മുംബൈ-ഗോവ ദേശീയപാതയിലെ ദുരന്തം: 13 മൃതദേഹങ്ങള്‍ കണ്ടെത്തി

മുംബൈ: റായ്ഗഡ് ജില്ലയിലെ മഹാഡിനടുത്ത് മുംബൈ-ഗോവ ദേശീയപാതയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകര്‍ന്ന് കാണാതായവരില്‍ നാലു സ്ത്രീകളുള്‍പ്പെടെ13 പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തെി. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. അപകട സ്ഥലത്തുനിന്ന് കിലോമീറ്ററുകളോളം ദൂരെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 18 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് ബസുകളും 10 യാത്രക്കാരുള്ള ടവേരയുമാണ് കാണാതായതായി സ്ഥിരീകരണമുള്ളത്. ഇവയെ കൂടാതെ മൂന്നോളം മറ്റ് വാഹനങ്ങളും അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നു. കണ്ടത്തെിയ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ രണ്ടെണ്ണം ടവേരയില്‍ സഞ്ചരിച്ചവരുടെതാണ്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ചൊവ്വാഴ്ച രാത്രി 11.30നാണ് 88 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നത്. പാലത്തിന്‍െറ തൂണുകളില്‍ ഒന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ നദിയില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടത്തെിയെങ്കിലും ഇവ അപകടത്തില്‍പ്പെട്ടവരുടേതല്ളെന്ന് അധികൃതര്‍ അറിയിച്ചു. പഴക്കമുള്ളതാണ് മൃതദേഹങ്ങള്‍. 300 കിലോ ഭാരമുള്ള കാന്തം നദിയില്‍ 40 അടി താഴ്ചയില്‍ ഇറക്കിയാണ് കാണാതായ വാഹനങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയത്.

കാന്തം എവിടെയൊ തട്ടിനിന്നെങ്കിലും എന്താണെന്ന് കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. കനത്ത മഴയും നദിയിലെ കുത്തിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ദേശീയ ദുരിതനിവാരണ സേനയുടെ ബോട്ടുമറിയുകയും ചെയ്തു. നദിയില്‍ വീണ ജവാന്മാരെ ഹെലികോപ്ടറില്‍ രക്ഷിക്കുകയായിരുന്നു. ആര്‍ക്കും പരിക്കുകളില്ല. സംഭവ സ്ഥലത്തുനിന്ന് 150 കിലോമീറ്റര്‍ അകലെ അഞ്ചാര്‍ലെ ബീച്ചിനടുത്തു നിന്നാണ് കാണാതായ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവര്‍മാരില്‍ ഒരാളായ ശ്രീകാന്ത് കാംബ്ളെയുടെ മൃതദേഹം കണ്ടെടുത്തത്.

ഹരിഹരേശ്വര്‍ ബീച്ച്, കെമ്പുര്‍ളി, നീല്‍കമല്‍ ഹോട്ടല്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. നാല് മൃതദേഹങ്ങള്‍ മുക്കുവന്മാരാണ് കണ്ടത്തെിയത്. കാംബ്ളെക്ക് പുറമെ ജയവന്ത് സഖാറാം മിര്‍ഗല്‍ (40), ശേവന്തി മിര്‍ഗല്‍, സന്തോഷ് സിതാറാം വാജെ (40), രഞ്ജന വാജെ, പ്രശാന്ത് മാനെ, പാണ്ഡുരംഗ് ധാഗ, ആവേശ്് ചൗഗുലെ, സ്നേഹല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ദേശീയ ദുരിത നിവാരണ സേനക്കു പുറമെ തീരദേശ, നാവിക, വ്യോമ സേനകളും തിരച്ചില്‍ നടത്തി.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു. കൊങ്കണ്‍ മേഖലയിലെ പാലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.