്ടുകളെ ഹൃദയത്തിലെടുത്തുകൊണ്ടുപോയി.ഇന്ത്യൻ മതേതരത്വത്തിെൻറ ഭാഷയാണ് ഉർദു. അമീർ ഖുസ്റു മുതൽ മിർസാ ഗാലിബ് വരെയുള്ളവർ ഇന്ത്യക്കു സമ്മാനിച്ച മഹത്തായ സംഗീത സംസ്കാരത്തിെൻറ അനശ്വര വികാസം. തുർക്കി-അഫ്ഗാൻ നാടോടികളിലൂടെ അതിർത്തികൾ അതിലംഘിച്ച് ഇന്ത്യയിലെത്തിയ മനുഷ്യരുടെ മരണമില്ലാത്ത പ്രണയ-വിരഹ സംഗീതം. ആ സംഗീതത്തെ മാറ്റിനിർത്തിയാൽ, ഇന്ത്യയില്ല. ഗസലുകൾ തീർത്ത മതേതര -മാനവിക സംഗീതത്തിെൻറ വിശ്വ പ്രേമ സാമ്രാജ്യത്തിലെ സുൽത്താനായിരുന്നു ഉമ്പായി.
ദീർഘ വർഷങ്ങൾ നീണ്ട സൗഹൃദം ഉമ്പായിയുമായി എനിക്കുണ്ടായിരുന്നു. സംഗീതത്തിെൻറ അകളങ്കമായ സ്നേഹമായിരുന്നു ആ സൗഹൃദത്തിെൻറ അന്തർധാര.വളരെ വർഷങ്ങൾക്കു മുമ്പ് ഉമ്പായിയെ ആദ്യമായി തുഞ്ചൻപറമ്പിലേക്ക് എം.ടിയുടെ നിർദേശനമനുസരിച്ച് ക്ഷണിച്ചത് ഞാനാണ്. തുഞ്ചൻപറമ്പിലെ മണൽത്തരികൾപോലും ഏറ്റുപാടിയ ആ ഗസൽരാത്രി മറക്കാവതല്ല. എെൻറ ഗ്രാമത്തിൽ ഉമ്പായി വന്നു പാടിയതിെൻറ സ്നേഹവും മരണം വരെ മനസ്സിൽനിന്നു പോവുകയില്ല. ഒരിക്കൽ ഞങ്ങളൊന്നിച്ച് ദുബൈയിൽ പോയി. ദുബൈ വിമാനത്താവളത്തിൽ ഞാനകപ്പെട്ടുപോയ ഒരു കുരുക്കിൽനിന്ന് അന്നെന്നെ രക്ഷിച്ചത് ഉമ്പായിയാണ്.
യൂസഫലി കേച്ചേരിയുടെ എൺപതാം പിറന്നാളിന് കുന്നംകുളത്തൊരുക്കിയ ഒരു ജനകീയ സ്വീകരണത്തിൽ പ്രസംഗത്തിനിടെ ഞാൻ ‘സുറുമയെഴുതിയ മിഴികളേ’ നാലുവരി പാടി. അത് നിർത്താനനുവദിക്കാതെ സദസ്സിലിരുന്ന ഉമ്പായി എഴുന്നേറ്റുനിന്ന് എന്നെ പിന്തുണച്ചു. ജീവിതത്തിലെ ചില അനശ്വര നിമിഷങ്ങളായി ആ ഒാർമകളൊക്കെയും ഹൃദയത്തിൽ നിറയുന്നു.നാട്യവും കാപട്യവുമില്ലാത്ത സ്നേഹമായിരുന്നു ഉമ്പായി. പുറേമ്പാക്കിലെ ജീവിതങ്ങളെത്രയോ അറിഞ്ഞ ഒരാൾ.
ഒരു ബൊഹീമിയൻ സഞ്ചാരിയുടെ നാടോടിത്തം സമ്മാനിച്ച വിശുദ്ധമായ സ്നേഹമായിരുന്നു അത്. ലോകത്തിലെ ഏറ്റവും അനാഥരും പാവപ്പെട്ടവരും തിരസ്കൃതരുമായ മനുഷ്യർക്കുപോലും ഉമ്പായിയുടെ ഗസൽ പ്രാപ്യമായിരുന്നു. അല്ലെങ്കിൽ, ആ മനുഷ്യ വർഗത്തിെൻറ കൂടി പ്രണയ ഗായകനായിരുന്നു ഉമ്പായി എന്ന ഗസൽ മാന്ത്രികൻ.ഉമ്പായി മരണമില്ലാത്ത ഗാനമായിക്കഴിഞ്ഞിരിക്കുന്നു.നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരാ, താങ്കളെയോർത്ത് വിഷാദിക്കുേമ്പാഴും എെൻറയുള്ളിലിരുന്ന് അവസാനമില്ലാത്ത ജീവെൻറ ഗാനശാലയിൽ താങ്കൾ പാടിക്കൊണ്ടിരിക്കുന്നത് ഞാനറിയുന്നു.ഇരുണ്ടുപോയ നഭസ്സിൽനിന്ന് ഒ.എൻ.വിയുടെ വരികൾ താങ്കൾ പാടുന്നത് ഞാൻ കേൾക്കുന്നു.
‘‘പാടുവാനേ നിയോഗമെനി,ക്കൊത്തു
പാടി നമ്മൾ പ്രഭാതം വിടർത്തുക’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.