കശ്മീര്‍: ചര്‍ച്ചകള്‍ തുടങ്ങിവെക്കണമെന്ന് കേന്ദ്രത്തോട് മഹ്ബൂബ മുഫ്തി

ന്യൂഡല്‍ഹി: സംഘര്‍ഷത്തിന് അയവില്ലാതെ കശ്മീര്‍ താഴ്വരയില്‍ ജനജീവിതം 31 ദിവസമായി സ്തംഭിച്ചുനില്‍ക്കേ, ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രത്തിന് കടുത്ത വിമര്‍ശം. കേന്ദ്ര ഇടപെടല്‍ അഭ്യര്‍ഥിച്ച് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ഡല്‍ഹില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിന് സമ്മര്‍ദം മുറുക്കി.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കശ്മീര്‍ താഴ്വര സന്ദര്‍ശിച്ച് മടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രശ്നപരിഹാരത്തിന് സംഭാഷണത്തിന്‍െറ വഴി സ്വീകരിക്കാത്തതാണ് വിമര്‍ശം ഉയര്‍ത്തുന്നത്. ഇത്രയും ദീര്‍ഘിച്ച കര്‍ഫ്യൂ സ്വതന്ത്ര ഇന്ത്യയുടെ ഒരു ഭാഗത്തും ഒരു കാലത്തും ഉണ്ടായിട്ടില്ല. ഇന്നലെയും സൈന്യത്തിന്‍െറ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടതോടെ മരണസംഖ്യ 55 ആയി.

ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനത്തിലാണ്. സര്‍വകക്ഷി സംഘത്തെ അയച്ച് വിവിധ ജനവിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയും സാന്ത്വന സ്പര്‍ശം നല്‍കാന്‍ ശ്രമിക്കുകയും വേണമെന്ന ആവശ്യം വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നു. കോണ്‍ഗ്രസ്, സി.പി.എം, ജനതാദള്‍-യു, സി.പി.ഐ,  സമാജ്വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ ഈ ആവശ്യം തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ ഉന്നയിച്ചു.

ജമ്മു-കശ്മീര്‍ ജനതയുടെ പ്രശ്നങ്ങളെക്കുറിച്ച് സംഭാഷണം തുടങ്ങിവെക്കാനുള്ള അവസരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വേള ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി, ആഭ്യന്തരമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി വാര്‍ത്താലേഖകരോട് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടുന്നതിന് ഇത്തരത്തിലൊരു നീക്കം ആവശ്യമാണ്. വാജ്പേയി സര്‍ക്കാറിന്‍െറ കാലത്തും അത് ഉണ്ടായിട്ടുണ്ട് -മഹ്ബൂബ പറഞ്ഞു.
കശ്മീര്‍ ജനതയുമായുള്ള സംഭാഷണപ്രക്രിയ താഴ്വരയിലെ സ്ഥിതി മെച്ചപ്പെടുത്തും. ജനമനസ്സിനെ സാന്ത്വനപ്പെടുത്തേണ്ടതുണ്ടെന്ന് താന്‍ കരുതുന്നു. അവര്‍ നമ്മുടെ ജനങ്ങളാണ്. ജമ്മു-കശ്മീര്‍ ജനതയുമായുള്ള സംഭാഷണ പ്രക്രിയ താഴ്വരയിലെ സ്ഥിതി മെച്ചപ്പെടുത്തുമെങ്കില്‍, നാം അതു ചെയ്യണം. ശരിയായ വിധത്തിലുള്ള സംഭാഷണ പ്രക്രിയ നടന്നാല്‍ ജമ്മു-കശ്മീര്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ ഒരു പാലമായി തീരുമെന്നും മഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

ഉദാസീന സമീപനം മുഖ്യമന്ത്രി ഉപേക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.