മലയാളത്തിലെ പല പ്രശസ്ത സംഗീത സംവിധായകരും സംഗീതവഴിയിലേക്ക് കടന്നുവന്നത് ആ കല യുമായുള്ള അവരുടെ പൂർവിക ബന്ധങ്ങളിലൂടെയാണ്. പ്രശസ്ത സംഗീതജ്ഞനായിരുന്ന എം.എസ്. ബ ാബുരാജ് സംഗീതവഴിയിൽ എത്തിയതുതന്നെ പിതാവായ ജാൻ മുഹമ്മദിൽനിന്ന് കിട്ടിയ പ്രചോ ദനത്തിൽനിന്നുമായിരുന്നല്ലോ. എന്നാൽ, ജന്മസിദ്ധമായി ദൈവികപുണ്യം കണക്കെ വടകര എം. ക ുഞ്ഞിമൂസക്ക് സംഗീതം വഴങ്ങുകയായിരുന്നു. മാപ്പിളപ്പാട്ട് രംഗത്ത് നിരവധി ഗായകരും ഗാ നരചയിതാക്കളും ഉണ്ടായിട്ടുണ്ട്. എന്നാൽ, ആ രംഗത്ത് സംഗീത സംവിധായകരായിട്ടുള്ളത് വി രലിലെണ്ണാവുന്നവർ മാത്രമാണ്. എം.എസ്. ബാബുരാജ്, ചാന്ദ്പാഷ, വടകര കൃഷ്ണദാസ്, കെ.വി. അബു ട്ടി, കോഴിക്കോട് അബൂബക്കർ, പി.കെ. അബൂട്ടി, പി.സി. ലിയാഖത്ത്, സി.എ. അബൂബക്കർ, എസ്.എം.കോയ, പുല ്ലങ്കോട് ഹംസാഖാൻ, വി.എം. കുട്ടി തുടങ്ങിയവരൊക്കെ പഴയ തലമുറയിലെ മാപ്പിളപ്പാട്ട് രംഗ ത്ത് സംഗീതസംവിധാനം ചെയ്തവരാണ്. പഴയ തലമുറയിലെ മാപ്പിളപ്പാട്ട് സംഗീതജ്ഞരിൽ തലമുതിർന്നയാൾ കുഞ്ഞിമൂസക്കയായിരുന്നു. ഗായകരായ പല സംഗീത സംവിധായകരും തങ്ങളുടെ ഗാനത്തിനനുയോജ്യമായ രീതിയിൽ സംഗീതം ചിട്ടപ്പെടുത്തിയപ്പോൾ കുഞ്ഞിമൂസക്കയുടെ ഗാനങ്ങൾ വ്യത്യസ്തമായിനിന്നത് അതിനകത്തെ ഈണത്തിലൂടെയാണ്. അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഈണത്തിലെ വൈവിധ്യങ്ങൾകൊണ്ട് വ്യതിരിക്തമായിനിന്നു; ശ്രുതിമധുരമായിത്തന്നെ.
ആകാശവാണിയിൽ ഗായകനായാണ് എം. കുഞ്ഞിമൂസ തെൻറ സംഗീത ജീവിതത്തിന് നാന്ദി കുറിച്ചത്. ആകാശവാണിയിലൂടെയുള്ള ഈ അരങ്ങേറ്റത്തിന് അദ്ദേഹത്തിന് പ്രോത്സാഹനവും പിന്തുണയും നൽകിയത് പ്രശസ്ത സംഗീതജ്ഞനായിരുന്ന കെ. രാഘവൻ മാസ്റ്ററാണ്. പാട്ടിനോടും അതിെൻറ സംഗീതത്തോടും മനസ്സിൽ തീരാത്ത പ്രണയവുമായി നടന്നിരുന്ന കുഞ്ഞിമൂസക്ക് സംഗീതവഴിയിലൂടെ ജീവിക്കാനായിരുന്നു ചെറുപ്പകാലം മുതലേ ആഗ്രഹം. എന്നാൽ, പിതാവിെൻറ അകാലവിയോഗം കുടുംബത്തെ അക്ഷരാർഥത്തിൽ സ്തബ്ധമാക്കിക്കളഞ്ഞു. കുടുംബത്തിെൻറ സാമ്പത്തികമായ എല്ലാ ഉത്തരവാദിത്തങ്ങളും മൂത്തമകനായ കുഞ്ഞിമൂസയിലായിരുന്നു. ആ ചുറ്റുപാടിൽ അദ്ദേഹത്തിന് ഒരു ചുമട്ടുതൊഴിലാളിയാവേണ്ടി വന്നു. തലശ്ശേരി ടൗണിൽ അദ്ദേഹം ചുമടെടുത്ത് നിൽക്കുമ്പോൾ യാദൃച്ഛികമായി കെ. രാഘവൻ മാഷെ കണ്ടുമുട്ടിയതാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്.
