ന്യൂഡല്‍ഹി: ചുരുങ്ങിയത് ആറേഴു മാസം മുമ്പ് പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ഗള്‍ഫിലെ പ്രവാസികളുടെ പ്രതിസന്ധി ഭക്ഷണ ദാരിദ്ര്യത്തിലേക്ക് എത്തുംവരെ കേന്ദ്രം കണ്ണടച്ചു. ഇപ്പോഴാകട്ടെ, ഇരുണ്ട ഭാവിയുടെ ആശങ്ക പേറുന്ന പ്രവാസിയെ നാട്ടിലത്തെിക്കുന്നതിനപ്പുറം, ഭാവിസുരക്ഷക്ക് പദ്ധതികളുമില്ല. സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപം ജനുവരി മുതല്‍തന്നെ കുറഞ്ഞുതുടങ്ങിയിരുന്നു. തൊട്ടുപിന്നാലെ വിവിധ നിര്‍മാണ കമ്പനികളില്‍ ലേ ഓഫ് തുടങ്ങി. ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് ഗള്‍ഫില്‍ പ്രിയം കുറയുന്നതും കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനത്തോടെ കണക്കുകളില്‍ ദൃശ്യമായിരുന്നു. ഇവിടെയൊക്കെ കേന്ദ്രം കണ്ണടച്ചുനിന്നു. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തില്‍ പകുതി ഗള്‍ഫ് നാടുകളില്‍നിന്നായിരുന്നു. നിതാഖാതിന്‍െറയും സ്വദേശിവത്കരണത്തിന്‍െറയും വെല്ലുവിളി, അസംസ്കൃത എണ്ണ വിലയിടിവുമൂലമുള്ള വരുമാന പ്രതിസന്ധി, സബ്സിഡി വെട്ടിക്കുറക്കല്‍ എന്നിവയോടെ ചെലവു വര്‍ധിച്ച് നാട്ടിലേക്ക് പണമയക്കുന്നതില്‍ കുറവു വന്നു തുടങ്ങി. ഇതേക്കുറിച്ച് ജനുവരിയില്‍തന്നെ റിസര്‍വ് ബാങ്കും നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥരും സര്‍ക്കാറിന് മുന്നറിയിപ്പു നല്‍കിയതാണ്. ആറു വര്‍ഷത്തെ തുടര്‍ച്ചയായ വര്‍ധനക്കു ശേഷമാണ് പ്രവാസിപ്പണത്തില്‍ കുറവു വന്നിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനമത്തെിയപ്പോഴേക്ക് മുന്‍കൊല്ലത്തെ അപേക്ഷിച്ച് ഗള്‍ഫില്‍നിന്നുള്ള പണം വരവില്‍ രണ്ടു ശതമാനത്തിന്‍െറ കുറവുണ്ടായി. സ്ഥിതി ഇനിയും മോശമാകാമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പു നല്‍കി. 90 ശതമാനം വരുമാനവും എണ്ണ കയറ്റുമതിയെ ആശ്രയിച്ചുനില്‍ക്കുന്ന സൗദിയുടെ സമ്പദ്സ്ഥിതി മോശമാകുന്ന കാര്യം വിദേശ, വാണിജ്യ, പെട്രോളിയം മന്ത്രാലയങ്ങള്‍ക്ക് മാര്‍ച്ചിലെ കണക്കുകളില്‍നിന്നുതന്നെ ബോധ്യപ്പെട്ടിരുന്നു. ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ അടക്കം ഇന്ത്യയില്‍നിന്നുള്ള സൗദിയുടെ ഇറക്കുമതിയില്‍ ഒരു വര്‍ഷംകൊണ്ട് 40 ശതമാനത്തിന്‍െറ ഇടിവ് സംഭവിച്ചിരുന്നു. മേയില്‍ തൊഴിലാളി പ്രതിഷേധങ്ങളും അറസ്റ്റും പരസ്യമായി കണ്ടുതുടങ്ങിയതാണ്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ദുര്‍ബലമായൊരു തൊഴില്‍ കരാറിനപ്പുറത്തെ തൊഴില്‍ ഭദ്രതക്ക് ശ്രമിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ഇംറാന്‍ ഖോഖര്‍ എന്ന ഇന്ത്യക്കാരന്‍, തൊഴില്‍രഹിത പ്രവാസികള്‍ പട്ടിണികിടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ട്വിറ്റര്‍ സന്ദേശം അയച്ച ശേഷം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്നത്. പുറംനാട്ടില്‍ ഒരൊറ്റ പ്രവാസിയും പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടാവില്ളെന്ന് ട്വിറ്ററിലൂടെ മന്ത്രി പ്രതികരിച്ചതിനും വളരെ മുമ്പേ, അവിടത്തെ പ്രവാസി കൂട്ടായ്മകള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നതടക്കം പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങിയിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ രണ്ടു സഹമന്ത്രിമാരെ ഗള്‍ഫ് നാടുകളിലേക്ക് ചര്‍ച്ചക്കും പരിഹാര നടപടികള്‍ക്കുമായി നിയോഗിച്ചിട്ടുണ്ട്. എക്സിറ്റ് വിസ തരപ്പെടുത്തി തൊഴില്‍ നഷ്ടപ്പെട്ടവരെ ഇന്ത്യയിലേക്ക് കയറ്റിവിടുന്നതില്‍ കേന്ദ്രീകരിച്ചാണ് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം.
ഭക്ഷണപ്രശ്നമോ നാട്ടിലേക്കുള്ള മടക്കമോ അല്ല പ്രവാസികള്‍ നേരിടുന്ന യഥാര്‍ഥ പ്രതിസന്ധി. തൊഴില്‍, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളില്‍ സുവ്യക്തമായ കര്‍മപദ്ധതിയാണ് കേന്ദ്രം രൂപപ്പെടുത്തേണ്ടത്. രണ്ടു വിദേശകാര്യ സഹമന്ത്രിമാരെ നിയോഗിച്ചതിനപ്പുറം, ദീര്‍ഘകാല പ്രശ്നപരിഹാരത്തിന് അതതു ഭരണകൂടങ്ങളുമായി സംസാരിക്കാന്‍ ഭരണനേതൃത്വംതന്നെ മുന്നിട്ടിറങ്ങേണ്ട സാഹചര്യമാണിതെങ്കിലും, ആ നിലക്ക് നീക്കങ്ങളൊന്നുമില്ല. വലിയൊരു പ്രതിസന്ധിയാണ് പ്രവാസിപ്പണത്തെ ആശ്രയിച്ചുനില്‍ക്കുന്ന കേരളത്തെ കാത്തിരിക്കുന്നതെന്ന ആശങ്ക ഇതിനൊപ്പം പങ്കുവെക്കപ്പെടുന്നുണ്ട്. കാര്‍ഷിക മേഖല തകര്‍ന്നുനില്‍ക്കുന്നതിനൊപ്പം പ്രവാസികളുടെ മടങ്ങിവരവുകൂടിയായാല്‍ കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. സൗദിയില്‍ 30 ലക്ഷത്തോളം ഇന്ത്യക്കാരുള്ളതില്‍ നല്ല പങ്കും മലയാളികളാണ്. യു.എ.ഇയില്‍ 22 ലക്ഷം, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലായി മറ്റൊരു 20 ലക്ഷം എന്നിങ്ങനെയും പ്രവാസികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.