സാര്‍ക് സമ്മേളനം: ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായത് ശത്രുതാപരമായ പെരുമാറ്റം

ന്യൂഡല്‍ഹി: ഇസ്ലാമാബാദില്‍ സാര്‍ക് ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാക് ഉദ്യോഗസ്ഥരില്‍നിന്ന് നേരിടേണ്ടിവന്നത് ശത്രുതാപരമായ പെരുമാറ്റം. ഉദ്ഘാടന സമ്മേളനത്തില്‍ കയറ്റാതിരുന്നതിനു പുറമെ, സമ്മേളന സ്ഥലത്തിന്‍െറ കവാടത്തില്‍ നില്‍ക്കാന്‍പോലും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല.
സാര്‍ക് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ആറ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് വിസ അനുവദിച്ചത്. എന്നാല്‍, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പങ്കെടുത്ത ഉദ്ഘാടന സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവരെ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കവാടത്തില്‍ നിന്നു. പാക് ആഭ്യന്തരമന്ത്രി അതിഥികളെ സ്വീകരിക്കുകയായിരുന്നു അപ്പോള്‍. ഇന്ത്യന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എത്തിയപ്പോള്‍ ഫോട്ടോയെടുക്കാന്‍ തയാറെടുത്ത പാക് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും നിന്നു.
എന്നാല്‍, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കവാടത്തില്‍ നില്‍ക്കാനും അനുമതിയില്ളെന്നു പറഞ്ഞ പാക് ഉദ്യോഗസ്ഥര്‍, അവിടെനിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ദൂരദര്‍ശന്‍ കാമറാപേഴ്സന്‍ ആര്‍. ജയശ്രീ പുരി, എ.എന്‍.ഐയുടെ അജയ് കുമാര്‍ ശര്‍മ എന്നിവരോട് കാമറ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഈ സമയം ഇടപെട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇതില്‍ പ്രതിഷേധിച്ചു. രാജ്നാഥ് സിങ് എത്തുന്നത് കാമറയില്‍ പകര്‍ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും പാക് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇത് ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിനിടയാക്കി.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദൃശ്യം പകര്‍ത്താനാകാത്തവിധം മുന്നില്‍ നില്‍ക്കാന്‍ പാക് ഉദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് നിരവധി പേര്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലായി നിന്നു. അതിനാല്‍, രാജ്നാഥ് സിങ് പാക് ആഭ്യന്തരമന്ത്രിയുടെ കൈയില്‍ സ്പര്‍ശിച്ചത് പകര്‍ത്താനായില്ല.
സമ്മേളനം നടക്കുന്നതിനിടെ ന്യൂഡല്‍ഹിയിലേക്ക് ഫോണ്‍ ചെയ്യാന്‍ രാജ്നാഥ് സിങ് എട്ടു തവണ വാഷ്റൂമിലേക്ക് പോയെന്നും പ്രാദേശിക മാധ്യമങ്ങള്‍ വഴി പാക് ഉദ്യോഗസ്ഥര്‍ പ്രചരിപ്പിച്ചു. എന്നാല്‍, വാഷ് റൂം സമ്മേളന ഹാളിന് പുറത്താണെന്നും രണ്ടു തവണ മാത്രമാണ് രാജ്നാഥ് സിങ് അവിടെ പോയതെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.