ഇന്നത്തെപ്പോലെ സംഗീതാസ്വാദനത്തിന് വ്യത്യസ്ത സാധ്യതകൾ ഇല്ലാതിരുന്ന അക്കാലത്ത് ആകാശവാണിയിൽനിന്ന് ഒഴുകിയെത്തുന്ന മധുരനാദങ്ങളായിരുന്നു സാധാരണ ജനങ്ങൾക്ക് സംഗീതാസ്വാദനത്തിനുള്ള വഴികൾ. രാഘവൻ മാഷിലൂടെ ആകാശവാണിയിൽ നിലയുറപ്പിച്ച മൂസക്ക ലളിതഗാനങ്ങളിലൂടെയാണ് സംഗീതവഴിയിൽ കടന്നുവന്നത്. ഇന്ന് പലരും മാപ്പിള സംഗീതജ്ഞൻ, ഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ അറിയുന്നത്. എന്നാൽ, മലയാളത്തിലെ പല പ്രശസ്ത കവികളുടെയും കവിതകൾക്ക് ഈണമിട്ട കുഞ്ഞിമൂസയെന്ന മറ്റൊരു പ്രതിഭയെ അറിയില്ല.
പ്രശസ്ത കവി പി. കുഞ്ഞിരാമൻ നായരുടെ ‘മഞ്ഞവെയിലിൻ മയിലാട്ടം കണ്ട്’, ‘പാൽപുഴ വഴിമാറി മൂന്ന് പതിറ്റാണ്ടിലെ ആതിരനിലാമുത്തോർമകൾ...’ എന്നീ ഗാനങ്ങളെല്ലാം മൂസക്ക ആകാശവാണിയിൽ ആദ്യകാലത്ത് അവതരിപ്പിച്ചവയിൽപെട്ടവയാണ്. പ്രശസ്ത പിന്നണി ഗായകനായ വി.ടി. മുരളിയുടെ പിതാവ് വടകരക്കാരനായിരുന്ന വി.ടി. കുമാരെൻറ നിർദേശത്തിലാണ് പി. കുഞ്ഞിരാമൻ നായരുടെ വരികൾ മൂസക്ക ആകാശവാണിക്കു വേണ്ടി ചിട്ടപ്പെടുത്തിയിരുന്നത്. കൂടാതെ, പി. ഭാസ്കരെൻറ ഗാനത്തിന് അദ്ദേഹം കോറസ് പാടിയിട്ടുമുണ്ട്. ഒരിക്കൽ കുഞ്ഞിരാമൻ നായരുടെ ഗാനം ട്യൂൺ ചെയ്ത് ആകാശവാണിയിൽ ചെന്നപ്പോൾ വി.ടി. കുമാരൻ ഇതേത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയതെന്ന് കുഞ്ഞിമൂസക്കയോട് ചോദിച്ചു. അതിന് വളരെ നിഷ്കളങ്കമായ ചെറുപുഞ്ചിരിയിൽ മൂസക്ക ഇങ്ങനെ മറുപടി നൽകി: ‘‘രാഗമൊന്നും എനിക്കുവശമില്ല. ഞാനത് എേൻറതായ ശൈലിയിൽ ചിട്ടപ്പെടുത്തിയെന്നു മാത്രം’’.
ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ തെൻറ ഹൃദയത്തിലൂർന്നുകിടന്ന സംഗീതത്തെ പുറത്തെടുത്ത് മുൻനിരയിലുള്ള പല പ്രശസ്ത കവികളുടെയും രചനകൾക്ക് ഈണമിടാൻ കഴിഞ്ഞത് കുഞ്ഞിമൂസക്കയുടെ ജന്മസിദ്ധമായ കഴിവുനിമിത്തമായിരുന്നു. എൻ.എൻ. കക്കാട്, വി.ടി. കുമാരൻ, അക്കിത്തം, ശ്രീധരനുണ്ണി, പി.ടി. അബ്ദുറഹിമാൻ തുടങ്ങിയവർ അവരിൽ ചിലരാണ്. അക്കിത്തത്തിെൻറ ‘പണ്ടൊരു വൈശാഖ മാസപ്പുലരിയിൽ (ഗായത്രി ശ്രീകൃഷ്ണനൊപ്പം), ‘ഭുവനേശ്വരനെ തീർത്തുതരിക’, ശ്രീധരനുണ്ണി രചിച്ച ‘ലോകത്തിൻ മടിത്തട്ടിൽ’, പി.ടി. അബ്ദുറഹ്മാെൻറ ‘ഓലോലം കുന്നിന്മേൽ’, എൻ.എൻ. കക്കാടിെൻറ ‘ഉണരൂ കവിമാതേ, ആരു നീ ചാരേ’ എന്നിവയെല്ലാം കുഞ്ഞിമൂസക്ക ആകാശവാണിയിലൂടെ ഈണമിട്ട മധുരഗീതങ്ങളായിരുന്നു. ആകാശവാണിയിലെ നല്ല കാലത്തിനുശേഷം ജീവിതം കരുപ്പിടിപ്പിക്കുന്നതിന് അദ്ദേഹത്തിന് പ്രവാസിയാകേണ്ടി വന്നിട്ടുണ്ട്. നീണ്ട 16 വർഷക്കാലമാണ് പ്രവാസജീവിതം നയിക്കേണ്ടി വന്നത്.
തലശ്ശേരിക്കാരനായ കുഞ്ഞിമൂസക്ക വടകരയിൽ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയതോടെയാണ് കലാജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത്. പ്രതിഭാവിലാസമുള്ള ഒരുപിടി കലാകാരന്മാരുടെ തട്ടകമായിരുന്നല്ലോ വടകര. വി.ടി. കുമാരൻ, പി.ടി. അബ്ദുറഹിമാൻ, എസ്.വി. ഉസ്മാൻ, വടകര കൃഷ്ണദാസ് തുടങ്ങിയവരൊക്കെ കലാരംഗത്ത് പ്രശോഭിച്ചുനിൽക്കുന്ന കാലം. പി.ടി. അബ്ദുറഹിമാനെന്ന പ്രതിഭാധനനായ കവിയുമായി കലാരംഗത്തുണ്ടായ സുഹൃദ്ബന്ധത്തിലൂടെയാണ് ശ്രവണസുന്ദരങ്ങളായ ഒരുപിടി മാപ്പിളപ്പാട്ടുകൾ ജനിക്കുന്നത്. പിന്നീട് പി.ടിയുടെ ഒരുപറ്റം ഗാനങ്ങൾ മൂസക്കയുടെ ഈണത്തിലൂടെ പുറത്തുവന്നു. അവയാവട്ടെ സംഗീതാസ്വാദകർ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച ആസ്വാദ്യകരങ്ങളായ ഗാനങ്ങളായിരുന്നു. മൂസ എരഞ്ഞോളി പാടിയ ‘പള്ളി മിനാരത്തിൽനിന്നും പറക്കുന്ന’, യേശുദാസ് പാടിയ ‘കതിർ കത്തും റസൂലിെൻറ’, പീർ മുഹമ്മദ് പാടിയ ‘നിസ്കാരപ്പായ നനഞ്ഞുകുതിർന്നല്ലോ’ തുടങ്ങിയവയെല്ലാം പി.ടിയും കുഞ്ഞിമൂസക്കയും ഒരുമിച്ചപ്പോഴുണ്ടായ ഹിറ്റ് ഗാനങ്ങളിൽ ചിലതാണ്. പീർ മുഹമ്മദും മൂസക്കയും പാടുന്ന മിക്ക ഗാനങ്ങളുടെയും സംഗീതം കുഞ്ഞിമൂസക്കയായിരുന്നു നിർവഹിച്ചത്. സാധാരണക്കാരായ മാപ്പിളഗാനാസ്വാദകർ ഒരാഘോഷമാക്കിക്കൊണ്ടു നടന്ന ‘മധുവർണാ പൂവല്ലെ നറുനിലാ പൂമോളല്ലേ...’ എന്ന എസ്.വി. ഉസ്മാെൻറ രചനക്ക് ഈണം നൽകിയത് മൂസക്കയായിരുന്നെന്ന് പലർക്കും അറിയില്ല. എസ്.വിയുടെതന്നെ ‘ഇന്നലെ രാവിലെൻ മാറത്തുറങ്ങിയ...’ എന്ന പ്രശസ്തമായ ഗാനത്തിെൻറയും സംഗീതം നിർവഹിച്ചത് കുഞ്ഞിമൂസക്കയാണ്. ബാപ്പു വാവാട് രചിച്ച് കണ്ണൂർ ശരീഫ് പാടിയ ‘റസൂലെെൻറ ഖൽബിെൻറ ഖൽബ്...’ കൂടാതെ കണ്ണൂർ ശരീഫും രഹ്നയും ചേർന്നുപാടിയ ‘ദറജപ്പൂ മോളല്ലെ, ലൈലാ നീയെെൻറ ഖൽബല്ലേ’, കുഞ്ഞിമൂസക്കതന്നെ പാടിയതും പിന്നീട് പല പ്രശസ്ത ഗായകർ ആലപിച്ചതുമായ ‘മസ്ജിദുൽ ഹറം കാണാൻ’, ‘യാ ഇലാഹീ എന്നെ നീ പടച്ചുവല്ലൊ’ എന്നിങ്ങനെ ഒട്ടനവധി ഗാനങ്ങൾ.
