സൊഹ്റാബുദീൻ ശൈഖ് കേസ്: അമിത് ഷാക്കെതിരായ അപ്പീൽ തള്ളി

ന്യൂഡൽഹി: സൊഹ്റാബുദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ വധക്കേസിൽ ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഷായെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദർ നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ഹർഷ് മന്ദറിന്‍റെ അപ്പീൽ നിലനിൽക്കുന്നതല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

മന്ദറിന് കേസുമായി വിദൂര ബന്ധം പോലുമില്ല. ഒരിക്കൽ കുറ്റവിമുക്തനാക്കിയ ഒരാളം വീണ്ടും വീണ്ടും പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു.
 
2005ലാണ് നവംബറിലാണ് ഗുജറാത്തിൽ സൊറാബുദീൻ ശൈഖിനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നതും പിന്നീട് വധിക്കപ്പെടുന്നതും. അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായുടെ നിർദേശ പ്രകാരമാണ് വ്യാജഏറ്റുമുട്ടൽ നടന്നതെന്നും സൊറാബുദീൻ ശൈഖ് കൊല്ലപ്പെടാനിടയായതെന്നുമാണ് കേസ്. ഈ കേസിൽ 2014 ഡിസംബർ നാലിന് അമിത് ഷാ സി.ബി.ഐ കോടതി കുറ്റവിമുക്തനായിരുന്നു.

2012ലാണ് മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം അമിത് ഷായും കേസിൽ പ്രതി ചേർക്കപ്പെട്ടത്. എന്നാൽ സംഭവത്തിൽ ഷാ നിരപരാധിയാണെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് അദ്ദേഹം പ്രതി ചേർക്കപ്പെട്ടതെന്നും മുംബൈ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് പ്രസ്താവിച്ചിരുന്നു.

ഹൈദരാബാദില്‍നിന്നു നാസിക്കിലേക്കു പോവുകയായിരുന്ന സൊഹ്റാബുദീൻ, ഭാര്യ കൌസര്‍ബി, ഇവരുടെ കുടുംബ സുഹൃത്ത് തുള്‍സിറാം പ്രജാപതി എന്നിവരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും രാജസ്ഥാന്‍ പോലീസും ചേര്‍ന്നു മഹാരാഷ്ട്രയിലെ സാംഗ്ളിയില്‍വച്ച് 2005 നവംബര്‍ 24ന് പിടികൂടി. രണ്ടു ദിവസത്തിന് ശേഷം അഹമ്മദാബാദ് നഗരത്തിനടുത്തുവച്ച് സൊഹ്റാബുദീനും കൌസര്‍ബിയും കൊല്ലപ്പെട്ടു. കേസിലെ ഏക ദൃക്സാക്ഷിയായിരുന്ന തുള്‍സിറാം ഒരു വര്‍ഷത്തിനുശേഷം മറ്റൊരു ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു. സൊഹ്റാബുദീന്‍റെ സഹോദരന്‍ സുപ്രീംകോടതിയില്‍ നൽകിയ പരാതിയെത്തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ കഥ പുറത്തായത്. 

കേസിലെ സി.ബി.ഐ കുറ്റപത്രം

രാജസ്ഥാനിലെ മാര്‍ബിള്‍ ലോബിക്ക് വേണ്ടി അമിത് ഷായും രാജസ്ഥാന്‍ ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് കട്ടാരിയയും സൊഹ്റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. 2005 നവംബര്‍ 23ന് ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ സാംഗളിയിലേക്ക് പോകുകയായിരുന്ന സൊഹ്റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും അവര്‍ യാത്രചെയ്യുന്ന ഒരു ബസില്‍നിന്ന് ഇറക്കിയ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. ഒരു വര്‍ഷം കഴിഞ്ഞ് കൊലപാതകത്തിന് ദൃക്സാക്ഷിയും സൊഹ്റാബുദ്ദീന്‍െറ ഏറ്റവും അടുത്ത സഹായിയുമായായിരുന്ന തുളസീ റാം പ്രജാപതി ബനസകന്ത ജില്ലയിലെ ചാപ്രി ഗ്രാമത്തില്‍ 2006 ഡിസംബര്‍ 28ന് മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
സൊഹ്റാബുദ്ദീനെ പൊലീസ് കൊലപ്പെടുത്തുന്നതിന് സാക്ഷിയായിരുന്ന തന്‍െറ മകനെ വ്യാജ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് പ്രജാപതിയുടെ അമ്മ നര്‍മദാ ബായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് സി.ബി.ഐ കേസ് ഏറ്റെടുത്തതോടെ അമിത് ഷാ, തുളസീറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസിലും പ്രതിയായി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേസില്‍ അമിത്ഷാക്കും മറ്റു 19 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.