മാപ്പിളപ്പാട്ടിൽ ഒരു തരംഗമാവുകയും അതോടൊപ്പം വലിയ വിവാദങ്ങൾ വിളിച്ചുവരുത്തുകയും ചെയ്ത ‘ഖൽബാണ് ഫാത്വിമ’ എന്ന ആൽബത്തിലെ ‘നെഞ്ചിനുള്ളിൽ നീയാണ്, കണ്ണിൻമുന്നിൽ നീയാണ്’ എന്ന ഗാനത്തിെൻറ സംഗീതം നിർവഹിച്ചത് കുഞ്ഞിമൂസക്കയായിരുന്നു. മറ്റു വിമർശനങ്ങളൊക്കെ നമുക്ക് ആ പാട്ടിനോടുണ്ടാവാം. എന്നാൽ, അതിലെ സംഗീതത്തിെൻറ മാസ്മരികത അവാച്യ അനുഭൂതിയാണ് സൃഷ്ടിച്ചത്. ഈ ആൽബത്തിലെതന്നെ ‘ലൈലേ, ലൈലേ സ്വർഗപ്പൂമയിലേ’, ‘സ്നേഹമുള്ള ഫർഹാനാ’, ഇവയെല്ലാം കഞ്ഞിമൂസ ചിട്ടപ്പെടുത്തി മകൻ താജുദ്ദീൻ വടകര ആലപിച്ചവയായിരുന്നു. ഈ പാട്ടിലെ ഈണമെല്ലാം സ്വീകരിക്കപ്പെടേണ്ടവതന്നെയാണ്. ഗസൽ ശൈലിയിലുള്ള ഗാനങ്ങളും മൂസക്ക ചെയ്തിട്ടുണ്ട്. സ്വന്തം പാട്ടുകൾ മറ്റുവല്ലവരുടെയും പേരിൽ പ്രസിദ്ധിയാർജിക്കുന്നത് കണ്ടിട്ട് രോഷാകുലരാവുന്ന കലാകാരന്മാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, മൂസക്ക അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിെൻറ അത്തരമൊരു അനുഭവം ശ്രദ്ധയിൽപെടുത്തിയപ്പോൾ, എെൻറ മുഖത്തുനോക്കി പുഞ്ചിരിക്കുന്ന മൂസക്കയെന്ന പച്ചയായ മനുഷ്യനെയാണ് ഞാൻ കണ്ടത്. ആ ചിരിയിൽ പ്രതിഫലിച്ചത് അദ്ദേഹത്തിെൻറ വ്യക്തിത്വമായിരുന്നു.
കുഞ്ഞിമൂസക്കയുടെ പാട്ടുകൾ ഉൾക്കൊള്ളിച്ച് തരംഗിണി ഒരു കാസറ്റ് ഇറക്കിയിരുന്നു. പി.ടി. അബ്ദുറഹ്മാൻ എഴുതിയ നാലു ഗാനവും പൂവച്ചൽ ഖാദർ എഴുതിയ നാലു പാട്ടുമാണ് അതിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഖാദർക്കയുടെ പാട്ട് ചിട്ടപ്പെടുത്തിയത് എ.ടി. ഉമ്മർക്കയായിരുന്നു. പി.ടി. അബ്ദുറഹിമാേൻറത് കുഞ്ഞിമൂസക്കയും. പക്ഷേ, തരംഗിണി അത് കാസറ്റാക്കി പുറത്തിറക്കിയപ്പോൾ എം. കുഞ്ഞിമൂസക്കയുടെ പേരില്ലായിരുന്നു; പകരം വന്നതാകട്ടെ എ.ടി. ഉമ്മറിെൻറ പേരും. എന്നിട്ടും അദ്ദേഹം ആരോടും പരിഭവം പറഞ്ഞില്ല. യേശുദാസിനെപ്പോലൊരാൾ പാടിയ പാട്ടിെൻറ ശിൽപിയായിരുന്നിട്ടും അത് മറ്റുള്ളവരുടെ പേരിൽ അറിയപ്പെടുകയെന്നത് വളരെ സങ്കടകരമാണ്. മാപ്പിളപ്പാട്ടിൽ ഇത്തരം പ്രവണതകൾ വളരെ കൂടുതലാണ്. പക്ഷേ, മൂസക്ക ആരോടും കലഹിച്ചിട്ടില്ല. ‘മധുവർണാ പൂവല്ലെ’ എന്ന ഗാനത്തെക്കുറിച്ച് വലിയ ചർച്ച നടന്നു; അത് മൂസക്കയുടേതല്ലാ എന്ന രൂപത്തിൽ. പട്ടുറുമാൽ റിയാലിറ്റി ഷോയിൽ ഒരിക്കൽ ഞാൻപോലും മറ്റൊരാളുടെ പേരാണ് പറഞ്ഞിരുന്നത്. പഴയ തലമുറയിലെ ഒരു തലമുതിർന്ന മാപ്പിളപ്പാട്ട് ഗായകൻ എനിക്ക് പറഞ്ഞുതന്ന പേര് പക്ഷേ, മറ്റൊരാളുടേതായിരുന്നു. അദ്ദേഹം ഈ ഗാനം ആലപിച്ച വ്യക്തിയാണ്. ഇത് ടെലികാസ്റ്റ്ചെയ്ത ദിവസം ഈ ഗാനം രചിച്ച എസ്.വി. ഉസ്മാൻ ഇങ്ങനെ പറഞ്ഞു: ‘‘മാഷേ... നിങ്ങൾ പറഞ്ഞത് ശരിയല്ല. ഈ ഗാനം സംഗീതം നിർവഹിച്ചത് കുഞ്ഞിമൂസക്കയാണ്.’’ കേട്ട മാത്രയിൽ ഞാൻ സ്തബ്ധനായിപ്പോയി. പിന്നീട് അത് തിരുത്താനുള്ള അവസരം എനിക്ക് കൈവന്നു. ഞാനും എന്നോട് പേരുപറഞ്ഞ സംഗീതസംവിധായകനും കുഞ്ഞിമൂസക്കയുടെ സാന്നിധ്യത്തിലിരിക്കുമ്പോൾ ഞാനതിനെപ്പറ്റി ആ സംഗീതസംവിധായകനോട് ചോദിച്ചു. അപ്പോഴദ്ദേഹത്തിന് മൂസക്കയുടെ പേരു പറയേണ്ടി വന്നു.
മറ്റൊരിക്കൽ മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട ഒരു പുസ്തക പ്രകാശനം നടക്കുന്ന ചടങ്ങ്. സ്റ്റേജിൽ കുഞ്ഞിമൂസക്കയുമുണ്ട്. കൈയിൽ കിട്ടിയ പുസ്തകം കൗതുകത്തിനൊന്നു മറിച്ചുനോക്കി. അപ്പോഴാണ് എെൻറ ശ്രദ്ധയിൽ അതു പതിഞ്ഞത്! കുഞ്ഞിമൂസക്ക ചിട്ടപ്പെടുത്തിയ ഏതാനും പ്രസിദ്ധമായ ഗാനങ്ങൾ മറ്റൊരാളുടെ പേരിൽ ആ പുസ്തകത്തിൽ കാണുന്നു. തൊട്ടരികത്തിരിക്കുന്ന മൂസക്കക്ക് ഞാനതു കാണിച്ചുകൊടുത്തു. മൂസക്കയുടെ മറുപടി എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി: ‘‘പോട്ടേ മാഷേ, അതൊന്നും കാര്യമാക്കേണ്ടതില്ല. അതിലൂടെ വല്ലരും പ്രസിദ്ധിയാർജിക്കുന്നെങ്കിൽ ആവട്ടേ... അവരൊക്കെ എനിക്ക് പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് ഇതിെൻറ പേരിൽ അവരുമായി ഒരു മുഷിപ്പിന് ഞാനുദ്ദേശിക്കുന്നില്ല”. ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ.
തയാറാക്കിയത്: ശമീർ കരിപ്പൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.